- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ ബസും ഓട്ടോയും ഇടിച്ച് അപകടം ഉണ്ടായപ്പോൾ കൈയ്മെയ് മറന്ന് കാസർകോട്ടുകാർ; പൊലീസിനൊപ്പം കൈകോർത്ത് ആരോഗ്യവകുപ്പും, രാത്രി പോസ്റ്റ്മോർട്ടത്തിനായി പോരാടി വിജയിച്ച എൻ എ നെല്ലിക്കുന്നും; ദുരന്തത്തിൽ ആശ്വാസം പകർന്നത് ഇവർ
കാസർകോട്: അപ്രതീക്ഷിത ദുരന്തത്തിൽ ചിതറിയപ്പോയ ശരീരങ്ങൾ കണ്ട് നാട് നെടുങ്ങിയ നിമിഷങ്ങൾ. ഒന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള സമയം പോലും കിട്ടിയില്ല. തുടർന്നങ്ങോട്ട് കാസർകോട് കണ്ടത് കയ്യും മെയ്യും മറന്ന് പ്രവർത്തിക്കുന്ന ജനക്കൂട്ടത്തെയാണ്. ബദിയഡുക്ക പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ച ദുരന്തത്തിൽ അധികൃതരും നേതാക്കളും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും എല്ലാവരും ഒരുപോലെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തി തുടർ നടപടികൾ ആരംഭിച്ചു
മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട കടവത്ത്, മൊഗർ സ്വദേശികളായ നാലു പേരും രണ്ടാം വാർഡിലെ ബെള്ളൂരിലെ ഒരാളുമാണ് അപകടത്തിൽ മരിച്ചവർ. കാസർകോട് ഡി വൈ എസ് പി പി സുധാകരൻ, സി ഐ പി അജിത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രാത്രി എട്ടരയക്ക് തുടങ്ങിയ ഇൻക്വസ്റ്റ് നടപടികൾ ഒരു മണിവരെ നീണ്ടു. കാസർകോട് വനിത സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.ലീല, എസ്ഐമാരായ കെ.പി.വിനോദ്കുമാർ, വി.കെ.പ്രശാന്ത്, പി.പി.അഖിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ബിന്ദു, സിവിൽ പൊലീസ് ഓഫിസർമാരായ ടി.പ്രസീത, കെ.ശ്രുതി, സി.സോണിയ എന്നിവരായിരുന്നു മൃതദേഹ പരിശോധന നടത്തിയത്. രാത്രി ഒരു മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു കൈമാറുമ്പോഴേക്കും പുലർച്ചെ മൂന്നുമണിയായിരുന്നു. തുടർന്നു അന്ത്യകർമങ്ങൾക്കായി കാസർകോട് മാലിക്ദീനാർ വലിയ ജുമാമസ്ജിദ് പള്ളിയിലെത്തിച്ചതിനു ശേഷം നാലോടെ വീടുകളിലേക്ക് കൊണ്ടു പോയി.
വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഈ സമയം വരെ ആശുപത്രികളിലും പള്ളികളിലുമായി ഉണ്ടായിരുന്നു. അഞ്ചു പേരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിക്കുമ്പോഴേക്കും ഒരു നോക്കു കാണുവാനായി വീടുകളിലും പരിസരത്തുമായി ഉറക്കമൊഴിച്ച് നൂറുകണക്കിനാളുകൾ കാത്തിരിക്കുകയായിരുന്നു. മരിച്ചവരിൽ ചിലരുടെ മക്കളും മരുമക്കളും ഉൾപ്പെടെ ഗൾഫിലുള്ള ബന്ധുക്കൾ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു.
മരണത്തിൽ ആദരസൂചകമായി മൊഗ്രാൽപുത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിനു ഇന്നലെ അവധി നൽകിയിരുന്നു. ടൗണിൽ ഹർത്താൽ ആചരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ മൊഗറിലെ താമസക്കാരനായ എ.എസ്.അബ്ദുൽറൗഫിന്റെ മയ്യത്ത് മൊഗർ പള്ളിയിലെ പ്രാർത്ഥനയ്ക്കു ശേഷം തായലങ്ങാടി ഖിളർ ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കി. ഷേയ്ഖലിയുടെ ഭാര്യ ബീഫാത്തിമയുടെ മയ്യത്ത് കോട്ടക്കുന്ന് ജുമാമസ്ജിദിലും സഹോദരിമാരായ ബീഫാത്തിമയുടെ മൊഗർ പള്ളിയിലും ഉമ്മാലിമ്മയുടെ മൊഗ്രാൽപുത്തൂർ ജുമാസ്ജിദിലും നബീസയുടെ ബെള്ളൂർ പള്ളിയിലുമാണ് മയ്യത്ത് കബറടക്കിയത്.
അതെ സമയം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം രാത്രിയിൽ തന്നെ പൂർത്തിയാക്കി ബന്ധുക്കൾക്കു രാത്രി തന്നെ കൈമാറുന്നതിനു തുണയായത് കാസർകോട് മണ്ഡലം എം എൽ എ എൻ എ നെല്ലിക്കുന്ന് വർഷങ്ങളോളം നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് . മുൻകാലങ്ങളിൽ വൈകിട്ട് 4 മണിക്കു ശേഷം ആശുപത്രികളിലെത്തുന്ന മൃതദേഹം അതേ ദിവസം പോസ്റ്റ്മോർട്ടം ചെയ്യുമായിരുന്നില്ല. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഒട്ടേറെ തവണ ഈ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2015 ഒക്ടോബർ 26 ന് സംസ്ഥാനത്തെ 5 മെഡിക്കൽ കോളജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്തണമെന്നു സർക്കാർ ഉത്തരവിട്ടു.
ഇതിനെതിരെ ഡോക്ടർമാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചങ്കിലും കോടതി വിധി ഇവർക്ക് അനൂകലമായില്ല . ഒടുവിൽ 2021ഡിസംബർ 16നു കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം നടത്തണമെന്നും ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു . ജനറൽ ആശുപത്രിയിലെ ഫൊറൻസിക് സർജൻ ഡോ.അംജിത്ത് ഇ.കുട്ടി, ആരോഗ്യവകുപ്പ് ജീവനക്കാരായ എ.രവീന്ദ്രൻ, വി എസ്.ക്രിസ്റ്റഫർ, ബി.ബിപിൻരാജ്, വിജയദാസ് എന്നിവർ ചേർന്നാണു പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത് . മാത്രമല്ല മൃതദേഹം അവിടെ നിന്ന് മാറ്റുന്നത് വരെ ഇവർ ആധാരസൂചകമായി അവിടെ തന്നെ തുടരുകയും ചെയ്തു. ചാരിറ്റി വോളന്റീയർമാരായ അഷ്റഫ് എടനീർ മുഹമ്മദ് കുഞ്ഞി താലങ്ങാടി ഖലീൽ കൊല്ലമ്പാടി മാഹിൻ കുന്നിൽ തുടങ്ങിയവർ മോർചറിയിൽ അവസാന നിമിഷം വരെ പ്രവർത്തനം ഏകോപിച്ചു തുടർന്നിരുന്നു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്