- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോൺ ഏരിയയിൽ സർവത്ര ആശയക്കുഴപ്പം; ഏരിയൽ സർവേ മാത്രം നടത്തി പരിധി നിശ്ചയിക്കുന്നത് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു; ആളുകൾ താമസിക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ല; പരാതി നൽകാനുള്ള സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം ശക്തം; കെസിബിസിയും ശക്തമായ സമര രംഗത്തേക്ക്; ഹെൽപ് ഡെസ്‌ക് തുടങ്ങി കർഷക സംഘടന കിഫ
കോഴിക്കോട്: ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവന്നതോടെ സർവത്ര ആശയക്കുഴപ്പം. ഉപഗ്രഹ സർവേയിൽ സർവത്ര ആശയക്കുഴപ്പങ്ങളാണ് നിലനിൽക്കുന്നത്. സർവേ മാപ്പിൽ അടക്കം അവ്യവക്തതകൾ നിലനിൽക്കുന്നുണ്ട്. ആരൊക്കെ ബഫർസോണിൽ ഉൾപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. അതുകൊണ്ട് തന്നെ പലവിധത്തിലുള്ള ഹെൽപ്പ് ഡെസ്‌ക്കുകൾ തുറന്നിട്ടുണ്ട്. ബഫർ സോൺ ഉപഗ്രഹ സർവ്വേയിൽ പരാതി നൽകാനുള്ള സമയം ദീർഘിപ്പിക്കണമെന്ന് വയനാട്ടിലെ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെട്ടു രംഗത്തുവന്നു.
ബഫർ സോൺ പരിധിയിൽ വരുന്ന പഞ്ചായത്ത്,നഗരസഭാ വാർഡുകളിൽ യോഗങ്ങൾ വിളിച്ചു ചേർക്കും.ബത്തേരി, മാനന്തവാടി നഗരസഭകളും വിവിധ പഞ്ചായത്തുകളും ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ബഫർസോണിൽ കെസിബിസി സമരത്തിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ്. വിഷയത്തിൽ സർക്കാരിനെതിരെ സമരം തുടങ്ങാനാണ് കെസിബിസി തീരുമാനം.കെസിബിസിയുടെ സമരം തിങ്കളാഴ്‌ച്ച കൂരാച്ചുണ്ടിൽ താമരശ്ശേരി ബിഷപ്പ് സമരം ഉദ്ഘാടനം ചെയ്യും.
ബഫർ സോൺ വിഷയത്തിൽ കൃത്യമായ വിവരങ്ങൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയില്ലെങ്കിൽ കോടതി വിധി ജനങ്ങൾക്കെതിരാകുമെന്ന് മാർത്തോമ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത. ഏരിയൽ സർവേ മാത്രം നടത്തുന്നത് സങ്കടകരമാണെന്നും തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. ബഫർ സോണിൽ ജനങ്ങൾ ആശങ്കയിലാണെന്ന് മാർത്തോമ സഭ അധ്യക്ഷൻ ചൂണ്ടിക്കാട്ടി. സർക്കാർ സുപ്രീം കോടതിയിൽ കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ വിധി ജനങ്ങൾക്കെതിരാകും.
ജനങ്ങളെ കേൾക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ല. ഏരിയൽ സർവേ മാത്രം നടത്തിയത് സങ്കടകരമാണ്. ആളുകൾ താമസിക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഏരിയൽ സർവേയിൽ കിട്ടില്ല. പരാതികൾ സമർപ്പിക്കാനുള്ള സമയം കുറഞ്ഞു പോയി. വനത്തിൽ ജീവിക്കുന്ന മൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ഇറങ്ങിവരുന്നു. ഇത് സൂചിപ്പിക്കുന്നത് മനുഷ്യരേയും വനത്തേയും മൃഗങ്ങളെയും ശ്രദ്ധിക്കുന്നില്ലെന്നാണ്. ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു.
ഹൈറേഞ്ച് സംരക്ഷണ സമിതിയും സർക്കാറിനെതിരെ
സംസ്ഥാന സർക്കാരിനെതിരെയും ബഫർസോൺ ഉപഗ്രഹ സർവേ നടത്തിയ വിദഗ്ധസമിതിക്കെതിരെയും ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്ത് വന്നിരിക്കുകയാണ്. വിദഗ്ധ സമിതിയിൽ സംസ്ഥാന സർക്കാർ കാർഷിക താല്പര്യം ഉള്ളവരെ ഉൾപ്പെടുത്താത്തതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ഏകപക്ഷീയമായി സ്ഥാപിത താല്പര്യത്തോടെയാണ് വിദഗ്ധസമിതി റിപ്പോർട്ട് ഉണ്ടാക്കിയത്. ഇത് അംഗീകരിക്കില്ലെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാൻ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുര പറഞ്ഞു.
സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ഹൈറേഞ്ച് നിവാസികളെ കൂടുതൽ ആശങ്കയിലും സമ്മർദത്തിലുമാക്കിയിരിക്കുകയാണെന്ന് ഇടുക്കി രൂപത ജാഗ്രതാസമിതിയും വ്യക്തമാക്കി. തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യമായ പാർപ്പിടവും കൃഷിയിടവും സംരക്ഷിച്ചു നിലനിർത്തി അതിജീവനത്തിനായുള്ള പോരാട്ടത്തിലായിരിക്കുന്ന പ്രദേശവാസികളെ ബോധ്യപ്പെടുത്തുവാനായി തയാറാക്കിയിരിക്കുന്ന 'ശാസ്ത്രീയ' റിപ്പോർട്ട് കൂടുതൽ അശാസ്ത്രീയമായിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ.
വനപ്രദേശമായോ പ്രദേശത്തിന്റെ സാമൂഹിക ആവാസവ്യവസ്ഥകളുമായോ യാതൊരുവിധ പരിചയവുമില്ലാത്ത വിദഗ്ദ്ധർ തയാറാക്കിയ റിപ്പോർട്ട് ഈ വിഷയം കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. ഈ റിപ്പോർട്ടിൽ ബഫർസോൺ മേഖലകൾ തിരിച്ചറിയുവാനുള്ള ലാൻഡ് മാർക്കുകൾ വ്യക്തമല്ല. പുഴകൾ, വാർഡ് അതിർത്തികൾ, പഞ്ചായത്ത്-വില്ലേജ്തല നമ്പരുകൾ എന്നിവ സാധാരണ ജനങ്ങൾക്കു മനസിലാകുന്ന രീതിയിൽ രേഖപ്പെടുത്തിയിട്ടില്ല. വീടുകളും വാണിജ്യസ്ഥാപനങ്ങളും ഒരേ രീതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നതും ഈ റിപ്പോർട്ട് കൂടുതൽ ദുർഗ്രാഹമാക്കുന്നു.
ഇതിൽനിന്നും മനസിലാകണന്നതനുസരിച്ച് 14,619 കെട്ടിടങ്ങൾ ബഫർസോണിൽ വരും. തട്ടേക്കാട്-771, ഇരവികുളം-769, ചിന്നാർ-623, ആനമുടി-1292, കുറിഞ്ഞിമല-597, പാന്പാടുംചോല-63, മതികെട്ടാൻചോല-990, ഇടുക്കി 3944, പെരിയാർ-5570 എന്നിങ്ങനെയാണ് കെട്ടിടങ്ങൾ. ഇത്തരത്തിലൊരു ബഫർസോൺ വന്നാൽ ഈ പ്രദേശങ്ങളിലെ വാണിജ്യ, വിദ്യാഭ്യാസ, മത, ആതുരാലയ സംവിധാനങ്ങളെയെല്ലാം നിഷ്‌കരുണം തകർക്കും. ഇടുക്കിയിലെ ജനങ്ങൾ ജനകീയ സമരങ്ങളിലൂടെ ചെറുത്തുതോല്പിച്ച കസ്തൂരിരംഗൻ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകൾ വളഞ്ഞ വഴിയിലൂടെ നടപ്പിൽ വരുത്താനുള്ള ശ്രമമാണ് ബഫർസോൺ പ്രഖ്യാപനമെന്നും ഇടുക്കി രൂപത അഭിപ്രായപ്പെടുന്നു.
ദേശീയോദ്യാനങ്ങൾക്കുചുറ്റും മാത്രമേ ബഫർ സോൺ ബാധകമായിട്ടുള്ളൂവെന്നും മറ്റ് വനപ്രദേശങ്ങൾക്ക് ഇത് ബാധകമല്ലെന്നുമുള്ള ന്യായീകരണം യുക്തിക്കു നിരക്കാത്തതുമാണ്. ഇടുക്കി ജില്ലയിൽ മാത്രം ഏഴ് ദേശീയ ഉദ്യാനങ്ങൾ ഉണ്ടെന്ന യാഥാർഥ്യം ഇതുമായി ബന്ധപ്പെട്ട അധികാരികൾ വിസ്മരിക്കരുത്. സെപ്റ്റംബർ 30ന് നിയമിക്കപ്പെട്ട വിദഗ്ധസമിതിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുവാനുള്ള കാലാവധി തീരാറായിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ പഞ്ചായത്തുതലത്തിൽ കുറ്റമറ്റവിധത്തിൽ ഫീൽഡ് സ്റ്റഡി നടത്തി വിശദമായ റിപ്പോർട്ട് പൊതുജനങ്ങൾക്കു മനസിലാകത്തക്കവിധത്തിൽ സമർപ്പിക്കുവാൻ കൂടുതൽ സാവകാശം നൽകണം.
മഹാരാഷ്ട്രയും മറ്റും സുപ്രീംകോടതി വിധിക്കെതിരേ ബഫർസോൺ ഒഴിവാക്കി വിധി സന്പാദിച്ചതുപോലെ ഈ പ്രദേശത്തിന്റെ ജനകീയ താത്പര്യം പരിഗണിച്ച് നിജസ്ഥിതി കോടതിയിൽ ബോധ്യപ്പെടുത്തി അനുകൂല വിധി സമ്പാദിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുവാൻ സർക്കാർ തയാറാകണമെന്ന് രൂപതാ സമിതി ആവശ്യപ്പെട്ടു.
സ്വന്തം നിലയ്ക്ക് ഹെൽപ് ഡെസ്‌ക് തുടങ്ങി കർഷക സംഘടന കിഫ
ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകത പഠിക്കാൻ സർക്കാർ തീരുമാനത്തിന് കാത്ത് നിൽക്കാതെ സ്വന്തം നിലയ്ക്ക് ഹെൽപ് ഡെസ്‌കുകൾ തുടങ്ങി കർഷകർ. കേരള സ്വതന്ത്ര കർഷക സംഘടന (കിഫ) യാണ് വയനാട്, കോഴിക്കോട് ജില്ലകളിൽ ഹെൽപ് ഡസ്‌ക് തുടങ്ങിയത്. മറ്റ് വില്ലേജുകളിലും ഹെൽപ് ഡെസ്‌കുകൾ തുടങ്ങുമെന്ന് ഇവർ അറിയിച്ചു. പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്‌ക് തുടങ്ങാൻ സർക്കാറും തീരുമാനമെടുത്തിട്ടുണ്ട്.
ബഫർസോണിനെച്ചൊല്ലി മലയോര മേഖലയിൽ ഒരിക്കൽക്കൂടി ജനങ്ങൾക്കിടയിൽ ആശങ്ക ശക്തമാകുന്ന സ്ഥിതിയാണ്. ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങൾ നിശ്ചയിക്കാൻ നടന്ന ആകാശ സർവേയെ ചൊല്ലി നൂറു കണക്കിന് പരാതികൾ ആണ് ഉയരുന്നത്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ഒരാശങ്കയും വേണ്ടെന്നാണ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞത്. സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിക്കാൻ മാത്രമാണ് ആകാശ സർവേ നടത്തിയത്. എല്ലാ സ്ഥലങ്ങളിലും നേരിട്ടുള്ള പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ബഫർ സോണിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്കും പഞ്ചായത്തുകളിലെ ഹെൽപ് ഡെസ്‌കിനും ലഭിക്കുന്ന പരാതികളിൽ തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഫീൽഡ് സർവേ നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ജനവാസ മേഖലകളെക്കുറിച്ച് പരാതികളുയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ