- Home
- /
- News
- /
- SPECIAL REPORT
ഇംഎംഎസിനെ അമ്പരപ്പിച്ച സ്‌കൂള്‍ ഓഫ് ഡ്രാമക്കാരന്‍; ഇയാള്‍ കൃഷ്ണപിള്ളയെ പോലെയെന്ന ആചാര്യന്റെ വാക്കുകള്‍ ഇടതു ചിന്തകനാക്കി; ചലച്ചിത്ര അക്കാദമിയെ നയിക്കാന്‍ എത്തുന്ന പ്രേംകുമാറും 'പവര്‍ ഗ്രൂപ്പിന്റെ' പഴയ ഇര
കഴക്കൂട്ടം പ്രേംകുമാര്‍ എന്ന സിനിമാക്കാരന്റെ കഥ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വൈസ് ചെയര്‍മാനായിരുന്ന നടന്‍ പ്രേംകുമാറിന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല കൈമാറാനുള്ള തീരുമാനം അര്‍ഹതയ്ക്കും കഴിവിനുമുള്ള അംഗീകാരം. സമകാലീക സിനിമാ പ്രവര്‍ത്തകരില്‍ സമാനതകളില്ലാത്ത അക്കാദമിക മികവ് പ്രേംകുമാറിനുണ്ട്. ഹാസ്യ താരമായി ഒരു കാലത്ത് സിനിമാ രംഗത്ത് നിറഞ്ഞ പ്രേംകുമാറിനെ മികച്ച വേഷങ്ങളില്‍ നിന്ന് അകറ്റിയത് സിനിമയിലെ പവര്‍ ഗ്രൂപ്പായിരുന്നു. അനിയന്‍ ബാവ ചേട്ടന്‍ ബാവ സിനിമയിലെ 'അമ്മാവാ...' വിളിയിലൂടെ മലയാളത്തിലെ ഹാസ്യ സാമ്രാട്ടുകളുടെ നിരയിലേക്ക് പ്രേംകുമാറും ഉയരേണ്ടതായിരുന്നു. പക്ഷേ സിനിമയിലെ അതീന്ദ്രീയ ശക്തികള്‍ പ്രേംകുമാറിനെ വെട്ടി വീഴ്ത്തി. പിന്നീട് വളരെ കാലം സിനിമയില്‍ സജീവമല്ലാതെയുമായി. പിണറായി സര്‍ക്കാര്‍ പ്രേകുമാറിനെ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനാക്കി. പ്രേംകുമാറിന് ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുമോ എന്ന സംശയമുയര്‍ത്തിയവര്‍ക്ക് മുക്കില്‍ കൈവയ്‌ക്കേണ്ടി വന്നു. അക്കാദമിയെ ഒരുമിച്ച് നിര്‍ത്താന്‍ പ്രേംകുമാര്‍ നിര്‍ണ്ണായക ശക്തിയായി. ചെയര്‍മാന്‍ രഞ്ജിത് നിരന്തര വിവാദങ്ങളില്‍ കുടുങ്ങിയപ്പോഴും തികഞ്ഞ പക്വതയോടെ കാര്യങ്ങളില്‍ ഇടപെട്ടു. ചലച്ചിത്ര മേളകളില്‍ പിഴവുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ കരുതലെടുത്തു. ഒടുവില്‍ രഞ്ജിത് വീണപ്പോള്‍ അര്‍ഹതയുടെ അംഗീകാരം പ്രേകുമാറിനെ തേടിയെത്തി.
2022 ഏപ്രിലിലാണ് അക്കാദമിക്ക് ഇപ്പോഴത്തെ ജനറല്‍കൗണ്‍സില്‍ നിലവില്‍ വന്നത്. അന്നുമുതല്‍ വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാര്‍ ചെയര്‍മാന്റെ അഭാവത്തിലെല്ലാം സജീവമായിത്തന്നെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. തുടര്‍ന്നും കഴിയുംവിധം മികച്ചരീതിയില്‍ത്തന്നെ പ്രവര്‍ത്തിക്കുമെന്ന് പ്രേംകുമാര്‍ പറഞ്ഞു. ചുമതലയേറ്റശേഷം ജനറല്‍കൗണ്‍സില്‍ യോഗം ചേര്‍ന്ന് ചലച്ചിത്രമേളയുടേതടക്കമുള്ള കാര്യങ്ങളില്‍ ജനാധിപത്യപരമായിത്തന്നെ അക്കാദമിയെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായി അഭിനയരംഗത്തുള്ള പ്രേംകുമാര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് തിയേറ്റര്‍ ആര്‍ട്സിലും കേരള സര്‍വകലാശാലയില്‍നിന്ന് മനഃശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്. പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍ സീരിയലുകളിലാണ് ആദ്യം താരമായത്. കുടുംബ പ്രേക്ഷകരെ കൈയ്യിലെടുത്ത പ്രേം കുമാറിന് സിനിമയിലും തുടക്കം പിഴച്ചില്ല. പി കൃഷ്ണപിള്ളയുടെ ജീവ ചരിത്ര സിനിമയില്‍ നായകനായി അഭിനയിച്ചത് പ്രേംകുമാറായിരുന്നു. ഈ സിനിമയുടെ സ്വിച്ച് ഓണിനെത്തിയത് സാക്ഷാല്‍ ഇംഎംഎസായിരുന്നു.
കൃഷ്ണപിള്ളയായി വേഷമിട്ട പ്രേംകുമാറിനെ കണ്ട് സഖാവ് ഇംഎംഎസ് പറഞ്ഞത് ഇയാള്‍ കൃഷ്ണപിള്ളയെ പോലെയാണെന്നായിരുന്നു. കഥാപാത്രത്തിലേക്ക് അതിവേഗം സന്നിവേശം ചെയ്ത പ്രേംകുമാറിന് പക്ഷേ ആ ചിത്രം കൊണ്ട് നേട്ടമുണ്ടായില്ല. പിഎ ബക്കര്‍ സംവിധാനം ചെയ്ത ആ സമാന്തര സിനിമ തിയേറ്റുകളില്‍ റിലീസായില്ല. ചിത്രീകരണം പൂര്‍ത്തിയാകാത്തതു കൊണ്ട് അവാര്‍ഡിന് പോലും എത്തിയില്ല. സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ ഒഥല്ലോ, മക്ബത്ത് പോലുള്ള ഗൗരവമേറിയ കഥാപാത്രങ്ങളാണ് പ്രേം കുമാര്‍ അവതരിപ്പിച്ചിരുന്നത്. അധ്യാപകനായിരുന്ന പി. ബാലചന്ദ്രന്‍ ഒരുക്കിയ കഥാവശേഷന്‍ എന്ന തമാശ നാടകത്തിലെ അഭിനയമാണു നാഴികക്കല്ലായത്. പിന്നീടാണ് ലംബോ എന്ന ടെലി ഫിലിമിലെത്തുന്നത്. നൂറ്റിയന്‍പതോളം സിനിമകളില്‍ അഭിനയിച്ച പ്രേം കുമാര്‍ ജീവതത്തില്‍ ഗൗരവക്കാരനാണ്. മികച്ച പ്രാസംഗികന്‍ കൂടിയാണ് അദ്ദേഹം. ആരോഗ്യപ്രശ്നങ്ങള്‍മൂലം മുന്‍ ചെയര്‍മാന്‍ രഞ്ജിത് അവധിയിലായിരുന്നപ്പോഴും ചുമതലകളെല്ലാം ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കൊപ്പം പ്രേംകുമാറും സെക്രട്ടറി അജോയ് ചന്ദ്രനും ചേര്‍ന്നാണ് നിര്‍വഹിച്ചിരുന്നത്. 2025 വരെ ജനറല്‍ കൗണ്‍സിലിന് കാലാവധിയുണ്ട്. അതിനുശേഷമേ പുതിയ ചെയര്‍മാനെ നിയമിക്കൂ എന്നാണ് ലഭിക്കുന്ന വിവരം. അതായത് പ്രേകുമാറിന് തന്നെയാകും ഇനി ചുമതല.
അക്കാദമിയുടെ അഭിമാന പരിപാടിയായ ഐഎഫ്എഫ്‌കെയ്ക്ക് കഷ്ടിച്ച് മൂന്നു മാസം മാത്രം ഇതിനിടെ ചലച്ചിത്ര അവാര്‍ഡ് വിതരണവും സിനിമാ കോണ്‍ക്ലേവും പ്രേമംകുമാറിന് നടത്തേണ്ടതുണ്ട്. പ്രേം കുമാറിനു പദവി നല്‍കുന്നതു വഴി എതിര്‍ശബ്ദങ്ങളെ കുറയ്ക്കാമെന്ന് സാംസ്‌കാരിക വകുപ്പും കരുതി. ശരിക്കും സമവായ സ്ഥാനാര്‍ഥിയെ പോലെ സര്‍ക്കാരിന്റെ കയ്യിലെ ഏക തുറുപ്പുചീട്ടായിരുന്നു പ്രേം കുമാര്‍. വൈസ് ചെയര്‍മാനു താല്‍ക്കാലിക ചുമതല നല്‍കിയതിലൂടെ ഡബ്ല്യുസിസിയുടെ എതിര്‍പ്പുകളെയും മറികടക്കാമെന്നാണു വിശ്വാസം. ഐഎഫ്എഫ്‌കെയുടെ നടത്തിപ്പിനായി പ്രേം കുമാറിനെ സഹായിക്കാമെന്ന് സംവിധായകന്‍ ഷാജി എന്‍.കരുണും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഇടതുപക്ഷ നിലപാടുകളില്‍ അടിയുറച്ചു നില്‍ക്കുന്ന അദ്ദേഹം തലസ്ഥാനത്ത് സിപിഎമ്മിന്റെ സാംസ്‌കാരിക മേഖലയിലെ വിശ്വസ്തന്‍ കൂടിയാണ്. ചെമ്പഴന്തി എസ്.എന്‍ കോളജില്‍ കെഎസ്യു പാനലില്‍നിന്നു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രേം കുമാര്‍ 'സഖാവ്' എന്ന തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിലൂടെയാണ് കമ്യൂണിസ്റ്റാകുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം പറയുന്ന ചിത്രമായിരുന്നത്. പി.എ. ബക്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പടം ഇറങ്ങിയില്ലെങ്കിലും കൃഷ്ണപിള്ള പ്രേം കുമാറിന്റെ ശരീരത്തില്‍ കൂടി.
കൃഷ്ണപിള്ളയെപ്പറ്റി കൂടുതല്‍ വായിച്ചു. അദ്ദേഹം എഴുതിയ പുസ്തകങ്ങളും വായിച്ചു. ഒടുവില്‍ പക്കാ കമ്യൂണിസ്റ്റായി. മനുഷ്യ സ്‌നേഹമാണ് കമ്യൂണിസം എന്നു പറയുന്ന പ്രേം കുമാര്‍ ദിവസവും അല്‍പസമയം ബൈബിള്‍ വായനക്കായും മാറ്റിവയ്ക്കും. ഒഴിവു വേളകളിലും ബൈബിള്‍ വായിക്കുന്നതാണ് ഇഷ്ടം. ഷാജി എന്‍.കരുണ്‍ മുതല്‍ രഞ്ജിത്ത് വരെ സംവിധായകര്‍ മാത്രമാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് വന്നിട്ടുള്ളത്. ഇതാദ്യമായാണ് ഒരു നടന്‍ അക്കാദമിയുടെ ചെയര്‍മാനാകുന്നത്.
രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയില്‍ രാജന്‍ പി.ദേവും നരേന്ദ്ര പ്രസാദും അവതരിപ്പിച്ച രണ്ടമ്മവാന്മാരുടെ അനന്തരവനായുള്ള സുന്ദരന്‍ എന്ന വേഷത്തിലൂടെയാണ് പ്രേം കുമാര്‍ മലയാളികള്‍ക്കിടയിലേക്കു ചിരി എത്തിച്ചത്. ആ കഥാപാത്രം ഹിറ്റായതോടെ പാര്‍വതീ പരിണയം, ത്രീ മെന്‍ ആര്‍മി, ആദ്യത്തെ കണ്‍മണി, കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം പോലുള്ള ചിത്രങ്ങളില്‍ വേഷമിട്ടു. റാഫി മെക്കാര്‍ട്ടിന്‍ ആദ്യമായി സംവിധാനം ചെയ്ത പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന ചിത്രത്തിലെ സതീഷ് കൊച്ചിന്‍ എന്ന വേഷം അഭിനയത്തില്‍ വഴിത്തിരിവായി. പക്ഷേ സിനിമയിലെ പവര്‍ ഗ്രൂപ്പ് ഈ നടനെ വെട്ടിയൊതുക്കിയെന്നതാണ് യാഥാര്‍ത്ഥ്യം.