തിരുവനന്തപുരം: എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പഴയ ഫോര്‍മുല പ്രകാരം മാര്‍ക്ക് ഏകീകരിച്ചതോടെ റാങ്ക് പട്ടികയില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. സിബിഎസ്ഇയെ അപേക്ഷിച്ച് കേരള സിലബസുകാര്‍ പിന്നോക്കം പോയി. ഒന്നാം റാങ്കിന് അടക്കം മാറ്റം വന്നു. ആദ്യ 100 റാങ്കില്‍ 21 പേര്‍ മാത്രമേ കേരള സിലബസില്‍ നിന്നുള്ളു. നേരത്തെ ആദ്യ നൂറില്‍ 43 പേര്‍ കേരള സിലബസുകാര്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. സിബിഎസ്ഇ സിലബസില്‍ പഠിച്ച ജോഷ്വായ്ക്ക് പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു. പഴയ പട്ടികയില്‍ കേരള സിലബസിലെ വിദ്യാര്‍ഥി ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പുതിയ പട്ടികയില്‍ ജോണിന് ഏഴാം റാങ്കാണ്.

സിബിഎസ്ഇ സിലബസുകാരനായ രണ്ടാം റാങ്കുകാരന്റെ റാങ്കില്‍ മാറ്റമില്ലെങ്കിലും കേരള സിലബസുകാരനായ മൂന്നാം റാങ്കുകാരന്‍ പുതിയ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എട്ടാം റാങ്കിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ റാങ്ക് 185 ആയി.

എറണാകുളം സ്വദേശി ഹരികിഷന്‍ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സക്കറിയ മൂന്നാം റാങ്കും സ്വന്തമാക്കി. തീരൂരങ്ങാടി സ്വദേശി അദല്‍ സയാന്‍ (4), ബെംഗളൂരു സ്വദേശി അദ്വൈത് അയിനിപ്പള്ളി (5), ബെംഗളുരു സ്വദേശി അനന്യ രാജീവ് (6), എറണാകുളം സ്വദേശി ജോണ്‍ ഷിനോജ് (7), കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജു (8), കോഴിക്കോട് സ്വദേശി അച്യുത് വിനോദ് (9), കോഴിക്കോട് സ്വദേശി അന്‍മോല്‍ ബൈജു (10) എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്.


നിയമയുദ്ധം അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

കീം പരീക്ഷാ ഫലം റദ്ദാക്കിയത് ശരി വച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പഴയ ഫോര്‍മുലയില്‍ റാങ്ക് പട്ടിക വ്യാഴാഴ്ച തന്നെ പുറത്തിറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചിരുന്നു. എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന് വീഴ്ച പറ്റിയെന്നു പറയാന്‍ കഴിയില്ല. എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പഴയ മാനദണ്ഡത്തില്‍ നീതികേടുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബദല്‍ കണ്ടെത്താന്‍ ശ്രമിച്ചത്. അത് തെറ്റാണെന്നല്ല മറിച്ച് പ്രോസ്പെക്ടസില്‍ മാറ്റം വരുത്തിയ സമയം ശരിയല്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

യഥാര്‍ഥത്തില്‍ പ്രോസ്പെക്ടസില്‍ ഏതു സമയത്തും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പക്ഷേ കോടതിവിധി അംഗീകരിക്കുകയാണ്. എഐസിടി പ്രവേശനത്തിന് അവസാനതിയതി പറഞ്ഞിരിക്കുന്നത് ഓഗസ്റ്റ് 14 ആണ്. അതിനു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ആ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം വരെ തുടര്‍ന്ന പ്രക്രിയ തന്നെ തുടരും.

കുട്ടികളുടെ അവസരം നഷ്ടപ്പെടാന്‍ പാടില്ല. റാങ്ക് പട്ടിക പുതുക്കുമ്പോള്‍ തര്‍ക്കമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും മന്ത്രി പറഞ്ഞു. മാറ്റം സംബന്ധിച്ച് നേരത്തെ ആലോചിക്കേണ്ടതായിരുന്നില്ലേ എന്ന ചോദ്യത്തിന് ആ വക ചോദ്യത്തിനൊന്നും പ്രസക്തിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കീം പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് വാങ്ങിയാലും സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്ക് 35 മാര്‍ക്ക് കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റത്തിന് ശ്രമിച്ചത്. ഈ വര്‍ഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതിനു കഴിയാതെ വന്നിരിക്കുകയാണ്. അടുത്ത വര്‍ഷം പുതിയ ഫോര്‍മുല നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.