- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേലേ മാനത്തെ തേരിലൂടെ നീലക്കുന്നിന്റെ ചാരേ വന്നിറങ്ങിയത് മലയാളത്തിലേക്ക്; തരളിത രാവിൽ മയങ്ങിയ സൂര്യമാനസം; ശിശിരകാല മേഘമിഥുന രതി പരാഗമായ ദേവരാഗം: ഓസ്‌കാർ അവാർഡ് ജേതാവ് കീരവാണി മലയാള സിനിമയ്ക്കും നൽകി രാഗാമൃതം; രാജാമണിയുടെ ശിഷ്യൻ ലോക സംഗീതത്തിന്റെ മരഗതമണിയാകുമ്പോൾ
കൊച്ചി: 1991 ൽ ഐവി ശശിയുടെ നീലഗിരി എന്ന സിനിമയിലൂടെയാണ് എം.എം കീരവാണിയെന്ന മരഗതമണി മലയാള സിനിമയിൽ എത്തുന്നത്. രഞ്ജിത്ത് തിരക്കഥയെഴുതിയ സിനിമയുടെ കഥ നടക്കുന്നത് ഊട്ടിയുടെ പശ്ചാത്തലത്തിലായിരുന്നു. അന്ന് ടൈറ്റിൽ സ്‌ക്രീനിൽ സംഗീതം മരഗതമണി എന്ന് കണ്ട മലയാളികൾ അത്ര കാര്യമാക്കിയില്ല. എന്നാൽ പി.കെ. ഗോപി എഴുതി മരഗതമണി ഈണമിട്ട ഗാനങ്ങൾ മുഴുവൻ ഹിറ്റായി. അതിനൊപ്പം നീലഗിരിയും. ഇന്നിപ്പോൾ മരഗതമണി ഓസ്‌കാർ അവാർഡ് വേദിയിലുണ്ട്. കീരവാണി എന്ന പേരിൽ. 14 വർഷത്തിന് ശേഷം ഓസ്‌കാറിൽ ഇന്ത്യയുടെ യശസുയർത്തി.
മേലേമാനത്തെ തേര് എന്ന ടൈറ്റിൽ സോങ്ങാണ് നീലഗിരി സിനിമയുടെ മുഖ്യ ആകർഷണം. അതിനൊപ്പം കിളിപാടുമേതോ മലർമേടു കാണുവാൻ, തുമ്പീ നിന്മോഹം, മഞ്ഞുവീണ പൊൽത്താരയിൽ, പൊന്നരളി കൊമ്പിലെ കുയിലേ പറയൂ എന്നീ പാട്ടുകളും നീലഗിരിയിൽ ശ്രദ്ധിക്കപ്പെട്ടു. തൊട്ടുപിന്നാലെ 1992 ൽ വിജി തമ്പിയുടെ സൂര്യമാനസം വന്നു. ഗിരീഷ് പുത്തഞ്ചേരി എഴുതിയ തരളിതരാവിൽ മയങ്ങിയോ ഹിറ്റായി. പക്ഷേ, അതിൽ മനോ പാടിയ തമിഴ്ഗാനം കൂടിയുണ്ടായിരുന്നു. സിനിമയിൽ ജഗതി പാടി അഭിനയിച്ച കണ്ണിൽ നിലാവിടം എന്ന് തുടങ്ങുന്ന പാട്ട്. മേഘത്തേരിറങ്ങും സഞ്ചാരീ എന്ന പാട്ടും മോശമായില്ല.
പിന്നാലെ കന്നഡത്തിൽ ഹിറ്റായ ചിരഞ്ജീവി ചിത്രങ്ങൾ മൊഴിമാറ്റം നടത്തി വന്നു. ഏയ് ഹീറോ, ഇനിയൊരു പ്രണയകഥ, സൂപ്പർ ഹീറോ എസ്‌പി പരശുറാം, ഹേയ് മാഡം എന്നിവയിലെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ വരിമാറ്റിയെഴുതിയ ഗാനങ്ങളും ഹിറ്റായി. തൊട്ടുപിന്നാലെ 1996 ൽ ഭരതനാണ് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ കമ്പോസ് ചെയ്യാൻ മരഗതമണിയെ ക്ഷണിച്ചത്. ദേവരാഗത്തിലെ എല്ലാ പാട്ടുകളും ഹിറ്റായി. എം.ഡി രാജേന്ദ്രനായിരുന്നു രചന. യാ..യാ..യാദവാ, ശശികല ചാർത്തിയ ദീപാവലയം, ശിശിരകാല മേഘമിഥുനം, കരിവരിവണ്ടുകൾ കുറുനിരകൾ, താഴമ്പൂ മുടി മുടിച്ച് എന്നിവയൊക്കെ ഇപ്പോഴും മലയാളികളുടെ ചുണ്ടിലുണ്ട്.
97 ൽ സ്വർണചാമരം എന്ന ചിത്ത്രിന് വേണ്ടി കെ. ജയകുമാർ എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തി. പാട്ടുകൾ എല്ലാം ഹിറ്റായി. പക്ഷേ പടം തുടങ്ങിയില്ല. ഒരു പോക്കുവെയിലേറ്റ താഴ്‌വാരം, മേളം ഈ മന്മഥതാളം എന്നിവയായിരുന്നു ഗാനങ്ങൾ. സ്നേഹസാമ്രാജ്യം (പുന്നാരംകുയിൽ) എന്ന പടത്തിന് വേണ്ടി ഷിബു ചക്രവർത്തി ഗാനങ്ങൾ എഴുതി. പിന്നീട് 10 വർഷത്തെ ഇടവേള. 2007 ൽ ചലഞ്ച് എന്ന മൊഴിമാറ്റ ചിത്രത്തിലൂടെ കീരവാണിയുടെ ഈണങ്ങൾ മലയാളത്തിൽ എത്തി. പിന്നാലെ ഛത്രപതി എന്ന സിനിമ മൊഴിമാറ്റി എത്തി.
2007 ൽ ഭരണിക്കാവ് ശിവകുമാറുമായി സ്നേഹമനസ് എന്ന ചിത്രത്തിൽ കീരവാണി ഒന്നിച്ചു. പിന്നാലെ വി്രകമാദിത്യ, രുദ്രതാണ്ഡവം, സിംഹക്കുട്ടി, കില്ലാഡി, ധീര, ഈച്ച, പ്രണയഗീതങ്ങൾ, ബാഹുബലി 1, 2, ആർ.ആർ.ആർ എന്നിവയും മൊഴി മാറ്റിയെത്തി. സ്നേഹസാമ്രാജ്യത്തിന് (പുന്നാരംകുയിൽ) ശേഷം മലയാളത്തിൽ നിർമ്മിക്കപ്പെട്ട ഒരു ചിത്രത്തിന് കീരവാണി സംഗീതം ഒരുക്കിയിട്ടില്ലെന്ന് കാണാം. ഈ സിനിമയും പുറത്തിറങ്ങിയില്ല. പിന്നീട് വന്നവയെല്ലാം മൊഴിമാറ്റ ചിത്രങ്ങളായിരുന്നു.
ദേവരാജൻ മാഷിന്റെ അരുമ ശിഷ്യനും ബി.എ. ചിദംബരനാഥിന്റെ മകനുമായ രാജാമണിക്ക് കീഴിൽ എ.ആർ. റഹ്‌മാനുമൊന്നിച്ച് അസിസ്റ്റന്റ് ആയിട്ടാണ് കീരവാണി ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് എത്തിയതെന്നത് അധികമാർക്കും അറിയാത്ത ചരിത്രം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്