തൃശൂർ: പി എസ് സി ആയാലും താൽകാലികം ആയാലും കുടുംബശ്രീയായാലും ജോലി സിപിഎമ്മുകാർക്ക് മാത്രം. ഒന്നുകിൽ പാർട്ടിയിൽ നിന്ന് കത്തു വാങ്ങി നിയമനം. റാങ്ക് പട്ടിക തയ്യാറാക്കിയാൽ അത് അട്ടിമറിക്കും. പാർട്ടിക്കാർ അല്ലാത്ത ആരെങ്കിലും റാങ്കിൽ ഒന്നാമത് എത്തിയാൽ ഭീഷണി. കേരളത്തിൽ തൊഴിൽ കിട്ടാതെ അഭ്യസ്ത വിദ്യർ അലയുമ്പോൾ എല്ലാം തട്ടിയെടുക്കുകയാണോ സിപിഎം? തൃശൂർ കേരള വർമ്മയിലെ പുതിയ വിവാദവും സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്. ആ കോളേജിൽ പൊളിട്ടിക്കൽ സയൻസിൽ ഗസ്റ്റ് അദ്ധ്യാപകനായി എസ് എഫ് ഐക്കാരൻ തന്നെ വേണം. ചാൻസലറായ ഗവർണ്ണർക്ക് മുമ്പിലേക്ക് വിഷയം എത്തിക്കഴിഞ്ഞു. ജോലി തട്ടിയെടുക്കുന്ന സഖാക്കളുടെ പുതിയ മോഡൽ.

'അവർ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. മാനസികമായി ഞാൻ തളർന്നു. വീട്ടുകാർപോലും പേടിച്ചിരിക്കുകയാണ്.' കേരളവർമ കോളജിലെ പൊളിറ്റിക്കൽ സയൻസ് ഗെസ്റ്റ് അദ്ധ്യാപക റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരിയായ അദ്ധ്യാപിക മറ്റൊരധ്യാപികയ്ക്കയച്ച വാട്‌സാപ് സന്ദേശത്തിൽ എല്ലാമുണ്ട്. റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ മുൻ എസ്എഫ്‌ഐ നേതാവിനു നിയമനം നൽകാൻ കേരളവർമയിലെ 2 അദ്ധ്യാപകർ നിരന്തരം ഭീഷണിപ്പെടുത്തി വിസമ്മതക്കുറിപ്പ് എഴുതിപ്പിച്ചെന്നാണു സന്ദേശങ്ങളിലെ ഉള്ളടക്കം. ഇതിനൊപ്പം അതിവേഗ നിയമനത്തിനായി എസ് എഫ് ഐയുടെ സമരം. എങ്ങനേയും സഖാവിന് തന്നെ ജോലി നൽകണം. ഇതാണ് ഗൂഢാലോചനയും പദ്ധതിയും. അതിന് വേണ്ടി ഏതു വഴിക്കും അവർ സഞ്ചരിക്കും. പുറത്തു വരുന്ന ഓഡിയോ ഞെട്ടിപ്പിക്കുന്നതാണ്.

ജോലിക്കു ചേരുന്നില്ലെന്ന കത്ത് കേരളവർമ കോളജിലേക്കു അയയ്‌ക്കേണ്ടിവന്നത് പേടികാരണമാണെന്നും അദ്ധ്യാപിക പറയുന്നുണ്ട്. രണ്ടാം റാങ്കുകാരനായ നേതാവിനെ തിരുകിക്കയറ്റാനുള്ള ശ്രമത്തെ എതിർത്ത മറ്റൊരധ്യാപികയെ വകുപ്പുമേധാവി അധിക്ഷേപിക്കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്തതിനു കോടതിയിൽ കേസുണ്ട്. പക്ഷേ ഈ അദ്ധ്യാപകനും എല്ലാം സുഖകരം. കാരണം തിരുവനന്തപുരത്ത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കത്ത് വിവാദത്തിന്റെ തുടർച്ച തന്നെയാണ് ഇത്. ആനാവൂരിന് മേയർ അയച്ച കത്ത് കണ്ടെത്താനാകുന്നില്ലെന്നും അത് കത്തിച്ചു കളഞ്ഞെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കത്തിച്ച കത്തിൽ അന്വേഷണവും നടക്കില്ലെന്നതാണ് നിലപാട്. ഇതു പോലെ വകുപ്പുമേധാവി അധിക്ഷേപിക്കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്തതും പൊലീസിന് പഴയ സംഭവമാണ്. ആംഗ്യം കാട്ടൽ നേരിട്ട് കണ്ടാലോ കേസുള്ളൂ. ഏതായാലും പരിധി വിട്ട് സഖാക്കളെ തിരുകി കയറ്റുകയാണ് ലക്ഷ്യം.

മെയ്‌ 28നാണു ഗെസ്റ്റ് അദ്ധ്യാപക നിയമനത്തിന് അഭിമുഖം നടത്തിയത്. സബ്ജക്ട് എക്‌സ്പർട്ടിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ മുൻ എസ്എഫ്‌ഐ നേതാവിനു കഴിഞ്ഞില്ല. വകുപ്പുമേധാവി ഇയാൾക്ക് മുഴുവൻ മാർക്കും നൽകിയെങ്കിലും രണ്ടാം റാങ്കാണു ലഭിച്ചത്. സബ്ജക്ട് എക്‌സ്പർട്ട് പക്ഷപാതപരമായാണു ചോദ്യങ്ങൾ ചോദിച്ചതെന്ന് ആരോപിച്ച് വകുപ്പുമേധാവി പ്രിൻസിപ്പലിനു കത്തുനൽകി. റാങ്ക് പട്ടികയിൽ ഒപ്പിടാൻ മേധാവി വിസമ്മതിക്കുകയും ചെയ്തു. നിയമനത്തിലെ ബാഹ്യഇടപെടൽ അന്വേഷിക്കണമെന്നുകാട്ടി ഇതേ കോളജിലെ അദ്ധ്യാപിക കൂടിയായ സബ്ജക്ട് എക്‌സ്പർട്ട് ഡോ. ജ്യുവൽ ജോൺ ആലപ്പാട്ട് ചാൻസലർക്കും വൈസ് ചാൻസലർക്കും അടക്കം പരാതി നൽകി. പ്രിൻസിപ്പൽ നിയോഗിച്ച സമിതി അന്വേഷിച്ച ശേഷം റിപ്പോർട്ട് നൽകിയെങ്കിലും നടപടി ആയിട്ടില്ല. ഇതിനിടെയാണ് ഒന്നാം റാങ്ക് കിട്ടിയ അദ്ധ്യാപികയെ ഭീഷണി പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം.

'വായിലെ നാവ് അകത്ത് ഇടെടീ...' എന്നു പരസ്യമായി പലവട്ടം ആക്രോശിക്കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്‌തെന്നാരോപിച്ച് കേരളവർമ കോളജിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പുമേധാവിക്കെതിരെ ഡോ. ജ്യുവൽ ജോൺ ആലപ്പാട്ട് നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്. രണ്ടാം റാങ്കുകാരനായ മുൻ എസ്എഫ്‌ഐ നേതാവിനു ചട്ടവിരുദ്ധമായി നിയമനം നൽകാനുള്ള റപ്രസന്റേഷനിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ചതാണ് വകുപ്പുമേധാവിയെ പ്രകോപിപ്പിച്ചതെന്ന് അദ്ധ്യാപികയുടെ പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല ആംഗ്യം കാട്ടിയതിനും അദ്ധ്യാപികയുടെ പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 23നു വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. കേസ് കോടതിയിലാണ്. ആദ്യ റാങ്കുകാരി ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിച്ചതോടെ രണ്ടാം റാങ്കുകാരനായ ഇടതു നേതാവിനു വേണ്ടി ഉടൻ നിയമനം ആവശ്യപ്പെട്ടാണു വകുപ്പു മേധാവി റപ്രസന്റേഷൻ തയാറാക്കിയത്.

'നിന്നേക്കാൾ സീനിയറാണെന്നും ജൂനിയറായ നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതിയെന്നും ധിക്കാരം എന്നോടു വേണ്ടെന്നും' മേധാവി ഭീഷണി മുഴക്കിയതായി പരാതിയിലുണ്ട്. ഒപ്പിടാൻ സാധിക്കില്ലെന്നു തീർത്തു പറഞ്ഞതോടെ അശ്ലീല ആംഗ്യം കാട്ടിയെന്നാണു കേസ്. മുൻപും ഇത്തരം അശ്ലീല പ്രയോഗങ്ങൾ ഉണ്ടായതായും പരാതിയിലുണ്ട്. തൃശൂർ കേരളവർമ കോളജിലെ എസ്.എഫ്.ഐ. പ്രവർത്തകർ നാലു ദിവസമായി സമരത്തിലായിരുന്നു. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകനായിരുന്ന ഇ.എ.അജിതിന് ഈ വർഷം നിയമനം നൽകിയില്ലെന്നാണ് ആക്ഷേപം. കോളജ് പ്രിൻസിപ്പൽ ഇൻചാർജിന്റെ വ്യക്തിവൈരാഗ്യമാണ് ഇതിനു കാരണമെന്ന് എസ്.എഫ്.ഐ. ആരോപിക്കുന്നു. ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ റാങ്ക് പട്ടികയിൽ രണ്ടാം റാങ്കായിരുന്നു അജിത്തിന്. ഒന്നാം റാങ്ക് ലഭിച്ച അദ്ധ്യാപിക മറ്റൊരു കോളജിൽ നിയമനം കിട്ടിപോയെന്നും എസ് എഫ് ഐ പറയുന്നു.

അതുകൊണ്ട് അജിത്തിന് അവസരം നൽകാത്തത് എസ്.എഫ്.ഐ. ചോദ്യംചെയ്യുകയാണ്. കേരളവർമ കോളജിലെ മുൻ എസ്.എഫ്.ഐ. നേതാവ് കൂടിയായിരുന്നു അജിത്. ജെ.എൻ.യുവിൽ ഉന്നതപഠനത്തിനു ശേഷമാണ് കേരളവർമയിൽ ഗസ്റ്റ് അദ്ധ്യാപകനായത്. ഒന്നാം റാങ്ക് ലഭിച്ച അദ്ധ്യാപികയെ ഫോണിൽ ഭീഷണിപ്പെടുത്തിയതായും പറയുന്നു. രാഷ്ട്രീയ നിയമനങ്ങൾക്ക് കുപ്രസിദ്ധമാണ് കേരള വർമ്മ കോളേജ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനം. ഇതൊരു എയ്ഡഡ് കോളേജാണ്. മാനേജ്മെന്റിന് നിയമിക്കാം. ശമ്പളം സർക്കാർ കൊടുക്കും. സാധാരണ എയ്ഡഡ് കോളേജുകളിൽ നിന്ന് ഭിന്നമായി സർക്കാർ തന്നെയാണ് ഇവിടെ മാനേജ്മെന്റ്. കൊച്ചി ദേവസ്വം ബോർഡിനെ നിശ്ചയിക്കുന്നത് സർക്കാരാണെന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ സർക്കാർ സ്ഥാപനത്തിൽ മാനേജ്മെന്റ് ക്വാട്ടയിൽ ഇവിടെ സർക്കാരിന്റെ ഇഷ്ടക്കാർക്ക് ജോലിക്ക് കയറാം. മന്ത്രിയായി മാറുന്ന അദ്ധ്യാപകർ പോലും ഇവിടെയുണ്ട്. ഈ കോളേജിലാണ് അടുത്ത പിൻവാതിൽ നിയമന വിവാദം ഉയരുന്നത്.

കേരളവർമ കോളജിൽ പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അദ്ധ്യാപക തസ്തികയിൽ മുൻ എസ്എഫ്ഐ പ്രവർത്തകനെ നിയമിക്കാൻ റാങ്ക് പട്ടിക 6 മാസമായി പിടിച്ചുവച്ചിരിക്കുന്നുവെന്നതാണ് വസ്തുത. പാർട്ടിക്കാരനായ ഉദ്യോഗാർഥി രണ്ടാമതായിപ്പോയതിനാൽ റാങ്ക് പട്ടിക വകുപ്പുമേധാവി ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണെന്ന് ഇന്റർവ്യൂ ബോർഡിലെ സബ്ജക്ട് എക്സ്പർട്ടായ അദ്ധ്യാപിക ചാൻസലറായ ഗവർണർക്കും വൈസ് ചാൻസലർക്കും ദേവസ്വം ബോർഡ് അധികൃതർക്കും പരാതി നൽകിയിട്ടുമുണ്ട്. അഭിമുഖത്തിലെ ക്രമക്കേടും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എല്ലാ തരത്തിലും അട്ടിമറി. കേരളത്തിലെ മിക്ക് എയ്ഡഡ് കോളേജുകളിലും മാനേജ്മെന്റ് ഇഷ്ടത്തിനാണ് നിയമനങ്ങൾ. പക്ഷേ പല മാനേജ്മെന്റും വലിയ തുക കോഴയായി വാങ്ങുന്നു. ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നത്.

അതുകൊണ്ട് തന്നെ രാഷ്ട്രീയ സ്വാധീനമുള്ളവർ കണ്ണുവയ്ക്കുന്നത് കേരളവർമ്മയിലാണ്. അത്തരമൊരു നിയമനത്തിലാണ് കേരളവർമ കോളജിൽ പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അദ്ധ്യാപക തസ്തികയിലും നടക്കുന്നത്. താൽകാലികക്കാരനായി കയറി സ്ഥിര നിയമനത്തിന്റെ സാധ്യതകൾ കണ്ടെത്തും. ഇതാണ് പുതിയ നിയമനത്തിലെ റാങ്ക് പട്ടികയെ വിവാദത്തിലാക്കുന്നത്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ, അദ്ധ്യാപിക പക്ഷപാതപരമായി ചോദ്യങ്ങൾ ചോദിച്ചെന്ന ആക്ഷേപമുണ്ടെന്നു പ്രിൻസിപ്പൽ വിശദീകരിച്ചതാണ് അഭിമുഖത്തിലെ വിശദാംശങ്ങൾ സഹിതം പരാതി നൽകാൻ അദ്ധ്യാപികയെ നിർബന്ധിതയാക്കിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ പിന്തുണയുള്ളവർക്ക് മാത്രമായി കേരളവർമ്മയിലെ നിയമനങ്ങൾ സംവരണം ചെയ്തോ എന്ന സംശയം ഉയർത്തുന്നതാണ് ഈ വിവാദവും.