തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏക പ്രതി കേഡല്‍ ജിന്‍സണ്‍ കുറ്റക്കാരന്‍. തിരുവനന്തപുരം ആറാം അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ വീട്ടില്‍ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആര്‍എംഒ ഡോ. ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേഡലിനെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. അമ്മയേയും അച്ഛനേയും സഹോദരിയേയും ബന്ധുവിനെയുമാണ് കേഡല്‍ കൊന്നു തള്ളിയത്. ആസ്ട്രല്‍ പ്രൊജക്ഷന്റെ പേരിലായിരുന്നു കൊല. 65 ദിവസം നീണ്ട വാദത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാവിധിയില്‍ വാദം നാളെ നടക്കും. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, വീട് തകര്‍ക്കല്‍, ബന്ധിയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കേഡലിനെതിരെ തെളിഞ്ഞത്. കുടുംബത്തിലെ നാല് പേരെ പ്രതി കേഡല്‍ ജിന്‍സണ്‍ കൊലപ്പെടുത്തിയ കേസില്‍ വിധി വരുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതിക്രൂരമായിരുന്നു കൊല. അതുകൊണ്ട് പരമാവധി ശിക്ഷ കേഡലിന് കൊടുക്കണമെന്ന വാദം സജീവമാണ്.

പ്രതി കേഡല്‍ ജിന്‍സണ്‍ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണ് കേസ്. ഇവരുടെ മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് താഴത്തെ നിലയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. ശരീരത്തിലെ 9 മുറിവുകളില്‍ ഏഴെണ്ണം തലയോട്ടിയിലാണ്. മഴു ഉപയോഗിച്ചു തലയില്‍ വെട്ടിയാണു രാജയെ കൊന്നതെന്നാണു നിഗമനം. സാത്താന്‍സേവയ്ക്ക് അടിമപ്പെട്ട് മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ നാലുപേരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്. ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തലാണ് പരീക്ഷിച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേഡലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും കേഡലിന്റെ മൊഴിയുണ്ട്.

2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ 'ആസ്ട്രല്‍ പ്രൊജക്ഷനാ'ണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേഡലിന് മാനസികപ്രശ്‌നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് കേഡല്‍ തിരികെയെത്തിയത്. കേഡല്‍ ഇപ്പോഴും പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.

പത്തുവര്‍ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ കേഡല്‍ സാത്താന്‍ സേവ നടത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെയാണ് കേഡല്‍ ആസ്ട്രല്‍ പ്രൊജക്ഷനില്‍ അറിവ് നേടിയത്. നല്ല സാമ്പത്തികസ്ഥിതിയും വിദ്യാഭ്യാസവുമുള്ള കുടുംബത്തിലെ അംഗമായ കേഡല്‍ സാത്താന്‍ സേവയില്‍ എങ്ങനെ എത്തിപ്പെട്ടുവെന്നത് പോലീസിനെ കുഴക്കിയിരുന്നു. അന്വേഷണത്തില്‍ കേഡല്‍ അല്ലാതെ മറ്റൊരാളിന്റെ ഇടപെടല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേഡല്‍ മാത്രമാണ് കേസിലെ പ്രതി. സംഭവത്തിന് ശേഷം നന്തന്‍കോട്ടുള്ള വീട് പൂട്ടിക്കിടക്കുകയാണ്. നേരത്തേ പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതിനാല്‍ കേസില്‍ തുടര്‍നടപടികള്‍ വൈകിയിരുന്നു. സഹതടവുകാരനെ ആക്രമിച്ച പശ്ചാത്തലമുള്ളതിനാല്‍ കേഡലിനെ മിക്കസമയത്തും ഒറ്റയ്ക്കായിരുന്നു ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ളപ്പോള്‍ വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ ചെലുത്താറില്ലെന്നതൊഴിച്ച് മറ്റു പ്രശ്‌നങ്ങളൊന്നും ജയിലില്‍ ഉണ്ടാക്കാറില്ലായിരുന്നു. ഇടയ്ക്ക് ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടിരുന്നു.