തിരുവല്ല: സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിലേക്ക് നിയമിക്കുവാൻ ക്രൈസ്തവ പുരുഷന്മാർക്ക് ക്ഷാമമോ എന്ന ചോദ്യവുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ്. ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചാൽ വർഗീയവാദിയാക്കി മുദ്ര കുത്തുമെന്നും പ്രകാശ് പറഞ്ഞു.

2013ൽ രൂപീകൃതമായ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിൽ ചെയർമാൻ സ്ഥാനത്തേക്കും അംഗങ്ങളായും നിയമിക്കപ്പെടുവാൻ ക്രൈസ്തവ വിഭാഗത്തിൽനിന്ന് ആൾക്കാരെ കിട്ടുന്നില്ല എന്ന് നാളിതു വരെയുള്ള അംഗങ്ങളുടെയും ചെയർമാന്മാരുടെയും ലിസ്റ്റ് വിവരാവകാശ നിയമപ്രകാരം എടുത്തപ്പോൾ തനിക്ക് മനസിലായെന്ന് പ്രകാശ് പി. തോമസ് പറയുന്നു.

നാളിതുവരെ നാല് ചെയർമാന്മാരെയാണ് നിയമിച്ചിട്ടുള്ളത്. ഒരാളെ രണ്ടു തവണ നിയമിച്ചിട്ടുണ്ട്. എന്നാൽ ഇതിലൊന്നും ക്രൈസ്തവ സമൂഹത്തിൽ നിന്ന് യോഗ്യതയുള്ളവരെ സംസ്ഥാന സർക്കാരിന് ലഭിച്ചില്ല എന്ന് ലിസ്റ്റ് നോക്കിയാൽ മനസിലാകും. നാല് കമ്മിഷനുകൾ ആണ് ഇതുവരെ നിയമിക്കപ്പെട്ടിട്ടുള്ളത്. ചെയർമാൻ ഒഴികെയുള്ള രണ്ട് അംഗങ്ങളുടെ കണക്കെടുത്താൽ ആകെ എട്ടു പേരെയാണ് നിയമിക്കേണ്ടത്.

അപ്രകാരം നാല് കമ്മിഷനുകളിലായി എട്ടു പേരെ നിയമിച്ചതിൽ ആദ്യ കമ്മിഷനിലെ വി വി ജോഷി ഒഴികെ മറ്റൊരാളെ പോലും ക്രൈസ്തവ സമൂഹത്തിൽ നിന്നും പുരുഷ അംഗമായി നിയമിച്ചിട്ടില്ല. ചെയർമാൻ ഒരു വിഭാഗത്തിൽ നിന്നാണെങ്കിൽ രണ്ടാമത്തെ അംഗം മറ്റൊരു വിഭാഗത്തിൽ നിന്നായിരിക്കണം എന്ന് കമ്മിഷന്റെ ബൈലോയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നുന്നത് മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്ക് തുല്യമായ പ്രാതിനിധ്യം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ പുറത്തിറക്കിയ കൈ പുസ്തകത്തിലെ ന്യൂനപക്ഷ കമ്മിഷൻ നിയമത്തിന്റെ മലയാള പരിഭാഷയിലും ഇത് വളരെ വ്യക്തമായി കൊടുത്തിട്ടുണ്ട്.

എന്നാൽ മന്ത്രി ജലീൽ ഈ നിയമത്തിനു ഭേദഗതി വരുത്തുകയും ക്രൈസ്തവ സമൂഹത്തിന്റെ പുരുഷ പ്രാതിനിധ്യം എടുത്തു കളയുകയും ചെയ്തു. ഇതിനെതിരെ പ്രതികരിക്കുവാൻ എംഎൽഎമാരോഏതെങ്കിലും പാർട്ടിയോ തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവ വിദ്യാർത്ഥികൾക്ക് അനുകൂലമായി ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

വിവരാവകാശ നിയമപ്രകാരംലഭിച്ച രേഖയിലെ വിവരങ്ങൾ അനുസരിച്ച് ക്രൈസ്തവ സമൂഹത്തോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് പറഞ്ഞാൽ അത് നിഷേധിക്കുവാൻ തയ്യാറുള്ളവർ രേഖകളുമായി വരണം. അടിസ്ഥാനപരമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് വർഗീയതയാണെന്നോ വിഭാഗീയതയാണെന്നോ പറഞ്ഞുകൊണ്ട് നിശബ്ദമാക്കുവാൻ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അഡ്വ. പ്രകാശ് പി. തോമസ് പറയുന്നു.