- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവരാഗവും സൂര്യമാനസവും നിറച്ച മെലഡിയിൽ മലയാളി വിതുമ്പി; വിരമിക്കൽ പ്രഖ്യാപിച്ച് വീട്ടിലിരുന്ന അമ്മാവനെ നിർബന്ധിപ്പിച്ച് വീണ്ടും കളത്തിലിറക്കിയ അനന്തരവൻ; ബാഹുബലിയിലെ മാന്ത്രിക സംഗീതം ആവേശമായി; മഹിഷ്മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിൽ എത്തിയപ്പോൾ ഓസ്‌കറും; ഇന്ത്യയുടെ അഭിമാനമായി കീരവാണി
ന്യൂഡൽഹി: എ ആർ റഹ്‌മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ ചരിത്രമായിരുന്നു. തുടർച്ചയായി ഓസ്‌കറും. രാജമൗലി ചിത്രത്തിൽ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്‌കാരം. എആർ റഹ്‌മാൻ പുരസ്‌കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. പിന്നാലെ ഓസ്‌കറും എത്തി.
കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള വലിയ ആംഗീകാരമാണ് ഓസ്‌കർ. 20 ട്യൂണുകളിൽ നിന്നും ആർആർആർ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന നാട്ടുവിലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികൾ. രാഹുൽ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയിൽ കീരവാണിയുടെ മകൻ കാലഭൈരവനും.
ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങൾ ഒരുക്കിയ, തല മുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ ബാഹുബലിയിലും കീരവാണിയുടെ മാന്ത്രികസംഗീതം ചർച്ചയായി. മഹിഷ്മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ നാട്ടു നാട്ടു പാട്ട്.
90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർത്തു. ക്രിമിനൽ, ജിസം, സായ, സുർ, മഗധീര, സംഗീതപ്രേമികൾ ആഘോഷിച്ച ഈണങ്ങൾ. മാസ്റ്റർ സംവിധായകൻ ഭരതൻ പ്രണയത്തിന്റെ ദേവരാഗം തീർക്കാൻ വിളിച്ചതും കീരവാണിയെ. നോവൂറൂന്ന സൂര്യമാനസവും കോട മഞ്ഞിനൊപ്പം നീലഗിരിക്കുന്നിൽ പെയ്ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി.
61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു. എആർ റഹ്‌മാന് ശേഷം കീരവാണിയിലൂടെ ഓസ്‌കർ വീണ്ടും രാജ്യത്തെത്തുമ്പോൾ ഇന്ത്യൻ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു. കർണടക സംഗീതത്തിലെ രാഗത്തിന്റെ പേര് കൂടിയാണ് കീരവാണി. 1990ൽ ഇറങ്ങിയ മനസ്സ് മമത എന്ന ചിത്രമാണ് കൊടുരി മരകതമണി കീരവാണിയെ തെലുങ്ക് സിനിമയിൽ അടയാളപ്പെടുത്തുന്നത്. കരിയറിന്റെ തുടക്കത്തിലേ മലയാളത്തിലുമെത്തി. 91ൽ പുറത്തിറങ്ങിയ ഐ.വി. ശശിയുടെ നീലഗിരി ആദ്യചിത്രം. തൊട്ടടുത്ത വർഷം സൂര്യമാനസം. കീരവാണിയുെട മെലഡിയിൽ മലയാളം വിതുമ്പുകയായിരുന്നു.
ഭരതനാണ് പിന്നീട് വീണ്ടും കീരവാണിയെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്, ദേവരാഗം പകരാൻ. പിറന്നതോ ഒന്നിനോടൊന്ന് മികവുറ്റ ഗാനങ്ങൾ. മലയാളത്തിലും തമിഴിലും മരഗത മണി എന്ന പേരിലായിരുന്നു എം.എം. കീരവാണി പാട്ടുകൾ ചിട്ടപ്പെടുത്തിയത്. 2014ൽ സിനിമ സംഗീത ലോകത്തുനിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയ കീരവാണിയെ അനന്തരവൻ സംവിധായകൻ എസ്.എസ് രാജമൗലിയാണ് പിന്തിരിപ്പിച്ചത്. അതൊരു നിയോഗമായിരുന്നുവെന്ന് കാലം തെളിയിക്കുകയാണ്. അങ്ങനെ ഓസ്‌കറും തെലുങ്കിന് സ്വന്തമായി.
രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‌കർ അവാർഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. 'ആർആർആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‌കാർ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കൈലഭൈരവും രാഹുലും ചേർന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. നേട്ടം ഇന്ത്യക്ക് സമർപ്പിക്കുന്നതായി കീരവാണി പറഞ്ഞു. മൂന്ന് മിനിറ്റും 36 സെക്കൻഡും ദൈർഘ്യമുള്ള ഗാനം രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് ആലപിച്ചത്.
കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത 'ദി എലഫന്റ് വിസ്പറേഴ്‌സ്' മികച്ച ഷോർട് ഡോക്യുമെന്ററി വിഭാഗത്തിൽ പുരസ്‌കാരം നേടി. എന്നാൽ, ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യയുടെ ഓൾ ദാറ്റ് ബ്രീത്ത്‌സിന് പുരസ്‌കാരമില്ല. ഹോളിവുഡിലെ ഡോൾബി തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. റെഡ് കാർപ്പറ്റിന് പകരം ഷാംപെയിൻ നിറത്തിലെ കാർപ്പറ്റിലാണ് താരങ്ങളെ സ്വീകരിച്ചത്. കൊമേഡിയൻ ജിമ്മി കിമ്മൽ ആണ് പുരസ്‌കാരദാന ചടങ്ങിന്റെ അവതാരകൻ. ദീപിക പദുകോൺ അടക്കം പ്രമുഖരാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ