തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യാൻ കോളേജിലെ ആൾമാറാട്ട വിവാദത്തെ തുടർന്ന് കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സർവകലാശാല യൂണിയൻ സെനറ്റ്, സ്റ്റുഡന്റ് കൗൺസിൽ എന്നീ തിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച അനഘ എന്ന വിദ്യാർത്ഥിനിക്ക് പകരം തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത സംഘടനാ നേതാവായ എ വിശാഖിന്റെ പേര് ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്.

സംഭവത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പലിനെ വൈസ് ചാൻസലർ വിളിച്ചുവരുത്തി. മുഴുവൻ രേഖകളുമായി ഹാജരാൻ ആവശ്യപ്പെട്ടതിന് പുറമേ സർവകലാശാല അന്വേഷണം തുടങ്ങി. പ്രിൻസിപ്പലിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. വിഷയം ചർച്ച ചെയ്യാൻ 20ന് സിൻഡിക്കേറ്റ് യോഗം ചേരും. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്ന് അധികൃതർ പറഞ്ഞു. സിപിഎമ്മും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോവളം ഏരിയ സെക്രട്ടറിയാണ് വിഷയം അന്വേഷിക്കുന്നത്. വിവാദമായതോടെ പട്ടികയിൽ നിന്ന് എസ്എഫ്‌ഐ നേതാവിന്റെ പേര് കോളജ് അധികൃതർ പിൻവലിച്ച് പുതിയ പട്ടിക യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്ക് കൈമാറി.

അതേസമയം, സിപിഎം-കോൺഗ്രസ് ഒത്തുകളിയാണെന്ന് ബിജെപി ആരോപിച്ചു. സിപിഐഎം ഉന്നത നേതൃത്വത്തിന്റെ ശുപാർശയിൽ നടന്ന ഈ നാടകത്തിന് ചുക്കാൻ പിടിച്ചത് കോൺഗ്രസ് നേതാക്കളാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.ഇടത് വലത് മുന്നണി കാലങ്ങളായി കേരളത്തിലാകെ നടത്തുന്ന പൊറാട്ട് നാടകത്തിന്റെ മറ്റൊരുപതിപ്പാണിത്. കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനയായ കെപിസിടിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ: ഷൈജു ജി.ജെ. പ്രിൻസിപ്പാൾ ആയിട്ടുള്ള കോളജിൽ എസ്എഫ്ഐക്ക് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനാക്കുവാൻ ആൾമാറാട്ടം നടത്തി യുയുസിയെ തന്നെ മാറ്റികൊടുത്തു.

ഇതേ പ്രിൻസിപ്പൽ കെപിസിടിഎ കേരള സെനറ്റ് സ്ഥാനാർത്ഥികൂടിയാണ്. യു.യു.സി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി രാജിവച്ചാൽ പോലും തോന്നിയ പോലെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഡോ.ഷൈജു വിഡി സതീശന്റെ അനുയായി ആണെന്നും എസ്എഫ്‌ഐക്ക് ആൾമാറാട്ടം നടത്താൻ ഈ പ്രിൻസിപ്പൽ നൽകിയ സഹായം പ്രതിപക്ഷ നേതാവിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ എന്ന് അന്വേഷിക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

സന്ദീപ് വാര്യരുടെ പോസ്റ്റ്:

കാട്ടാക്കട കോളേജിലെ ആൾമാറാട്ട കേസിൽ എസ്എഫ്‌ഐയെ സഹായിച്ച പ്രിൻസിപ്പൽ ഡോ. ഷൈജു കോൺഗ്രസ്സ് അദ്ധ്യാപക സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. ഇന്ദിരാ ഭവനിൽ നിത്യ സന്ദർശകനും വിഡി സതീശന്റെ അനുയായിയുമാണ് . എസ്എഫ്‌ഐക്ക് ആൾമാറാട്ടം നടത്താൻ ഈ പ്രിൻസിപ്പൽ നൽകിയ സഹായം പ്രതിപക്ഷ നേതാവിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ എന്ന് അന്വേഷിക്കണം. എസ്എഫ്‌ഐക്ക് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ ആകുവാൻ പറ്റിയ ആളില്ലാത്തതു കൊണ്ട് സിപിഎം കോൺഗ്രസ്സ് നേതൃത്വങ്ങൾ ഒത്തുകളിച്ച് നടത്തിയ അഡ്ജസ്റ്റ്‌മെന്റാണ് കാട്ടാക്കടയിൽ നടന്നത്

അതേസമയം, കോളജ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിന്നും യൂണിവേഴ്‌സിറ്റി കൗൺസിലറായി ജയിച്ച എസ്.എഫ്.ഐ പ്രതിനിധി അനഘയ്ക്ക് പകരം വിദ്യാർത്ഥി നേതാവായ വിശാഖിന്റെ പേരാണ് കോളജ് അധികൃതർ സർവകലാശാലയിലേക്ക് നൽകിയത്. അനഘ യൂണിയൻ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവച്ചതിനെ തുടർന്നാണ് വിശാഖിനെ നിർദ്ദേശിച്ചതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. മൽസരിക്കാത്ത വിശാഖിനെ പ്രതിനിധിയാക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് കെ.എസ്.യു അടക്കമുള്ളവർ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി സർവകലാശാലയ്ക്ക് പരാതി നൽകി.

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം തിരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യാത്ത സംഘടനാനേതാവായ ആൺകുട്ടിയെയാണ് സർവകലാശാലാ യൂണിയനിലേക്ക് എത്തിക്കാൻ എസ്എഫ്‌ഐ ശ്രമിച്ചിരിക്കുന്നത്.

ഡിസംബർ 12-ന് നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിൽ നിന്ന് ജയിച്ച അനഘ എന്ന വിദ്യാർത്ഥിക്ക് പകരം കോളേജിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർത്ഥി എ.വിശാഖിന്റെ പേരാണ് സർവകലാശാലയിലേക്ക് നൽകിയ യുയുസിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമൽ എന്നിവരാണ് യുയുസികളായി ജയിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിട്ടില്ല.

വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. 26-ന് ആണ് സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുയുസികളിൽ നിന്നാണ് സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.

എന്തായാലും ആൾമാറാട്ടത്തിലൂടെയും ജനാധിപത്യം പൂത്തുലയുന്ന കാഴ്‌ച്ച കണ്ട് എല്ലാവരും ഞെട്ടിയിരിക്കയാണ്. സിപിഎമ്മിലെയും എസ്എഫ്ഐയിലെയും ചില നേതാക്കളുടെ സമ്മർദത്തിന്റെ ഫലമായാണു ക്രമക്കേടു നടത്തിയതെന്നാണു പുറത്തുവരുന്ന സൂചന. നേരത്തെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി പിരിച്ചുവിടാനുള്ള സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശം നടപ്പാക്കാതെ സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം കുട്ടിസഖാക്കളെ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. നേതാക്കളുടെ വഴിവിട്ട പോക്കിനെതിരെ പാർട്ടിക്ക് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ നിർദ്ദേശം നൽകിയത്. എന്നാൽ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചത്.