ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിക്കാൻ തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി സ്ഥാപിച്ച പോസ്റ്റർ ബോർഡ് വിവാദത്തിൽ. നിർമ വാഷിങ് പൗഡറിന്റെ പരസ്യ ചിത്രത്തിൽ ബിജെപി നേതാക്കളുടെ തലവെട്ടിയൊട്ടിച്ചാണ് 'വെൽക്കം ടു അമിത് ഷാ' എന്നെഴുതിയ പോസ്റ്റർ ബോർഡ് ഹൈദരാബാദിൽ സ്ഥാപിച്ചത്. ശനിയാഴ്ച മുതലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. 54-ാമത് സിഐഎസ്എഫ് റൈസിങ് ഡേ പരേഡിൽ പങ്കെടുക്കാൻ അമിത് ഷാ ഹൈദരാബാദ് സന്ദർശിച്ചിരുന്നു.

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആർഎസ് എംഎൽഎയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ (കെസിആർ) മകളുമായ കെ.കവിത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരായതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. നേതാക്കളുടെ മുഖമുള്ള നിർമ്മ പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അതിവേഗമാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്.

കെ കവിതയെ കേന്ദ്ര ഏജൻസിയായ ഇ ഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അമിത് ഷാ തെലങ്കാനയിൽ എത്തിയത്. ഇതോടെ അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിന് രാഷ്ട്രീയപ്രാധാന്യമേറി.

'വെൽക്കം ടു അമിത് ഷാ' എന്നെഴുതിയ പോസ്റ്ററിൽ 'നിർമ പെൺകുട്ടി'ക്കു പകരം മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്ന നേതാക്കളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് ചേർത്തിരിക്കുന്നത്. ഹിമന്ത ബിശ്വ ശർമ, നാരായൺ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, അർജുൻ ഖോട്കർ, ജ്യോതിരാദിത്യ സിന്ധ്യ, ഈശ്വരപ്പ, വിരൂപാക്ഷപ്പ എന്നിവരുടെ മുഖങ്ങളാണ് മോർഫ് ചെയ്ത് ചേർത്തിരിക്കുന്നത്.

പിന്നാലെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ''ബിജെപി സർക്കാരിനെയും ബിജെപി നേതാക്കളെയും മോശമായി കാണിച്ചുകൊണ്ട് ഇത്തരം പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദ് സന്ദർശിച്ചപ്പോഴും ഇങ്ങനെ ചെയ്തിരുന്നു'' മുതിർന്ന ബിജെപി നേതാവ് എൻ.രാംചന്ദർ റാവു പറഞ്ഞു.

''അമിത് ഷാ ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോൾ ബിആർഎസ് നേതാക്കൾ ബിജെപിയിൽ ചേർന്നാൽ ശുദ്ധമാകും എന്ന മട്ടിൽ നിർമയുടെ പരസ്യം കാണിക്കാനാണ് ശ്രമിക്കുന്നത്. പൊതുപണം ഉപയോഗിച്ചാണ് ബിആർഎസ് നേതാക്കൾ ഇത്തരം പ്രകടനങ്ങൾ നടത്തുന്നത്. പൊതുപണം ഇത്തരം കാര്യങ്ങൾക്കുവേണ്ടിയാണ് ചെലവഴിക്കുന്നത്. ബിജെപിക്കും ബിജെപി നേതാക്കൾക്കുമെതിരെ വ്യാജവും വിദ്വേഷവും പ്രചരിപ്പിക്കാൻ ബിആർഎസ് നേതാക്കൾ ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ചെലവഴിക്കുന്നത്'' അദ്ദേഹം കൂട്ടിച്ചേർത്തു.

''ഇത്തരം സംഭവങ്ങളെ ഞങ്ങൾ അപലപിക്കുന്നു. ജനാധിപത്യത്തെ പരിഹസിക്കുകയാണ്. അവർ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്യുന്നു. ആരാണ് ശുദ്ധിയുള്ളവരെന്ന് എല്ലാവർക്കും അറിയാം. ഇത്തരം പോസ്റ്ററുകൾക്കായി പൊതുപണം ചെലവഴിക്കുന്നത് പ്രതിഷേധാർഹമാണ്'' അദ്ദേഹം പറഞ്ഞു.