തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്ത് കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ജന്മദിനം ആഘോഷിച്ചു. പൊതുരംഗത്ത് അന്‍പത് വര്‍ഷം പിന്നിടുന്ന കെ.സിയെക്കുറിച്ചുള്ള കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പഴകുളം മധുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. പയ്യന്നൂരിലെ കണ്ടോന്താര്‍ ഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നെറുകയില്‍ എത്തിയ കെ.സി, പിആര്‍ വര്‍ക്കുകളില്‍ വിശ്വസിക്കാത്ത, അപ്രിയ സത്യങ്ങള്‍ മുഖത്ത് നോക്കി പറയുന്ന പച്ചയായ മനുഷ്യനാണെന്ന് മധു കുറിച്ചു. നന്ദാവനം എആര്‍ ക്യാമ്പിലെ പോലീസ് മര്‍ദ്ദനമേറ്റു പുളയുമ്പോഴും തളരാതെ നിന്ന പോരാളിയായും, രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ നിഴലായും കെ.സിയെ അദ്ദേഹം അടയാളപ്പെടുത്തി.

അഹന്ത തൊട്ടുതീണ്ടാത്ത വ്യക്തിത്വമായ കെ.സിക്ക് കരുണാകരന്റെയും ആന്റണിയുടെയും സ്വഭാവഗുണങ്ങള്‍ ഒരുപോലെ ഒത്തുചേര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവികള്‍ മുതല്‍ കേന്ദ്രമന്ത്രിസ്ഥാനം വരെ അലങ്കരിച്ചിട്ടും ലാളിത്യം കൈവിടാത്ത നേതാവാണ് അദ്ദേഹം. ഗാന്ധി കുടുംബത്തിന് ഇത്രമേല്‍ വിശ്വാസമുള്ള മറ്റൊരു നേതാവ് വിരളമാണെന്നും, പാര്‍ട്ടിയെ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മതേതരത്വത്തിന്റെ പടച്ചട്ടയണിഞ്ഞു സംരക്ഷിക്കുന്ന നേതാവാണെന്നും ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പഴകുളം മധു കുറിച്ചു.

പഴകുളം മധുവിന്റെ പോസ്റ്റ് ചുവടെ

ചമയങ്ങളണിയാത്ത

നാട്യങ്ങളില്ലാത്ത നേതാവ്

അതാണ് കെ സി വേണുഗോപാല്‍...

കണ്ണൂരിലെ പയ്യന്നൂര്‍ കണ്ടോന്താര്‍ ഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നെറുകയില്‍ അദ്ദേഹം എത്തിയിട്ടുണ്ടെങ്കില്‍

അത് അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട പൊതു ജീവിതത്തിന്റെ ധന്യത കാരണമാണ്.

അകലെ നിന്ന് കാണുന്നവര്‍ക്കും,അടുത്തു കാണുന്നവര്‍ക്കും. .

അങ്ങനെ രണ്ടുണ്ട് കെ സി.

അദ്ദേഹം പൊതു പ്രവര്‍ത്തനം ആരംഭിച്ചു അധികം വൈകാതെ തന്നെ പരിചയപ്പെടാനും അടുത്തറിയാനും കഴിഞ്ഞ അനേകരില്‍ ഒരാളാണ് ഞാന്‍.

ആദ്യകാലത്ത് ശ്രീ രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ മാധ്യമങ്ങള്‍ തിരിച്ചറിയാതെ പോയപോലാണ് ശ്രീ കെ സി വേണുഗോപാലിന്റെയും അനുഭവം എന്ന് എനിക്ക് പല സന്ദര്‍ഭങ്ങളിലും തോന്നിയിട്ടുണ്ട്.

P R വര്‍ക്കില്‍ ഒരിക്കലും വിശ്വസിക്കാത്ത ഒരു നേതാവായതുകൊണ്ട് അദ്ദേഹത്തിന് സ്വന്തം ഇമേജ് പെരുപ്പിച്ചു കാണിക്കാന്‍ കഴിഞ്ഞില്ല.പക്ഷെ അടുത്തിടപഴകാന്‍ അവസരം ലഭിച്ച സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനും വോട്ടറും ആ ഹൃദയ നൈര്‍മല്യം ആവോളം അനുഭവിച്ചിട്ടുണ്ടാകും.

കേരളം വിട്ടു എങ്ങോട്ടും പോകാന്‍ ആഗ്രമില്ലാത്ത കെ സി യെ ഞങ്ങള്‍ക്കറിയാം.എം പി യായി ഡല്‍ഹിക്ക് വണ്ടി കയറാന്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.ആലപ്പുഴയും കണ്ണൂരും കേരളമെമ്പാടുമുള്ള ആത്മ ബന്ധങ്ങളും വിട്ട് എങ്ങോട്ടും പോകാന്‍ അദ്ദേഹം തയാറായിരുന്നില്ല.

അപ്രിയ സത്യങ്ങള്‍ മുഖത്ത് നോക്കി പറയും അദ്ദേഹം.അത് ലീഡര്‍ ശ്രീ കെ കരുണാകരനോട് അദ്ദേഹം പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.ഗ്രൂപ്പ് രാഷ്ട്രീയം കൊടികുത്തി വാണ കേരളത്തില്‍ ഒരിക്കലും തീവ്ര നിലപാടലുകാരനായി കെ സി യെ ആര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ല.പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു പരസ്യ നിലപാടും അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടില്ല.എത്രയോ മഹനീയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ടെങ്കിലും കടുത്ത അവഗണയുടെ കൈപുനീരും അദ്ദേഹം കുടിച്ചിട്ടുണ്ട്.

എന്റെ മനസ്സില്‍ ഇന്നും

പച്ച പിടിച്ചു നില്‍ക്കുന്ന വേണുഗോപാല്‍ ചിത്രം കെ എസ് യു പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റുമായിരുന്ന വേണുഗോപാലിന്റേതാണ്.എന്തൊരു പോരാട്ട വീര്യമായിരുന്നു.ഒരു കലാലയ വര്‍ഷം ഒന്നിലേറെ തവണ കാമ്പസ് സന്ദര്‍ശിക്കുന്ന,വന്നെന്നറിഞ്ഞാല്‍ കോളേജ് കാമ്പസ് ഒന്നടങ്കം ഒഴുകി എത്തി ഒരുനോക്ക് കാണാന്‍ തിരക്ക് കൂട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വേണുഗോപാല്‍.കാമ്പസിന്റെ ഹരമായിരുന്നു അദ്ദേഹം.അന്ന് നടന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും രോമാഞ്ചം.നന്ദാവനം എ ആര്‍ ക്യാമ്പില്‍ ക്രൂരമായ

പോലീസ് മര്‍ദ്ദനത്തെ,ദേഹമാസകലം അടികൊണ്ടു പുളഞ്ഞിട്ടും ചെറുത്തു നില്‍ക്കുന്ന കെ സി യെ അടുത്ത് നിന്ന് ഞാന്‍ കണ്ടിട്ടുണ്ട്.കേരളത്തിലെ എല്ലാ സര്‍വ്വകലാശാല യൂണിയനുകളും പിടിച്ചെടുക്കണമെന്ന വീറോടെ പൊരുതുന്ന വേണുഗോപാലിനെ,എല്ലാം കീഴടക്കി അവസാനം പാളയത്തിലെ പടയില്‍ ഒരു വോട്ട് വ്യത്യാസത്തില്‍ കേരള സര്‍വ്വകലാശാല കൈവിട്ട് ഹതശനായി നിന്ന വേണുഗോപാല്‍....

തീപാറുന്ന സമരങ്ങള്‍ക്കൊണ്ട് കേരളത്തെ വസ്മയിപ്പിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയിരുന്നു അദ്ദേഹം.ഓരോ പഞ്ചായത്തിലുമെത്തി യുവാക്കളെ അണിചേര്‍ക്കുന്ന വേണുഗോപാല്‍ എതിരാളികള്‍ക്ക് എന്നും പേടിസ്വപ്നമാണ്.

കാസര്‍ഗോഡ് ലോകസഭ മുതല്‍ അദ്ദേഹം മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും. ഞാന്‍ പോയിട്ടുണ്ട്.അവിടെല്ലാം അദ്ദേഹത്തിന് ലഭിക്കുന്ന ജനപിന്തുണ കണ്ടു അന്ധാളിച്ചു നിന്നിട്ടുണ്ട് ഞങ്ങള്‍.

എം എല്‍ എ,മന്ത്രി,എം പി,കേന്ദ്ര മന്ത്രി,പി എ

സി ചെയര്‍മാന്‍... എത്തിച്ചേര്‍ന്ന സ്ഥാനങ്ങളിലൊന്നും കറപുരളാത്ത വ്യക്തിത്വമായി അദ്ദേഹം പ്രശോഭിച്ചു.

പാര്‍ട്ടി നേതാക്കള്‍ക്കും ഘടക കക്ഷി നേതാക്കള്‍ക്കും ഒരുപോലെ വിശ്വസിക്കാന്‍ കഴിയുന്ന നേതാവാണ് അദ്ദേഹം.വാക്കിനു വിലയുള്ള നേതാവ്.മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാത്ത നേതാവ്.

ഇന്നലെ വരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ അവിശ്വസനീയമാണ്.വര്‍ഗീയതക്കെതിരെ പോരാടുമ്പോള്‍ എന്തൊരു ഊര്‍ജമാണ് അദ്ദേഹത്തിന്.ഇ ഡി ക്കും സി ബി ഐക്കും, മോദിക്കും അമിത് ഷാക്കും,അദാനിക്കും അംബാനിക്കും കീഴ്‌പ്പെടുത്താന്‍ പറ്റാത്ത ഒരേയൊരു വേണുഗോപാല്‍ നമുക്കും നമ്മുടെ നാടിനും അഭിമാനം നല്‍കുന്ന നേതാവാണ്.

ഗാന്ധി കുടുംബം ഇത്രമേല്‍ വിശ്വസിച്ച ,ആശ്രയിച്ച നേതാക്കള്‍ വിരളം.ആ വിശ്വാസം കൈവിടാതെ സൂക്ഷിക്കണമെങ്കില്‍ തപസ്സിന്റെ ഏകാഗ്രതയും സൂക്ഷ്മതയും വേണമെന്ന് എല്ലാര്‍ക്കുമറിയാം.

.അഹന്ത തൊട്ടു തീണ്ടാത്ത ഒരു പച്ചയായ മനുഷ്യനാണ് അദ്ദേഹം.എപ്പോഴും ചിരിക്കാത്ത,എപ്പോഴും ചിന്തിക്കുന്ന,പ്രലോഭിപ്പിക്കുന്ന എല്ലാത്തിനോടും നിര്‍മമതയോടെ ഇടപെടാന്‍ കഴിയുന്ന നേതാവ്.

തന്റെ പ്രിയ നേതാവ് രാഹുല്‍ ഗാന്ധിയോടുള്ള അദ്ദേഹത്തിന്റെ വിശ്വസ്ഥതയും സ്‌നേഹവും രാജ്യത്ത് അറിയാത്തവരില്ല.അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് ഇടം കയ്യാണോ വലംകൈ ആണോ എന്നതില്‍ മാത്രമേ സംശയമുള്ളൂ.

ഇപ്പൊ അദ്ദേഹമിരിക്കുന്ന സ്ഥാനം

അധികം ആള്‍ക്കാര്‍ സ്വപ്നം കാണാറുപോലുമില്ല.കാരണം അത് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ അതിവീശിഷ്ടമായ ഒരു പദവിയാണ്.ആ കസേരയില്‍ ഇരുന്നുകൊണ്ട് വേണമെങ്കില്‍ എന്തും ചെയ്യാം.ആര്‍ക്കും എന്തും വാരിക്കോരി കൊടുക്കാം.മുന്‍പ് ആ കസേരയില്‍ ഇരുന്നവര്‍ ഒരുപക്ഷെ അങ്ങനെ ചെയ്തിട്ടുമുണ്ടാകാം.പക്ഷെ വേണുഗോപാല്‍ അവിടെയും വ്യത്യസ്തനാണ്.സ്ഥാനം കിട്ടിയ നേതാക്കളുടെ എണ്ണവും പേരും നോക്കിയാലറിയാം,സ്വന്തമെന്ന് മറ്റുള്ളവര്‍ വിധി എഴുതുന്ന ആരെയും അദ്ദേഹം കൈവിട്ടു സഹായിച്ചില്ല.കെ എസ്

യു പ്രസിഡന്റായിരുന്ന,യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയിരുന്ന-എല്ലാവരെയും ചേര്‍ത്തു പിടിച്ചു,ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കള്ളിയില്‍ ഒതുങ്ങാത്ത,അല്ല കുടുങ്ങാത്ത വേണുഗോപാലാണ് സംഘടനാ ചുമതലയുള്ള വേണുഗോപാലും.അദ്ദേഹം ഇരുന്ന സ്ഥാനങ്ങില്‍ എല്ലാവരുടെയും നേതാവായിരുന്നു.അതാണ് ആ വ്യക്തിത്വത്തിന്റെ തിളക്കം നാള്‍ക്കുനാള്‍

വര്‍ധിപ്പിക്കുന്നത്.

ശ്രീ കെ കരുണകരന്റെയും ശ്രീ എ കെ ആന്റണിയുടെയും സ്വഭാവഗുണങ്ങള്‍ സമ്മിശ്രമായി അലിഞ്ഞു ചേര്‍ന്ന ഒരു നേതാവ് എന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ വിലയിരുത്തുന്നത്.

ഇന്നത്തെ കാലത്ത് കേരളത്തിലെ കോണ്‍ഗ്രസിനെ,യു ഡി എഫിനെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കുന്ന നേതാവ്.നമ്മുടെ പാര്‍ട്ടിയെ കാശ്മീര്‍

മുതല്‍ കന്യാകുമാരി വരെ മതേതരത്വത്തിന്റെ പടച്ചട്ടയണിഞ്ഞു സംരക്ഷിക്കുന്ന നേതാവ്.

പൊതു രംഗത്ത് സജീവമായിട്ട് 50 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍,ജന്മ ദിനത്തില്‍ ആശംസകള്‍ നേരുന്നു,പ്രിയ നേതാവിന്.......