- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളു..ആർ ആർ ആർ ഒരോ ഇന്ത്യക്കാരനും അഭിമാനമാകണം; എനിക്ക് പ്രചോദനമായത് കുട്ടിക്കാലം മുതൽക്കെ കേട്ടുപരിചയിച്ച കാർപെന്റേഴ്സിന്റെ സംഗീതം; ഇന്ന് ഞാൻ ഓസ്‌കർ വേദിയിൽ '; സംസാരത്തിൽ തുടങ്ങി പാട്ടായി ഒഴുകി കീരവാണിയുടെ പ്രസംഗം; വീണ്ടും ഇന്ത്യൻ സംഗീതം ഓസ്കാറിനെ വിസ്മയിപ്പിക്കുമ്പോൾ
ലോസ്ആഞ്ചലസ്: ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയത് മുതൽക്കു തന്നെ ഓസ്‌കാറിലും നാട്ടു നാട്ടു മുത്തമിടും എന്നൊരു പ്രതീക്ഷ ആസ്വാദകർക്കുണ്ടായിരുന്നു. പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ സ്വപ്‌നമാണ് ഇന്ന് ഓസ്‌കാർ വേദിയിൽ യാഥാർത്ഥ്യമായത്. 95ാം ഓസ്‌കർ പുരസ്‌കാര ദാനം തുടങ്ങിയതു മുതൽ ഇന്ത്യ കാത്തിരുന്നതും ഈ ഒരു നിമിഷത്തിനുവേണ്ടിയായിരുന്നു. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം പ്രഖ്യാപിക്കുന്ന മുഹൂർത്തത്തിനായി.
പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വളരെ ലളിതമായി ചുരുങ്ങിയ വാക്കുകളിലാണ് കീരവണി തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ജീവിതം തന്നെ സംഗീതമാക്കി മാറ്റിയ മനുഷ്യൻ തന്റെ പ്രസംഗവും ഒരു പാട്ടാക്കുന്നതിൽ വലിയ അതിശയോക്തിയില്ല. പ്രസംഗവും പാട്ടായി മാറിയ ആ സുന്ദര മൂഹൂർത്തത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. 'അക്കാദമിക്ക് നന്ദി, പ്രമുഖ മ്യൂസിക് ബാൻഡായ കാർപെന്റേഴ്‌സിനെ കേട്ടാണ് ഞാൻ വളർന്നത്. ഇന്ന് ഓസ്‌കറുമായി ഇവിടെ നിൽക്കുന്നു'. എന്ന പറഞ്ഞാണ് അദ്ദേഹ പ്രസംഗം തുടങ്ങിയത്.
പിന്നാലെ തനിക്ക് പറയാനുള്ള കാര്യങ്ങളിൽ ചെറിയൊരു ഈണത്തിൽ പാട്ടായി അവതരിപ്പിക്കുകയായിരുന്നു കീരവാണി.അതിലെ വരികൾ ഇങ്ങനെ..''എനിക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അതുപോലെ രാജമൗലിക്കും എന്റെ കുടുംബത്തിനും. ആർ.ആർ.ആർ. പുരസ്‌കാരം നേടണം, ഓരോ ഇന്ത്യക്കാർക്കും അഭിമാനമായി മാറണം. എന്നെ ലോകത്തിന്റെ നെറുകയിൽ എത്തിക്കണം.''ഈ വരികൾ പൂർത്തിയായതോടെ സദസ്സിൽ ഹർഷാരവങ്ങൾ ഉയർന്നു.വികാരഭരിതനായി ഒപ്പമുണ്ടായിരുന്ന ഗാനരചയ്താവ് ചന്ദ്രബോസും സംസാരത്തിന് മുതിർന്നില്ല.
എം എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്.മൂന്ന് മിനിറ്റും 36 സെക്കൻഡുമാണ് ഗാനത്തിന്റെ ദൈർഘ്യം.രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്.പുറത്തിറങ്ങിയ നാൾ മുതൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗാനമായിരുന്നു നാട്ടു നാട്ടു.നാട്ടു എന്നാൽ നൃത്തമെന്നാണ് അർത്ഥം. ആന്ധ്രയിലെ ചരിത്രപുരുഷന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ആർ.ആർ.ആർ.
രണ്ടുകാലങ്ങളിൽ ജീവിച്ചിരുന്നു ഇവർ ഒരുമിച്ച് കണ്ടാൽ എങ്ങനെയിരിക്കും എന്നതിന്റെ ചലച്ചിത്ര ആവിഷ്‌കാരമായിരുന്നു ചിത്രം. രാമരാജുവിന്റെയും ഭീമിന്റെയും സൗഹൃദം വെളിവാക്കുന്ന ഗാനം കൂടിയായിരുന്നു നാട്ടു നാട്ടു.പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ഗാനം തരംഗമായി. റീലുകളിലൂടെ ഗാനം സോഷ്യൽ മീഡിയ ഭരിച്ചു. രാം ചരണിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും നൃത്തച്ചുവടുകൾ പലതവണ അനുകരിക്കപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്തപ്പോൾ ലഭിച്ച മികച്ച പ്രതികരണം ഓസ്‌കറിലേക്കുള്ള ആർ.ആർ.ആറിന്റെ പ്രയാണം ഒന്നുകൂടി എളുപ്പമാക്കി.സ്പീൽബർഗിനേയും ജെയിംസ് കാമറൂണിനേയും പോലുള്ള വമ്പൻ സംവിധായകരുടെ അഭിപ്രായവും ചിത്രത്തെ കൂടുതൽ പേരിലേക്കെത്തിച്ചു. ഇതിനിടെയായിരുന്നു നാട്ടു നാട്ടുവിനെ തേടി ഗോൾഡൻ ഗ്ലോബ് പുരസ്‌കാരമെത്തിയത്.മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന സംഗീതജീവിതത്തിൽ ഈ ഓസ്‌കർ പുരസ്‌കാരം കീരവാണിയെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരം കൂടിയാണ്.യുവജനതയുടെ പൾസറിഞ്ഞ് ഒരു അറുപത്തൊന്നുകാരനാണ് ചടുലഗാനം ഒരുക്കിയതെന്നതും ശ്രദ്ധേയമാണ്.
2008-ലാണ് ഇന്ത്യക്ക് ഇതിനുമുമ്പ് ഓസ്‌കർ ലഭിക്കുന്നത്. അന്ന് സ്ലംഡോഗ് മില്ല്യണയറിലൂടെ എ.ആർ. റഹ്മാൻ, ഗുൽസാർ, റസൂൽ പൂക്കുട്ടി എന്നിവരായിരുന്നു ഇന്ത്യക്കാർക്ക് അഭിമാനിക്കാനുള്ള വകനൽകിയത്. മികച്ച ഗാനം, ഒറിജിനൽ സ്‌കോർ, സൗണ്ട് മിക്‌സിങ് എന്നിവയ്ക്കായിരുന്നു പുരസ്‌കാരം. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം റഹ്മാനും ഗുൽസാറും പങ്കുവെച്ചു. അതിനുശേഷം 14 വർഷമെടുത്തു ഇന്ത്യക്ക് ഓസ്‌കർ ശില്പത്തിൽ കൈതൊടാനുള്ള ഭാഗ്യം കൈവരാൻ.
ഇന്ത്യക്ക് ഇതിന് മുൻപ് ലഭിച്ചിട്ടുള്ള ഓസ്‌കാർ പുരസ്‌കാരങ്ങൾ എല്ലാം തന്നെ വിദേശ സംവിധായകരുടെ ചിത്രങ്ങളിൽ ആണെന്നിരിക്കെ പൂർണ്ണമായും ഇന്ത്യൻ സിനിമയെന്ന അവകാശപ്പെടാവുന്ന ഒരു ചിത്രം ഓസ്‌കാർ വേദിയിൽ അംഗീകരിക്കപ്പെടുമ്പോൾ ഇന്ത്യക്കും അഭിമാനം വാനോളമാണ്്.ഇത്തരത്തിലൊരു ഗാനം ആവിഷ്‌കരിച്ചതിന് സംവിധായകൻ എസ്. എസ്. രാജമൗലിക്കും നൃത്തസംവിധായകൻ പ്രേംരക്ഷിതിനും ആവോളം അഭിമാനിക്കാം.
മറുനാടന് മലയാളി ബ്യൂറോ