- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആദ്യം കേസെടുത്തത് അപകടമരണമെന്ന രീതിയില്‍; പ്രിയരഞ്ജനെതിരേ ചുമത്തിയത് മനഃപൂര്‍വമല്ലാത്ത നരഹത്യ; സിസിടിവിയില്‍ പതിഞ്ഞ കുട്ടിയെ ഇടിച്ചിട്ട് അതിവേഗത്തില്‍ കുതിക്കുന്ന കാറിന്റെ ദൃശ്യം തെളിവായി; ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പ്രതികാരം; പത്താംക്ലാസുകാരന്റെ കുടുംബത്തിന് ഒടുവില്‍ നീതി
പത്താംക്ലാസുകാരന്റെ കുടുംബത്തിന് ഒടുവില്‍ നീതി
തിരുവനന്തപുരം: മദ്യപിച്ചെത്തി ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പത്താംക്ലാസുകാരനായ ബന്ധുവിനെ മാസങ്ങള്‍ക്ക് ശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയും അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടും പ്രതിയായ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനെ കുരുക്കിയത് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു. പൂവച്ചല്‍ സ്വദേശികളായ അരുണ്‍ കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15) ആണ് കൊല്ലപ്പെട്ടത്.
2023 ഓഗസ്റ്റ് 30നാണ് ആദിശേഖര്‍ കാറിടിച്ച് കൊല്ലപ്പെടുന്നത്. ആദിശേഖര്‍ കൂട്ടുകാര്‍ക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ബാള്‍ ഷെഡില്‍ സൂക്ഷിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. കാര്‍ കയറ്റി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുളിങ്കോട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് ലഭിച്ചത്. 'മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ' എന്ന ആദിശേഖറിന്റെ നിഷ്‌കളങ്കമായ ചോദ്യത്തില്‍ നിന്നുണ്ടായ പകയാണ് കൊലപാതകത്തിലെത്തിയത്.
കൂടെയുണ്ടായിരുന്ന കുട്ടിയില്‍ നിന്ന് ആദിശേഖര്‍ സ്വന്തം സൈക്കിള്‍ വാങ്ങി കയറാന്‍ തുടങ്ങുന്നതിനിടെ പിന്നാലെ വേഗത കുറച്ചുവന്ന ഇലക്ട്രിക് കാര്‍ (കെ.എല്‍ 19 എന്‍ 6957) വേഗതകൂട്ടി കുട്ടിയെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം കടന്നുപോവുകയായിരുന്നു.
പ്രതി പ്രിയരഞ്ജന്‍ സ്ഥിരം മദ്യപാനിയാണെന്നും സംഭവ സമയത്തും മദ്യപിച്ചിരുന്നതായും മുന്‍കൂട്ടി പദ്ധതിയിട്ട കൊലയാണെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ആദിശേഖറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ സംശയം ഉന്നയിച്ചതോടെയാണ് അപകട മരണമായി ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് നരഹത്യയായി പരിഗണിച്ചത്. സംഭവത്തിനുശേഷം തമിഴ്നാട്ടിലേയ്ക്ക് കടന്ന പ്രിയരഞ്ജനെ കുഴിത്തുറയില്‍ നിന്നാണ് പിടികൂടിയത്. ഒടുവില്‍ നാടിനെ ഞെട്ടിച്ച കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. പ്രതിക്ക് ജീവപര്യന്തം കഠിനതടവും കോടതി വിധിച്ചു.
തെളിവായി സിസിടിവി ദൃശ്യം
കാട്ടാക്കടയില്‍ പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യമായിരുന്നു. പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഷീബയുടെയും മകനാണ് ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. 2023 ഓഗസ്റ്റ് 30 വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു ആദിശേഖര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായത്.
ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറിടിച്ചുണ്ടായ അപകടമരണമെന്നരീതിയിലാണ് ആദ്യം പോലീസ് കേസെടുത്തിരുന്നത്. കാറോടിച്ചിരുന്ന പ്രിയരഞ്ജനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയുംചെയ്തു. എന്നാല്‍, സംഭവത്തിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് വഴിത്തിരിവായി. പ്രതി മനഃപൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് പ്രതിക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി.
ആദിശേഖറും സുഹൃത്തും സൈക്കിള്‍ ചവിട്ടി പോകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് അതുവരെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പ്രിയരഞ്ജന്‍ മുന്നോട്ടെടുത്തത്. തുടര്‍ന്ന് കുട്ടിയെ ഇടിച്ചിട്ട് അതിവേഗത്തില്‍ കുതിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പ്രിയരഞ്ജന്‍ കുട്ടിയെ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം ഇതോടെ ബലപ്പെടുകയും കുടുംബം പരാതി നല്‍കുകയുമായിരുന്നു. പ്രതിയായ പ്രിയരഞ്ജന്‍ ആദിശേഖറിന്റെ അകന്ന ബന്ധു കൂടിയാണ്.
നേരത്തെ പ്രിയരഞ്ജനും ആദിശേഖറും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിനുള്ള കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രിയരഞ്ജന്‍ മദ്യപിച്ചെത്തി ക്ഷേത്രമതിലില്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആദിശേഖര്‍ ഇത് ചോദ്യംചെയ്തിരുന്നു. കൊലപാതകം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം. താന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തതോടെ പ്രിയരഞ്ജന്‍ കുട്ടിയുമായി വഴക്കിട്ടു. പിന്നീട് ഇത് പകയായി മാറി. ഒടുവില്‍ മാസങ്ങള്‍ക്കിപ്പുറം പ്രതി കുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി പ്രതികാരം തീര്‍ക്കുകയായിരുന്നു. മനഃപൂര്‍വം കാറിടിപ്പിച്ചതല്ലെന്നും കാര്‍ നിയന്ത്രണംവിട്ടാണ് സൈക്കിളില്‍ ഇടിച്ചതെന്നുമായിരുന്നു തെളിവെടുപ്പിനിടെ പ്രതിയുടെ മൊഴി.
ദുബായില്‍ ടാറ്റൂ സെന്റര്‍ നടത്തുന്നയാളാണ് പ്രതി പ്രിയരഞ്ജന്‍. അതിനിടെ, പ്രതിയുടെ ഭാര്യ തങ്ങളെയും കുടുംബത്തെയും സാമൂഹികമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതായി ആരോപിച്ച് ആദിശേഖറിന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.