- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്‌നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നതെന്ന് എപ്പോഴും പറയുന്ന കട്ടക്കയത്തെ സെബാസ്റ്റ്യൻ ഭാര്യയുടെ സംസ്‌കാരത്തിന് തെരഞ്ഞെടുത്തത് വേറിട്ട വഴി; പയ്യാമ്പലം ശ്മശാനത്തിൽ തിങ്കളാഴ്ച വൈകിട്ട് അഗ്‌നിനാളങ്ങൾ ഉയരുമ്പോൾ പുതിയൊരു ചരിത്രം കുറിക്കപ്പെടും; കത്തോലിക്കാ സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിക്കുമ്പോൾ
കണ്ണൂർ: കണ്ണൂർ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കുമ്പോൾ അത് പുതിയൊരു ചരിത്രമാകും. പയ്യാമ്പലം ശ്മശാനത്തിൽ തിങ്കളാഴ്ച വൈകിട്ട് അഗ്‌നിനാളങ്ങൾ ഉയരുമ്പോൾ കണ്ണൂരിൽ പുതിയൊരു ചരിത്രം കുറിക്കപ്പെടും. കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്‌കരിക്കുന്നുവെന്ന ചരിത്രം.
മാനന്തവാടി പുതിയാപറമ്പിൽ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യൻ ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിനു പകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് സഭ നേരത്തേ തീരുമാനമെടുത്തിരുന്നു. പക്ഷേ പരമ്പരാഗത രീതിയിൽനിന്ന് മാറാൻ വിശ്വാസികൾ തയ്യാറായിരുന്നില്ല. ഇതാണ് ഇവിടെ തിരുത്തപ്പെടുന്നത്. വേറിട്ട കാഴ്ചപ്പാടുകളുള്ള സെബാസ്റ്റ്യൻ ഭാര്യയുടെ മൃതദേഹം ചിതയിൽ സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു. കുടുംബവും ഇടവക പള്ളി അധികാരികളും കൂടെനിന്നു. അതോടെ തീരുമാനം ചരിത്രമാകും. കാലത്തിനനുസരിച്ച് പുരോഗമനപരമായി ചിന്തിക്കാൻ ശ്രമിക്കുന്നുവെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്.
'അഗ്‌നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നത്. അഗ്‌നിയിൽ തീരുകയെന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. പണംകൊടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. എന്നോട് പണമൊന്നും ചോദിച്ചിട്ടൊന്നുമില്ല. എന്നാലും മാറിച്ചിന്തിക്കാൻ, പുതുതലമുറയ്ക്ക് വഴിവെട്ടാൻ ശ്രമിക്കുകയാണ്. സന്തോഷകരമായ കാര്യം മേലെ ചൊവ്വ സെയ്ന്റ് ഫ്രാൻസിസ് അസീസി പള്ളി അധികാരികൾ എല്ലാ പിന്തുണയും തന്നുവെന്നതാണ്. വീട്ടിലെ ശുശ്രൂഷയും പള്ളിയിലെ ശുശ്രൂഷയും സഭാവിശ്വാസമനുസരിച്ച് നടത്തും'-ഇതാണ് സെബാസ്റ്റ്യന് പറയാനുള്ളത്.
ഇതമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ്
??മൃതസംസ്‌കാരം ചരിത്രമാകുമ്പോൾ??
നാളെ 6. 2.2023 -ന് കണ്ണൂർ പയ്യാമ്പലം സ്മശാനത്തിൽ ഒരു ചരിത്രം കുറിക്കപ്പെടും. മേലെ ചൊവ്വ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ്മ സെബാസ്റ്റ്യന്റെ ഭൗതികശരീരം മൃതസംസ്‌കാര ശുശ്രൂഷകൾക്കു ശേഷം അഗ്‌നിനാളങ്ങൾ ഏറ്റുവാങ്ങും.
മൃതദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിനു പകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് കത്തോലിക്ക സഭ തീരുമാനമെടുത്തിട്ട് ഏറെ നാളുകളായി. പാരമ്പര്യത്തിന്റെ ശീലങ്ങളിൽ നിന്നും മാറി സഞ്ചരിക്കാൻ വിശ്വാസികൾക്കു മടിയാണ്.
കല്ലറ വിറ്റു വരവിന്റെ ലക്ഷങ്ങളുടെ ലാഭം ഓർക്കുമ്പോൾ അതു പ്രോത്സാഹിപ്പിക്കാൻ സഭാ അധികൃതർക്കും താല്പര്യമില്ല. കല്ലറ കച്ചവടത്തെ നിരുത്സാഹപ്പെടുത്താനാണ് കല്ലറയ്ക്ക് വില വർദ്ധിപ്പിക്കുന്നത് എന്ന് വൈദിക പണ്ഡിത പക്ഷം. മദ്യത്തിന്റെ വില വർദ്ധിപ്പിച്ച് സമ്പൂർണ്ണ മദ്യനിരോധനത്തെ പ്രോത്സാഹിപ്പിക്കുന്നത് പോലെ തന്നെ. കണ്ണൂരിലെ പുതിയ കത്തോലിക്കാ പള്ളികൾക്കൊന്നും സ്വന്തമായി സെമിത്തേരി ഇല്ല. സ്വന്തമായി കല്ലറയുള്ള പള്ളികൾക്ക് മറ്റ് ഇടവകാർക്ക് അത് പങ്കുവെക്കുന്നതിനു വിമുഖതയും ആണ്.
മരണാനന്തരം മാന്യമായ സംസ്‌കാരം എല്ലാ പൗരന്റെയും അവകാശമാണ്. ലക്ഷങ്ങൾ കൊടുത്തു വാങ്ങുന്ന കല്ലറ. മാർബിൾ ഫലകങ്ങൾ കൊണ്ട് മനോഹരമാക്കുന്നു . മരിച്ചവരുടെ ഓർമ്മയ്ക്കായി മെഴുകുതിരികളും പൂക്കളും അർപ്പിച്ചു പ്രാർത്ഥിക്കുന്നു. സ്‌നേഹസ്മരണകൾ ഉണ്ടായിരിക്കണം. കൃതജ്ഞ - ആദരവുകളും വേണം. മരണമടഞ്ഞവർ കല്ലറയിൽ വസിക്കുന്നു എന്ന തോന്നിപ്പിക്കുന്ന തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ ക്രിസ്തീയ വിശ്വാസത്തിന് തന്നെ എതിരാണ്.
അടുത്ത് പരിചയപ്പെടുന്നവർക്കൊക്കെ കട്ടക്കയം ചേട്ടൻ സഹോദര തുല്യനാണ്. പരന്ന വായനയും ഉയർന്ന കാഴ്ചപ്പാടുമുള്ള മനുഷ്യസ്‌നേഹി, കഠിനാധ്വാനി, സഹൃദയൻ.. തെളിമയാർന്ന ചിന്തയും ഉറച്ച ബോധ്യം ഉള്ളവൻ. അഗ്‌നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നതെന്ന് എപ്പോഴും പറയും. അനുഭവങ്ങളുടെ അഗ്‌നിയിൽ സ്ഫുടം ചെയ്‌തെടുത്തവൻ. പ്രിയതമയുടെ മൃതദേഹം ചിതയിൽ സംസ്‌കരിക്കാൻ അദ്ദേഹവും കുടുംബവും എടുത്ത തീരുമാനം ചരിത്രത്തിന്റെ ഭാഗമാവും. ഈ തീരുമാനത്തിന്റെ കനൽ നൂറ്റാണ്ടുകൾ തുടർന്നുവന്ന മൃത സംസ്‌കാര രീതികൾക്ക് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ നാന്ദി കുറിക്കലാവും.
ഏവർക്കും പ്രിയങ്കരി ആയിരുന്നു ലൈസമ്മ ചേച്ചി. കുടുംബിനി. സ്വജീവിതം ഭർത്താവിനും മക്കൾക്കുമായി പകുത്തു നൽകിയവൾ. കത്തോലിക്ക മൃതസംസ്‌കാര പാരമ്പര്യത്തിന് ദിശാബോധം നൽകിയവളായി ഇനി ഇവരെ ചരിത്രം രേഖപ്പെടുത്തും.
??നിത്യശാന്തി നേരുന്നു.. കണ്ണീർ പ്രണാമം?? അഡ്വ. ജിജോ മാത്യു
മറുനാടന്‍ മലയാളി ബ്യൂറോ