- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ഓണം നമുക്ക് ഈ വീട്ടിൽ ഉണ്ണാം; പറഞ്ഞ വാക്ക് അന്വർത്ഥമാക്കാൻ കെ ബി ഗേണഷ് കുമാർ; അർജ്ജുന്റെ വീടിന് തറക്കല്ലിട്ടു; പൂർത്തിയാകുന്ന വീടിന്റെ ചിത്രവും ചടങ്ങിൽ അർജ്ജുന് സമ്മാനിച്ചു; കണ്ണും മനവും നിറഞ്ഞ് അർജ്ജുനും അമ്മയും
കൊല്ലം: കെ ബി ഗണേശ്‌കുമാർ എം എൽഎയുടെ സാമൂഹിക ഇടപെടൽ എന്നും ചർച്ചകളിൽ നിറയാറുണ്ട്.അതിന്റെ പ്രധാന കാരണം പറഞ്ഞ വാക്ക് പാലിക്കുന്നുവെന്ന അദ്ദേഹത്തിന്റെ രീതി തന്നെയാണ്.ഇപ്പോഴിത ഈ കാര്യം ഒരിക്കൽ കൂടി അടവരയിടുകയാണ് ഗണേശ് കുമാർ.
പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും അടച്ചുറപ്പുള്ള നല്ല ഒരു വീട് വച്ചുനൽകാമെന്നു ഗണേശ് കുമാർ പറഞ്ഞത് ദിവസങ്ങൾക്ക് മുൻപാണ്.ആ വാക്ക് പാലിക്കാനുള്ള ആദ്യ പടിക്ക് എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ തുടക്കമായിരിക്കുകയാണ്.അർജ്ജുന്റെ വീടിന്റെ തറക്കലിടൽ ചടങ്ങ് ഇന്ന് നടന്നു.
കുടുംബപരമായി കിട്ടിയ സ്ഥലത്താണ് വീട് ഒരുങ്ങുക.കല്ലിടിൽ ചടങ്ങ് ഗണേശ് കുമാർ നിർവഹിച്ചു.നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിന്റെ ഫോട്ടോ എംഎൽഎ അർജ്ജുനും അമ്മയ്ക്കും കൈമാറി.അർജ്ജുനും അമ്മയ്ക്കും ഉള്ള ഉപഹാരം ഗണേശ് കുമാറിന്റെ ഭാര്യയും വിതരണം ചെയ്തു.അർജ്ജുന്റെ വീടിനെക്കുറിച്ച് എല്ലാവർക്കും ആകാംഷയാണെന്നും നിരവധി പേരാണ് വീടിനെക്കുറിച്ചന്വേഷിച്ച് തന്നെ ബന്ധപ്പെട്ടതെന്നും എംഎൽഎ പറഞ്ഞു.വീടിന്റെ ഇന്റീരിയർ ഒക്കെ ചെയ്തുതരാൻ താൽപ്പര്യം പ്രകടിപ്പിച്ച് നിരവധി പേർ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ടെന്നും എഞ്ചിനിയർ പറഞ്ഞത് പ്രകാരം മൂന്ന് മാസത്തിനുള്ളിൽ വീട് പൂർത്തിയാക്കി താമസം തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഗണേശ് കുമാറിനെയും ഭാര്യയെയും കൂടാതെ വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.അർജ്ജുന്റെയും അമ്മയുടെയും അവസ്ഥയറിഞ്ഞ് ഗണേശ് കുമാർ കുടുംബത്തെ സന്ദർശിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.അന്ന് തന്റെ നാലാമത്തെ മകനാണ് അർജ്ജുനെന്നും അവന് എത്രത്തോളം പഠിക്കണമെങ്കിലും അത് സാധിപ്പിച്ചു നൽകുമെന്നും എംഎൽഎ പറഞ്ഞിരുന്നു.'വീടു വച്ചു നൽകുന്ന പദ്ധതികൾ നടപ്പിലാക്കാറുണ്ട്. പലപ്പോഴും ഒറ്റപ്പെട്ടു പോകുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമാണ് സഹായമെത്തിക്കാറ്. പ്രവാസികളായ സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് ഇതു നടപ്പിലാക്കുക.അങ്ങനെയിരിക്കെയാണ് ഒരു ദിവസം കമുകുംചേരിയിൽ നവധാരയുടെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ, സ്റ്റേജിൽവച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷ് ഈ കുട്ടിയുടെ കാര്യം പറയുന്നത്.
ഒരു കുട്ടിയുണ്ടെന്നും അവൻ പഠനത്തിലും മറ്റും നല്ല മിടുക്കനാണെന്നും അവന് അമ്മ മാത്രമേയുള്ളൂവെന്നും പറഞ്ഞു.അവർക്ക് ഒരു വീടില്ലാത്ത അവസ്ഥയാണ്.അവർക്ക് സ്ഥലം ഉണ്ടോയെന്ന് ഞാൻ ചോദിച്ചു.അപ്പോൾ കുടുംബപരമായി കിട്ടിയ കുറച്ച് സ്ഥലമുണ്ടെന്ന് അറിയിച്ചു.' ഗണേശ് കുമാർ പറഞ്ഞു.'സാധാരണക്കാരിയായ ഒരു സ്ത്രീ എത്ര നാൾ കഷ്ടപ്പെട്ടാലാകും ഒരു വീട് പണിയാനാകുക എന്നു നമുക്കറിയാം. ലൈഫ് പദ്ധതിയിൽനിന്ന് പല കാരണങ്ങൾ അവർക്ക് വീട് ലഭിക്കാത്തതിന്റെ പ്രശ്‌നമുണ്ട്. അങ്ങനെയാണ് ഇവിടെ വരുന്നതും അമ്മയേയും മകനെയും കാണുന്നതും അവർക്ക് വീടു വച്ചു നൽകാൻ തീരുമാനിക്കുന്നതും. എത്രയും പെട്ടെന്ന് പണി തീർത്ത് വീടു വച്ചു നൽകുമെന്നുമാണ് അന്ന്' ഗണേശ് കുമാർ പറഞ്ഞത്.
നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാൻ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാൻ നോക്കും. എന്റെ സ്വപ്നത്തിൽ ഇവൻ സിവിൽ സർവീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം.പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനുമാണ് ഗണേശ് കുമാർ കൈത്താങ്ങായത്. നല്ല ഒരു വീട് വച്ചുനൽകാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നും ഗണേശ് കുമാർ കുട്ടിക്കു വാക്കു നൽകുന്നു.ഈ ചേർത്തുപിടിക്കലിന്റെ സന്തോഷത്തിൽ കരയുന്ന കുട്ടിയെ അദ്ദേഹം ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാമായിരുന്നു.
ഇന്ന് തറക്കല്ലിടൽ ചടങ്ങിൽ ഗണേശ് കുമാറിനെ കെട്ടിപ്പിടിച്ച് മുത്തം നൽകിയാണ് അർജ്ജുൻ തന്റെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ