- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കടത്തിന് പോയാൽ മഹല്ലിന് പുറത്ത്; ലഹരിക്കടത്തിന് കടിഞ്ഞാണിടാൻ കാസർകോട് പടന്നക്കാട് മുസ്ലിം ജമാഅത്ത് കമ്മറ്റി;കേസിൽ പെടുന്നവരുടെ വിവാഹവുമായി സഹകരിക്കില്ല;യുവാക്കൾ രാത്രി പത്തിന് ശേഷം കൂട്ടംകൂടരുതെന്നും മഹല്ല് കമ്മിറ്റിയുടെ മുന്നറിയിപ്പ്; തീരുമാനം പ്രദേശത്ത് മയക്കുമരുന്ന് കേസുകൾ വർധിക്കുന്നതിനാൽ
കാസർകോട്: ലഹരിക്കടത്തിൽ പിടിക്കപ്പെടുന്നവർക്കെതിരെ കർശന നടപടിയുമായി മുസ്ലിം ജമാഅത് കമിറ്റി. ഇത്തരക്കാരെ മഹല്ലിൽ നിന്ന് പുറത്താക്കാനാണ് കാസർകോട് പടന്നക്കാട് മുസ്ലിം ജമാഅത് കമിറ്റിയുടെ തീരുമാനം.ലഹരി ഇടപാടുമായി ബന്ധമുള്ളവരെ മഹല്ലിലെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മാറ്റിനിർത്തും. ബഹിഷ്‌കരണം നേരിടുന്നവരെ വിവാഹ കാര്യങ്ങൾ ഉൾപെടെ മഹല്ലിന്റെ പിന്തുണ ഉണ്ടാവില്ലെന്നാണ് മുന്നറിയിപ്പ്
ലഹരിക്കടത്തിൽ പിടിക്കപ്പെടുന്ന യുവാക്കളെ മഹല്ലിൽ നിന്ന് പുറത്താക്കുമെന്ന് പടന്നക്കാട് അൻസാറുൽ ഇസ്ലാം ജമാഅത്ത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്നും ജമാഅത്ത് മുന്നറിപ്പ് നൽകുന്നു.
ഇതിന് മുൻപും ഇത്തരത്തിൽ തീരുമാനവുമായി മഹല്ല് കമ്മിറ്റി രംഗത്തുവന്നിരുന്നു. 2018 മാർച്ച് 28 രണ്ട് വ്യക്തികൾക്കെതിരെ നടപടിയെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഐകകണ്ഠ്യേന നടപടിയെടുക്കുകയായിരുന്നുവെന്നും പടന്നക്കാട് അൻസാറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സിഎംഅബൂബക്കർ പറഞ്ഞു.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരാളും മഹല്ല് കമ്മിറ്റിയിൽ പാടില്ലെന്നാണ് തീരുമാനം. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്. അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കിൽഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. വധുവിന്റെ വീട്ടുകാർക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. മഹല്ലിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും എല്ലാ പരിപാടികളിൽനിന്നും മാറ്റിനിർത്തുകയും ചെയ്യും. ഇത്തരം വ്യക്തികൾ മരിച്ചാൽ ഖബറടക്കത്തിനുശേഷമുള്ള ചടങ്ങുകളിൽനിന്നും വിട്ടുനിൽക്കും.
യുവാക്കൾ രാത്രി പത്തിനുശേഷം അകാരണമായി ടൗണുകളിൽ കൂട്ടംകൂടി നിൽക്കുന്നതും വിലക്കി. കുട്ടികൾ രാത്രി വീട്ടിൽ തിരിച്ചെത്തുന്നതും വൈകിയെത്തുന്നതുമെല്ലാം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മഹല്ല് കമ്മിറ്റി നിർദ്ദേശിച്ചു. മഹല്ല് കമ്മിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ സംഘടനകൾ രംഗത്തുവന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി നേരിട്ടെത്തി കമ്മിറ്റിയംഗങ്ങളെ അനുമോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ