- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളരെ ഞെട്ടലുണ്ടാക്കിയ സംഭവത്തിൽ ഏറെ വേദന തോന്നി; മനസിനെ നോവിക്കുന്ന വീഡിയോ കണ്ടതോടെ തീരുമാനിച്ചു, ഇനി കൈ കൊടുക്കാൻ ഞങ്ങളില്ല; കാട്ടാക്കടയിൽ മകളുടെ മുമ്പിൽ വച്ച് അച്ഛനെ ജീവനക്കാർ മർദ്ദിച്ച സംഭവത്തോടെ കെ എസ് ആർ ടി സിക്ക് നൽകിയ പരസ്യം പിൻവലിച്ച് ജൂവലറി ഗ്രൂപ്പ്; 'അച്ചായൻസ്' രേഷ്മയ്ക്ക് യാത്രാ സഹായവും നൽകും
തിരുവനന്തപുരം: മകൾക്ക് വേണ്ടി ബസ് കൺസഷൻ പുതുക്കാനെത്തിയ പിതാവിനെ കാട്ടാക്കട ഡിപ്പോയിൽ കെ എസ് ആർ ടി സി ജീവനക്കാർ മർദ്ദിച്ച സംഭവം കോർപറേഷന് വലിയ നാണക്കേടാണ് വരുത്തി വച്ചത്. സംഭവത്തിൽ, എംഡി ബിജു പ്രഭാകർ മാപ്പ് പറഞ്ഞെങ്കിലും, ജീവനക്കാരുടെ ക്രൂരകൃത്യം വരുത്തി വച്ച നാണക്കേട് ചെറുതല്ല. സോഷ്യൽ മീഡിയയിലും മറ്റും കെ എസ് ആർ ടി സിക്ക് എതിരായ വികാരം രൂപപ്പെടാൻ ഇതിടയാക്കി. പ്രതിസന്ധിയിലായ കോർപറേഷന് ഇതൊന്നും താങ്ങാവുന്ന കാര്യമല്ല. ഇപ്പോഴിതാ ഇടി വെട്ടിയവനെ പാമ്പുകടിച്ചെന്ന് പറയും പോലെ, കെഎസ്ആർടിസിക്ക് നൽകിയിരുന്ന പരസ്യം കോട്ടയത്തെ ജൂവലറി ഗ്രൂപ്പ് പിൻവലിച്ചു.
ഇക്കഴിഞ്ഞ ആറ് മാസമായി കെഎസ്ആർടിസിക്ക് നൽകിവരുന്ന അഞ്ച് ലക്ഷം രൂപയുടെ പരസ്യകരാറിൽ നിന്നാണ് 'അച്ചായൻസ്' ജൂവലറി പിന്മാറിയത്. ബസ് കൺസഷൻ പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിൽവെച്ച് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് നടപടി.
'സംഭവത്തിന്റെ വീഡിയോ കണ്ടപ്പോൾ ദുഃഖം തോന്നി. നാളെ ആർക്കും ഈ അവസ്ഥ വരാം. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശം ഇല്ലെന്നും അച്ചായൻസ് എം ഡി ടോണി വർക്കിച്ചൻ പറഞ്ഞു. കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഘട്ടത്തിലാണ് 'അച്ചായൻസ്' കെഎസ്ആർടിസിക്ക് പരസ്യം നൽകി തുടങ്ങിയത്. കെഎസ്ആർടിസി ജീവനക്കാരുടെ പ്രവർത്തിയെ ആരും ഗൗരവത്തോടെ സമീപിച്ചില്ലെന്ന് ജനറൽ മാനേജർ സുനിലും വിമർശിച്ചു. കേസ് നടത്താൻ കുടുംബത്തിന് നിയമസഹായം നൽകാനും ജൂവലറി ഗ്രൂപ്പ് തയ്യാറാണ്.
വളരെ ഞെട്ടലുണ്ടാക്കിയ സംഭവത്തിൽ ഏറെ വേദനയുണ്ടായി എന്ന് അച്ചായൻസ് ഗോൾഡ് മാനേജർ ഷിനിൽ കുര്യൻ പറഞ്ഞു. മനസിനെ നോവിക്കുന്ന വീഡിയോ കണ്ടതോടെയാണ് ജൂവലറിയുടെ ഭാഗത്തുനിന്നും കെഎസ്ആർടിസിയെ ഒഴിവാക്കുന്ന തീരുമാനം ഞങ്ങളുടെ എം.ഡി ടോണി എടുത്തത്. ജനങ്ങൾക്കൊപ്പം നിൽക്കുക എന്നുള്ളതാണ് അച്ചായൻസിന്റെ രീതി. മാത്രമല്ല കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന തുകയുടെ ഒരു ഭാഗം ജീവനക്കാരുടെ മർദ്ദനമേറ്റ പെൺകുട്ടിയുടെ കുടുംബത്തിനു നൽകുവാനും ജൂവലറി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. നാലുവർഷത്തെ യാത്ര സൗകര്യത്തിനുള്ള തുക എന്ന നിലയിലാണ് ഇതു നൽകുന്നത്. അച്ചായൻസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ടോണി വർക്കിച്ചൻ തുക ഇന്ന് കുട്ടിയുടെ വീട്ടിലെത്തി കൈമാറുമെന്നും ഷിനിൽ കുര്യൻ അറിയിച്ചു
20 ബസുകളിൽ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 1,80,000 രൂപയാണ് അച്ചായൻസ് ഗ്രൂപ്പ് കെഎസ്ആർടിസിക്ക് നൽകി വന്നത്. കഴിഞ്ഞ ആറുമാസമായി ഇത് തുടരുന്നു. മൂന്ന് മാസത്തെ കരാർ പുതുക്കേണ്ട സമയം ഇപ്പോഴായിരുന്നു. ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ കരാർ ഇനി പുതുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. കെഎസ്ആർടിസി നന്നാകുന്ന സൂചനകൾ ലഭിച്ചു തുടങ്ങിയാൽ പരസ്യം നൽകുന്ന കാര്യം വീണ്ടും ആലോചിക്കാമെന്നും ഷിനിൽ കുര്യൻ വ്യക്തമാക്കി.
മകളുടെ ബസ് കൺസഷൻ പുതുക്കാനെത്തിയ ആമച്ചൽ സ്വദേശി പ്രേമനെയാണ് കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി ഡിപ്പോ ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മർദ്ദനമേറ്റ മകൾ രേഷ്മയുടേയും സുഹൃത്ത് അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.
സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസി ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റിൽ കൺസഷൻ പുതുക്കാനായി എത്തിയ വിദ്യാർത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്. സംഭവത്തിൽ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് താൻ മാപ്പ് ചോദിക്കുന്നതായും ബിജു പ്രഭാകർ അറിയിച്ചു.
വിദ്യാർത്ഥികൾക്കുള്ള കൺസഷനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് കലാശിച്ചത്. കൺസഷൻ നൽകാത്തതിന്റെ കാരണം തേടിയ പ്രേമനോട് ജീവനക്കാർ കയർക്കുകയും തർക്കിച്ചപ്പോൾ മർദിക്കുകയുമായിരുന്നു. താൻ ഒരു പെൺകുട്ടിയാണെന്ന് പോലും നോക്കാതെ സെക്യൂരിറ്റി ജീവനക്കാർ തന്നെ പിടിച്ച് തള്ളി. വയ്യാതാവുന്നത് വരെ അച്ഛനെ തല്ലിയെന്നും മകളായ രേഷ്മ പറഞ്ഞു. അച്ഛനും ജീവനക്കാരും തമ്മിലുള്ള തർക്കം കേട്ടാണ് സ്ഥലത്തേക്ക് ചെന്നത്. അച്ഛനെ ജീവനക്കാർ പിടിച്ചു തള്ളിയ ശേഷം അടിക്കുകയായിരുന്നു.
പിടിച്ചു മാറ്റാനെത്തിയ തന്നെയും തള്ളിമാറ്റി. തന്റെ കൈ തട്ടിമാറ്റി ബലം പ്രയോഗിച്ച് അടുത്തുള്ള മുറിയിലേക്ക് അച്ഛനെ വലിച്ചിഴച്ച് കൊണ്ടുപോയി. അടിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല. വയ്യാതായപ്പോഴാണ് അവർ നിർത്തിയതെന്നും രേഷ്മ പറഞ്ഞു.
അച്ഛനെ മർദ്ദിച്ചപ്പോൾ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ല. തുടർന്ന് കൂടെയുണ്ടായിരുന്ന കൂട്ടുകാരിയുമായി പോയാണ് പൊലീസ് സ്റ്റേഷനിൽ വിവരം പറഞ്ഞത്. പൊലീസ് ഉടനെ തന്നെ സ്ഥലത്തെത്തി. ആശുപത്രിയിലേക്ക് പോകാൻ ഓട്ടോറിക്ഷ വിളിച്ചതും പൊലീസാണെന്നും രേഷ്മ പറഞ്ഞു. സംഭവത്തിൽ റിപ്പോർട്ട് തേടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും ആന്റണി രാജു അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ