ആറ്റിങ്ങൽ: തിരുവനന്തപുരത്തെ ദേശീയ പാതാ വികസനത്തിന് പുതു വേഗം നൽകി ആറ്റിങ്ങൽ ബൈപ്പാസും എത്തും. കൊല്ലത്ത് ബൈപ്പാസ് നിർമ്മാണം ഇഴഞ്ഞു നീങ്ങിയിരുന്നു. ആലപ്പുഴയിലും ഇതു കണ്ടതാണ്. വർഷങ്ങളെടുത്തായിരുന്നു നിർമ്മാണം പൂർത്തിയായത്. ആലപ്പുഴയിലെ ബൈപ്പാസ് ദേശീയ പാതാ യാത്രയിൽ നിർണ്ണായകമാവുകയും ചെയ്തു. ഇതെല്ലാം മനസ്സിൽ വച്ച് തിരുവനന്തപുരം-കൊല്ലം ദേശീയ പാതയിലെ തിരക്കേറിയ കഴക്കൂട്ടം മുതൽ ആറ്റിങ്ങൽ വരെ അതിവേഗ വികസനമാണ് ലക്ഷ്യമിടുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പണികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

29.83 കിലോമീറ്റർ ദൈർഘ്യത്തിൽ കഴക്കൂട്ടം കടമ്പാട്ടുകോണം ദേശീയപാത വികസനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. 11.150 കി.മി ദൈർഘ്യമുള്ള ആറ്റിങ്ങൽ ബൈപാസും നിർമ്മിക്കും. 795 കോടി രൂപക്ക് ഡൽഹി കേന്ദ്രമായുള്ള ആർ ഡി എസ് പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമ്മാണ കരാർ. നിലവിലെ ദേശീയപാതയെക്കാൾ ശരാശരി ഏഴ് മീറ്റർ ഉയരത്തിലൂടെയാണ് പുതിയ ആറ് വരിപ്പാത കടന്നു പോകുന്നത്. ചിലയിടങ്ങളിൽ 15 മീറ്റർ വരെ ഉയരമുണ്ടാകുംയ പാതയ്ക്ക് ഇരുവശത്തും ഏഴര മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും . ആറുവരിപ്പാതയുടെ ഇരുവശത്തും ഉയർന്ന ഭാഗം മുഴുവൻ കോൺക്രീറ്റ് ചുമരുകൾ കെട്ടി അടച്ചാണ് നിർമ്മാണം. 45 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത് . വാമനപുരം നദിക്ക് കുറകെ വലിയ പാലം വരും.

കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള പ്രദേശത്തെ അടിമുടി മാറ്റുന്നതാണ് പുതിയ പാത. തടസ്സമില്ലാത്ത ഗതാഗതസൗകര്യമാണ് റോഡ് മുന്നോട്ടുവയ്ക്കുന്ന എറ്റവും വലിയ സവിശേഷത. 100 കിലോമീറ്റർ കുറഞ്ഞ വേഗം നല്കാൻ പ്രാപ്തിയുള്ളതാകും റോഡ്. സർവീസ് റോഡുകളുമായി ബന്ധമുണ്ടായിരിക്കുമെങ്കിലും വാഹനങ്ങൾക്ക് ഒരിടത്തും ദേശീയപാത മുറിച്ചുകടക്കേണ്ടിവരില്ല. സിഗ്‌നൽ സംവിധാനം പോലും ഒഴിവാക്കിക്കൊണ്ടാണ് റോഡ് വിഭാവനംചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ ബൈപാസും യാഥാർത്ഥ്യമാകുമ്പോൾ അടിമുടി മാറ്റം യാത്രയിൽ ഉണ്ടാകും.

കടമ്പാട്ടുകോണത്തിനും കഴക്കൂട്ടത്തിനും ഇടയിൽ ആറ് മേൽപ്പാലങ്ങളുണ്ടാകും. 16 അടിപ്പാതകളും രണ്ട് മേൽപ്പാതകളും നിർമ്മിക്കണം. മറ്റു ചിലയിടങ്ങളിൽക്കൂടി അടിപ്പാതകളുടെയും മേൽപ്പാതകളുടെയും സാധ്യത പരിശോധിച്ച് വരികയാണെന്ന് ദേശീയപാതാവിഭാഗം അധികൃതർ പറയുന്നു. ഒരിടത്തും ഗതാഗതം മുറിഞ്ഞുപോകാതിരിക്കാൻവേണ്ടിയാണ് ഇത്രയും വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നത്. തോട്ടയ്ക്കാട് തോട്, വാമനപുരം ആറ്, മാമം തോട് എന്നിവയ്ക്ക് കുറുകേ പാലങ്ങളുണ്ടാവും. കൂടാതെ നിരവധി സ്ഥലങ്ങളിൽ കലുങ്കുകളും നിർമ്മിക്കണം.

ആറ് വരിപ്പാതയുടെ ഇരുവശത്തും മധ്യത്തിലും ഒരു മീറ്റർ വീതിയിൽ ക്രാഷ് ബാരിയറുകൾ നിർമ്മിക്കും . ഓരോ വശവും 12 മീറ്റർ വീതിയിൽ മൂന്ന് വരി വാഹനങ്ങൾ പോകത്തക്ക വിധത്തിലുള്ള ( 3 ലൈൻ ) പാതയാണ് നിർമ്മിക്കുന്നത് .പാത വികസനം ആരംഭിക്കുന്നത് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സി എസ് ഐ ആശുപത്രിക്ക് മുന്നിൽ നിന്നാണ് .പാലമൂടിനും മാമം പാലത്തിനും മധ്യേ ആരംഭിക്കുന്ന 11.150 കി.മി ദൈർഘ്യമുള്ള ആറ്റിങ്ങൽ ബൈപ്പാസ് നിലവിലുള്ള ദേശീയപാതയിൽ നിന്നു വഴിമാറി മണമ്പൂരിൽ വീണ്ടും യോജിക്കും. ഇതോടെ കഴക്കൂട്ടത്ത് നിന്ന് അതിവേഗം ആറ്റിങ്ങൽ കടക്കാനാകും. ചാക്ക-കഴക്കൂട്ടം പാത അന്തിമ ഘട്ടത്തിലാണ്. കഴക്കൂട്ടം ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകും. അതുകൊണ്ട് തന്നെ ആറ്റിങ്ങലിലെ ബൈപ്പാസ് പണി പൂർത്തിയായാൽ അതിവേഗം കൊല്ലത്ത് നിന്ന് തിരുവനന്തപുരത്ത് റോഡ് യാത്ര സാധ്യമാകും.

ആറ്റിങ്ങൽ റോഡിൽ ആറ് വരിപാതക്ക് ഇരുവശത്തും താഴ് ഭാഗത്ത് കൂടി 1.75 മീറ്റർ വീതിയിൽ സർവീസ് കോറിഡോറും , ഒന്നര മീറ്റർ വീതിയിൽ ഓടയടക്കം ഏഴര മീറ്റർ വീതിയിൽ രണ്ട് വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാവുന്ന വിധത്തിൽ ഇരുവശത്തും സർവീസ് റോഡുകളും നിർമ്മിക്കും. രണ്ട് മാസം മുൻപാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കരാറെടുത്ത കമ്പനിക്ക് ഏറ്റെടുത്ത സ്ഥലം കൈമാറിയത്. പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മരം മുറിക്കലും , സെന്റർ ലൈൻ മാർക്കിങ് , റോഡിന് ഇരുവശവും ഉള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കൽ എന്നിവ പുരോഗമിക്കുന്നു.

ട്രാഫിക് സർവേ, ഉപരിതല സർവേ, മണ്ണ് പരിശോധന എന്നിവ പൂർത്തിയായി കഴിഞ്ഞു. പഴയ കെട്ടിടങ്ങളിൽ 85 ശതമാനത്തിലധികവും പൊളിച്ചു മാറ്റി കഴിഞ്ഞതായി നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ആർഡിഎസ് കമ്പനി വൈസ് പ്രസിഡന്റ് റിട്ട. കേണൽ എം ആർ രവീന്ദ്രൻ നായർ പറഞ്ഞു. കടമ്പാട്ടുകോണം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ ഈ വർഷം ആദ്യമാണ് കൈമാറിയത്. ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും പരാതികൾക്ക് ഇടനൽകാതെ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ദേശീയപാതാ വികസനത്തിന് വേണ്ടി സമയബന്ധിതമായി ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സർക്കാരിനും കഴിഞ്ഞു.

ദേശീയപാതക്ക് ഭൂമിയേറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കത്തിൽ കോവിഡ് മൂലം കാലതാമസം വന്നെങ്കിലും 2020 അവസാനത്തോടെ നല്ലരീതിയിൽ പുനരാരംഭിക്കാൻ കഴിഞ്ഞു. എല്ലാ ജീവനക്കാരും ഒരേ മനസോടെ പ്രവർത്തിച്ചതോടെ എട്ട് മാസത്തിനുള്ളിൽ തന്നെ ഭൂമിയേറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ കഴിഞ്ഞു. 69 ഹെക്റ്റർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്.