- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം നടന്ന രാത്രിയില്‍ കാഷ് പട്ടേല്‍ എവിടെയായിരുന്നു? ന്യൂയോര്‍ക്കിലെ റസ്റ്റോറന്റില്‍ അത്താഴം കഴിക്കുന്നതിനിടെ പ്രതി പിടിയിലായെന്ന് തെറ്റായി പ്രഖ്യാപിച്ചു; പട്ടേലിന്റെ മുന്‍കാല പ്രകടനത്തില്‍ ട്രംപിന് അതൃപ്തിയെന്ന് സൂചന; എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇന്ത്യന്‍ വംശജന് തെറിക്കുമോ?
കാഷ് പട്ടേലിനെ പുറത്താക്കുമോ?
വാഷിങ്ടണ്‍: വലതുപക്ഷപ്രവര്‍ത്തകനും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്തയാളുമായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെത്തുടര്‍ന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിനെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായി അഭ്യൂഹങ്ങള്‍. ഫോക്സ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചാര്‍ളി കിര്‍ക്കിന്റെ കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ കാഷ് പട്ടേലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വൈറ്റ് ഹൗസ് ഗൗരവമായി കാണുന്നു. കിര്‍ക്ക് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം, പ്രതി പിടിയിലായതായി കാഷ് പട്ടേല്‍ ഓണ്‍ലൈനില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അപ്പോള്‍ പ്രതി കസ്റ്റഡിയില്‍ ആയിരുന്നില്ല. അതിനിടെ, കസ്റ്റഡിയിലെടുത്തിരുന്ന രണ്ടുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. യഥാര്‍ത്ഥ പ്രതി അപ്പോഴും ഒളിവിലാണെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുകയും ചെയ്തു.
കിര്‍ക്കിന്റെ കൊലപാതകം നടന്ന രാത്രിയില്‍ കാഷ് പട്ടേല്‍ എവിടെയായിരുന്നു എന്നതിനെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെ റാവോസ് റെസ്റ്റോറന്റില്‍ അത്താഴം കഴിക്കുകയായിരുന്നുവെന്നും, അവിടെവെച്ചാണ് പ്രതി പിടിയിലായതായി പട്ടേല്‍ തെറ്റായി പ്രഖ്യാപിച്ചതെന്നും എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥ പ്രതിയുടെ ചിത്രം ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് കാണിച്ചില്ലെന്നും, തന്നെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ആരോപിച്ച് പട്ടേല്‍ എഫ്ബിഐ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ സംഭവങ്ങള്‍ക്കിടെ, തങ്ങളെ നിയമവിരുദ്ധമായി പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് മൂന്ന് മുന്‍ ഉന്നത എഫ്ബിഐ ഉദ്യോഗസ്ഥര്‍ പട്ടേലിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പ്രസിഡന്റിന് മാത്രമുള്ള അധികാരം പട്ടേല്‍ ദുരുപയോഗം ചെയ്തതായാണ് അവരുടെ ആരോപണം.
പട്ടേലില്‍ വൈറ്റ് ഹൗസിന് വിശ്വാസം നഷ്ടപ്പെട്ടോ?
എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ പ്രവര്‍ത്തനങ്ങളില്‍ വൈറ്റ് ഹൗസിന് വിശ്വാസമില്ലെന്നും, പകരം ചുമതല നിര്‍വഹിക്കാന്‍ സാധ്യതയുള്ള വ്യക്തികള്‍ക്കായി അന്വേഷണം തുടങ്ങിയെന്നാണ് സൂചന. ഡോണാള്‍ഡ് ട്രംപ് അനുകൂലികളായ പത്തോളം പേരെ ഉദ്ധരിച്ചാണ് ഫോക്‌സ് ന്യൂസ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഒരുകാലത്ത് എഫ്ബിഐ തലപ്പത്തേക്ക് ട്രംപ് നോക്കി വച്ചിരുന്ന മുന്‍ മിസോറി അറ്റോര്‍ണി ജനറല്‍ ആന്‍ഡ്രൂ ബെയ്‌ലിയെ എഫ്ബിഐയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോംഗിനോയ്‌ക്കൊപ്പം എഫ്ബിഐയില്‍ പുതിയ തസ്തികയില്‍ നിയമിക്കുന്നതായും സൂചനയുണ്ട്. ഇതോടെയാണ് കാഷ് പട്ടേലിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടേറിയത്. എഫ്ബിഐയിലെ രണ്ട് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ബെയ്‌ലിക്കായി ഒരു പ്രത്യേക ഓഫീസ് രൂപീകരിക്കുന്നതിനുള്ള കാരണം വൈറ്റ് ഹൗസ് വിശദീകരിച്ചിട്ടില്ല.
'വൈറ്റ് ഹൗസിനും, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്കും, ടോഡ് ബ്ലാഞ്ചിനും കാഷില്‍ വിശ്വാസമില്ല. പ്രത്യേകിച്ച് പാമിന് അദ്ദേഹത്തെ തീരെ സഹിക്കുന്നില്ല. ബ്ലാഞ്ചിനും ഇത് ബാധകമാണ്,' സ്രോതസിനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും ഡയറക്ടര്‍ കാഷ് പട്ടേലിനെ മാറ്റാന്‍ യാതൊരു നീക്കവുമില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 1998-ലെ ഫെഡറല്‍ വേക്കന്‍സീസ് റിഫോം ആക്ട് പ്രകാരം, സെപ്തംബര്‍ 15-ന് ബ്യൂറോയില്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന ബെയ്‌ലി, എഫ്ബിഐ ഡയറക്ടര്‍ സ്ഥാനം ഒഴിവുവരികയാണെങ്കില്‍, 90 ദിവസത്തെ സേവനത്തിനു ശേഷം ആ സ്ഥാനത്തേക്ക് വരാന്‍ യോഗ്യത നേടും.
പട്ടേലിനെ പുറത്താക്കില്ലെന്നും പകരം മറ്റൊരു ഉന്നത സ്ഥാനത്തേക്ക് അദ്ദേഹത്തെ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. യുഎസ് പ്രസിഡന്റ് പട്ടേലിന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്നും സൂചനയുണ്ട്. ജെഫ്രി എപ്സ്റ്റീന്‍ കേസ് സംബന്ധിച്ച തര്‍ക്കങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, ചാര്‍ളി കിര്‍ക്കിന്റെ വധശ്രമക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ പെട്ടെന്ന് കണ്ടെത്താനും പിടികൂടാനും സാധിച്ചതില്‍ എഫ്ബിഐയുടെ പ്രവര്‍ത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചിരുന്നു