തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദിച്ച കേസിൽ ആദ്യ അറസ്റ്റ്. സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷാണ് അറസ്റ്റിലായത്. തിരുമല ചാടിയറയിൽ നിന്നാണ് കാട്ടാക്കട ഡിവൈഎസ്‌പിയുടെ ഷാഡാ സംഘം സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

കെഎസ്ആർടിസി ജീവനക്കാർക്ക് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കേസിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റന്റ് മിലിൻ ഡോറിച്ച് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

തെളിവായി സമർപ്പിച്ച ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. അക്രമം നടന്ന് പന്ത്രണ്ട് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഒളിവിലുള്ള പ്രതികൾ കീഴടങ്ങിയേക്കുമെന്ന സൂചനയെ തുടർന്ന് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം എത്തിയിരുന്നു.

കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ തെരച്ചിൽ ശക്തമാക്കാൻ കാട്ടാക്കട പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. നേരത്തെ കീഴടങ്ങാനുള്ള സംഘടനാ നിർദ്ദേശം അവഗണിച്ച പ്രതികൾ ഇനിയെന്ത് തീരുമാനിക്കാൻ നേതൃത്വത്തിന്റെ സഹായം തേടിയതായാണ് സൂചന.

പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനാണ് മകൾ രേഷ്മയുടെ മുന്നിൽവച്ച് മർദനമേറ്റത്. മുൻകൂർ ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, അസിസ്റ്റന്റ് സി.പി.മിലൻ എന്നിവരാണ് മറ്റു പ്രതികൾ. ഇവർ വിവിധ യൂണിയനുകളിൽ അംഗങ്ങളും നേതാക്കളുമാണ്.

ഈ മാസം 20 ന് കൺസെഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെ എസ് ആർ ടി സി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദ്ദിച്ചത്. സംഭവത്തിന്റെ വിഡിയോ പുറത്തു വരികയും വലിയ ചർച്ചയാകുകയും ചെയ്തതോടെ കെഎസ്ആർടിസി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എംഡി പരസ്യമായി മാപ്പു പറയുകയും ചെയ്തു. രേഖകൾ നേരത്തെ ഹാജരാക്കിയിരുന്നതിനാൽ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് അധികൃതർ വ്യാഴാഴ്ച വീട്ടിലെത്തിച്ചിരുന്നു. അന്ന് പാസ് പുതുക്കാനുള്ള പണം അടച്ച് അപേക്ഷ നൽകിയിരുന്നു. ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെ എസ് ആർ ടി സിയുടെ തെറ്റുതിരുത്തൽ.