കൊച്ചി: കാര്യങ്ങൾ സിപിഎം ആഗ്രഹിച്ചതു പോലെ നടന്നുവോ? ഏതായാലും പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ സഭയ്ക്കുള്ളിൽ എതിർപ്പ് ശക്തമാകുകയാണ്. മന്ത്രിയെ വിമർശിച്ച് കെസിബിസി രംഗത്ത് എത്തി. സജി ചെറിയാന്റെ പ്രസ്താവനയിൽ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് പറഞ്ഞു. സജി ചെറിയാന്റെ പ്രസ്താവനയിലെ 'രോമാഞ്ചം' എന്ന പദത്തെ അതിരുവിട്ട കളിയാക്കലായാണ് സഭ നേതൃത്വം കാണുന്നത്.

സുപ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ വാക്കുകളിൽ മിതത്വ പുലർത്തണം. ഭരങ്ങഘടനയെ മാനിക്കാത്തതിന്റെ പേരിൽ മന്ത്രി സ്ഥാനം പോയ ആളാണ് സജി ചെറിയാൻ. സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരെ അധിക്ഷേപിക്കാൻ ഇവരുടെ. കൈയിൽ ഒരു നിഘണ്ടു ഉണ്ട്. ആ സ്‌കൂളിൽ നിന്ന് വരുന്ന ആളാണ് സജി ചെറിയാൻ. ബിഷപ്പുമാർ പങ്കെടുത്തത് പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ്.സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ല.സജി ചെറിയാന്റെ വാക്കുകൾക്ക് പക്വത ഇല്ല. ഭരിക്കുന്നവരിൽ നിന്ന് ഇത്തരം പ്രസ്താവന ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ആദ്യ രാഷ്ട്രീയ വിവാദമായി ഇത് മാറും.

സിപിഎമ്മിനെതിരായ രൂക്ഷ വിമർശനം കൂടിയാണ് കെസിബിസിയുടേത്. സജി ചെറിയാന്റെ പ്രസ്താവനയെ സംശയത്തോടെയാണ് കോൺഗ്രസ് കാണുന്നത്. കോൺഗ്രസ് വോട്ടു ബാങ്കായ ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി അവരെ ബിജെപിയുമായി അടുപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് കോൺഗ്രസ് കരുതുന്നു. ഏതായാലും പ്രധാനമന്ത്രിയുടെ വിരുന്നിൽ പ്രശ്‌നമില്ലെന്ന് സഭ നിലപാട് വിശദീകരിക്കുകായണ്. സജി ചെറിയാനെ വിമർശിക്കുമ്പോൾ സിപിഎം ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തില്ല. ഇതിനൊപ്പം ഒളിയമ്പുകൾ ഉന്നയിക്കുകയും ചെയ്യും. അങ്ങനെ സഭയെ കുറ്റപ്പെടുത്തുന്ന നിലപാട് തുടരും. ഇതിനെ പ്രതിരോധിക്കാൻ സഭയും മുന്നിലുണ്ടാകും.

ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കുമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നൽകിയ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ ഇന്നലെ രംഗത്ത് വന്നിരുന്നു. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാൻ വിമർശിച്ചു. ഇതിനോടാണ് കെസിബിസിയുടെ പ്രതികരണം

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നൽകിയ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത് വന്നത് വ്യക്തമായ കണക്കു കൂട്ടലുമായാണ്. ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നൽകിയ ക്രിസ്മസ് വിരുന്നിൽ മുംബയ് ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ഗ്രേഷ്യസ്, ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ക്യൂട്ടോ,? സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ഡയറക്ടർ പോൾ സ്വരൂപ്, വ്യവസായികളായ ജോയ് ആലുക്കാസ്, അലക്‌സാണ്ടർ ജോർജ് , കായികതാരം അഞ്ജു ബോബി ജോർജ്, നടൻ ദിനോ മോറിയ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

ക്രിസ്തുമസ് ദിനത്തിൽ നരേന്ദ്ര മോദി നൽകിയ വിരുന്നിൽ പങ്കെടുത്തവർ മണിപ്പൂർ കലാപം ഉൾപ്പെടെയുള്ള വിഷയം ഉന്നയിച്ചിരുന്നില്ല. 60 പേരാണ് വിരുന്നിൽ അതിഥികളായി പങ്കെടുത്തത്. ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങിൽ അടുത്ത വർഷം രണ്ടാം പകുതിയിലോ, 2025 ആദ്യമോ മാർപാപ്പ ഇന്ത്യയിലെത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന എൻഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമം പരിപാടിയിൽ ഓർത്തഡോക്‌സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.

ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരും അംഗത്വം എടുത്തിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഓർത്തഡോക്‌സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാർ ക്ലിമിസടക്കമുള്ള പുരോഹിതന്മാരും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്റെ കടന്നാക്രമണം.