- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്: കായംകുളം എംഎസ്എം കോളജിനെതിരേ നടപടി തുടങ്ങാൻ കേരള സർവകലാശാല സിൻഡിക്കേറ്റ്; കോളജ് മാനേജർ ഹിലാൽ ബാബുവിനും ഭാര്യ രഹനയ്ക്കുമെതിരേ വ്യാജരേഖ ചമച്ച് സ്‌കൂളും സ്വത്തുക്കളും കൈക്കലാക്കിയെന്ന പരാതിയുമായി സഹോദരി പുത്രിയും; കായംകുളം എംഎസ്എം വീണ്ടും വിവാദത്തിന്റെ കേന്ദ്രമാകുമ്പോൾ
കായംകുളം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോം പ്രവേശനം നേടിയ സംഭവത്തിൽ കായംകുളം എംഎസ്എം കോളജ് അധികൃതർക്കെതിരേ നടപടി സ്വീകരിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. അതിനിടെ കോളജ് മാനേജർ ഹിലാൽ ബാബുവിനും ഭാര്യ രഹനയ്ക്കുമെതിരേ വ്യാജരേഖ ചമച്ച് സ്‌കൂളും വസ്തുവകകളും തട്ടിയെടുത്തെന്ന പരാതിയുമായി സഹോദരി പുത്രി രംഗത്തു വന്നു. ഇവരുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ ഡിജിപി നിർദ്ദേശം നൽകി. ഇതോടെ കായംകുളം എംഎസ്എം കോളജ് മാനേജ്മെന്റ് വീണ്ടും വിവാദത്തിലായി.
നിഖിൽ തോമസ് വിഷയത്തിൽ പ്രിൻസിപ്പാൾ, കൊമേഴ്സ് വകുപ്പ് മേധാവി, വിവരാവകാശ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരേയാണ് നടപടി. ഇതിന് മുന്നോടിയായി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. തിങ്കളാഴ്ച കേരളാ വി സി. ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന, നാമനിർദ്ദേശം ചെയ്ത അംഗങ്ങൾ മാത്രമുള്ള സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എമ്മിൽ പ്രവേശനം നേടുകയായിരുന്നു. നിഖിൽ കലിംഗ സർവകലാശാലയുടെ വിദ്യാർത്ഥി ആയിരുന്നില്ലെന്നും വ്യാജ സർട്ടിഫിറ്റക്ക് തയാറാക്കിയതിനെതിരേ നടപടി വേണമെന്നും അധികൃതർ കേരള സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നു.
കലിംഗ സർവകലാശാലയുടേതെന്ന രീതിയിൽ നിഖിൽ കേരള സർവകലാശാലയിൽ സമർപ്പിച്ച ബികോം തുല്യതാ സർട്ടിഫിക്കറ്റ്് പിൻവലിക്കാനും കേരളാ വിസി ഉത്തരവിട്ടു. പ്രവേശനം സംബന്ധിച്ച് എംഎസ്എം കോളജ് മാനേജ്മെന്റിനോട് സർവകലാശാല വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഒരു മുതിർന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ ശിപാർശയിലാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് നേരത്തേ കോളജ് മാനേജ്മെന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.
നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ വലയുന്നതിനിടെയാണ് കോളജ് മാനേജർക്കും ഭാര്യയ്ക്കുമെതിരേ വ്യാജരേഖ ചമച്ച് സ്‌കൂളും സ്വത്തുക്കളും തട്ടിയെന്ന പരാതി സഹോദരി പുത്രി തിരുവനന്തപുരം കവടിയാർ ജവഹർ നഗർ ഡി 12 ൽ റസിയ ഹക്കിം ഡിജിപിക്ക് പരാതി നൽകിയത്. ഇ-മെയിൽ വഴി ലഭിച്ച പരാതി അടിയന്തര അന്വേഷണത്തിന് കൈമാറിയെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ട്.
കായംകുളം എംഎസ്എം കോളജ് മാനേർ ഹിലാൽ ബാബു തന്നെയാണ് എംഎസ്എം ഹയർ സെക്കൻഡറി സ്‌കൂളിന്റെയും മാനേജർ. കുടുംബാംഗങ്ങളുടെ പേരിൽ വ്യാജരേഖ ചമച്ച് സ്‌കൂൾ മാനേജ്മെന്റ് സ്ഥാനം കൈക്കലാക്കിയതായും കോഴ വാങ്ങി വ്യാജസർട്ടിഫിക്കറ്റുകാർക്കു പോലും എംഎസ്എം ട്രസ്റ്റിന്റെ സ്ഥാപനങ്ങളിൽ പ്രവേശനം നൽകുന്നുവെന്നും റസിയ പരാതിയിൽ ആരോപിക്കുന്നു. നിലവിൽ റസിയ മസ്‌കറ്റിലാണുള്ളത്. ഇവരുടെ ഉമ്മ ലൈല മുഹമ്മദ് ഉൾപ്പെടെയുള്ള ബന്ധുക്കളുടെ വ്യാജ ഒപ്പും വിരലടയാളവും പതിച്ച് കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് സ്‌കൂൾ മാനേജ്മെന്റ് ഭരണം കൈക്കലാക്കിയതെന്നാണ് റസിയയുടെ പരാതി.
ഇതിന് ഉപയോഗിച്ച വ്യാജരേഖകൾ ഡിപിഐയിൽ നിന്ന് നശിപ്പിച്ചു കളഞ്ഞതായും പരാതിയിൽ പറയുന്നു. സ്‌കൂൾ നടത്തിപ്പും കുടുംബ സ്വത്തുക്കളും തട്ടിയെടുത്തതിനെതിരേ ഒരു ബന്ധു മാവേലിക്കര സബ്കോടതിയിൽ ഫയൽ ചെയ്ത കേസിൽ സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ച രേഖകൾ അപ്രത്യക്ഷമായതായും റസിയ ആക്ഷേപം ഉയർത്തുന്നു. കായംകുളം പൊലീസ് ഇൻസ്പെക്ടർ മുതൽ ഡിജിപിക്ക് വരെയാണ് റസിയ പരാതി അയച്ചത്. ഇതിലാണ് ഡിജിപി നടപടിയെടുക്കാൻ നിർദേശിച്ചിരിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്