- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മദ്യനയ അഴിമതിയിൽ കെജ്രിവാളിനും പങ്ക്; വിവാദ മദ്യവ്യവസായിയുമായി ചർച്ച നടത്തി; ഉപയോഗിച്ചത് വിജയ് നായരുടെ ഫോൺ; നൂറുകോടി കൈപ്പറ്റി; ഗോവ തിരഞ്ഞെടുപ്പ് പ്രചരണത്തിനും കോഴപണം ഉപയോഗിച്ചെന്ന് ഇ.ഡിയുടെ കുറ്റപത്രം; കെട്ടുകഥയെന്ന് കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പങ്കെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഡൽഹി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഴിമതിയിലൂടെ കണ്ടെത്തിയ പണം എ.എ.പി. ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ഇ.ഡി. പറയുന്നു. അഴിമതിയുടെ മുഖ്യ സൂത്രധാരൻ എ.എ.പി കമ്യൂണിക്കേഷൻ വിഭാഗം തലവൻ വിജയ് നായരാണെന്നും കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കുന്നു.
ആം ആദ്മി പാർട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ.ഡിയുടെ അനുബന്ധ കുറ്റപത്രത്തിലുള്ളത്. അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ആരോപണം.
തെക്കേ ഇന്ത്യയിൽ നിന്ന് മാത്രം മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ എ.എ.പി കൈപ്പറ്റിയെന്നും ഈ തുക ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ വിനിയോഗിച്ചെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. തെക്കേ ഇന്ത്യയിലെ മദ്യക്കമ്പനികളിൽ നിന്നാണ് തുക ലഭിച്ചത്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നൂറു കോടി രൂപ വിജയ് നായർ എന്നയാൾ വാങ്ങിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കെജ്രിവാളിനുവേണ്ടി വിജയ് നായർ സ്വന്തം ഫോണിൽനിന്ന് സമീർ മഹേന്ദ്രു എന്ന മദ്യക്കമ്പനി ഉടമയെ വീഡിയോ കോൾ ചെയ്യുകയും കെജ്രിവാളുമായി ഇയാൾ സംസാരിക്കുകയും ചെയ്തതായി ഇ.ഡി. പറയുന്നു.
ലൈസൻസ് അനുവദിക്കുന്നതിന് പ്രതിഫലമായി വിജയ് നായർ നൂറു കോടി രൂപ ഇയാളിൽനിന്ന് വാങ്ങി. ഈ പണം എ.എ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. 'വിജയ് എന്റെ അടുത്ത ആളാണ്, നിങ്ങൾക്ക് അയാളെ വിശ്വസിക്കാ'മെന്ന് അരവിന്ദ് കെജ്രിവാൾ ഫോൺ സംഭാഷണത്തിൽ സമീർ മഹേന്ദ്രുവിനോട് പറഞ്ഞതായും ഇ.ഡി. കുറ്റപത്രത്തിൽ പറയുന്നു.
വിജയ് നായരുടെ ഫോണിലെ ഫേസ്‌ടൈം ആപ്പിലൂടെയാണ് വിഡിയോ കോൾ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. വിജയ് നായർ തന്റെ സ്വന്തം ആളാണെന്നും ധൈര്യമായി മുന്നോട്ട് പോകാനും വ്യവസായിയോട് കെജ്രിവാൾ പറഞ്ഞെന്നും ഇഡി ആരോപിക്കുന്നു. ആംആദ്മി പാർട്ടി നേതാക്കൾക്ക് വേണ്ടി വിജയ് നായർ നൂറുകോടി രൂപ സൗത്ത് ഗ്രൂപ്പിൽ നിന്നും കൈപ്പറ്റിയെന്നും പാർട്ടി ഈ പണം ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നും ഇഡി ആരോപിക്കുന്നു.
മനീഷ് സിസോദിയയെ കൂടാതെ മുഖ്യമന്ത്രി കെജ്രിവാളിനെയും കേസുമായി ബന്ധപ്പെടുത്തുന്ന കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. വിജയ് നായർ ഇടനിലക്കാരനായാണ് തുക സമാഹരിച്ചത്. ഇൻഡോ സ്പിരിറ്റ് എം.ഡി സമീർ മഹിന്ദ്രോയുമായി അരവിന്ദ് കെജ്രിവാൾ സംസാരിച്ചെന്നും ഇ.ഡി പറയുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എ.എ.പി നേതാക്കളായ വിജയ് നായർ, സഞ്ജീവ് സിങ്, മദ്യക്കമ്പനി ഉടമ അമിത് അറോറ എന്നിവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത, ആന്ധ്രപ്രദേശിൽ നിന്നുള്ള വൈ.എസ്.ആർ കോൺഗ്രസ് എംപി ശ്രീനിവാസ് റെഡ്ഡി, അരബിന്ദോ ഫാർമ ഉടമ ശരത് റെഡ്ഡി എന്നിവരുടെ പേരും അനുബന്ധ കുറ്റപത്രത്തിൽ ഉണ്ട്.
അഞ്ചുപേരെ പ്രതി ചേർത്ത് ഡൽഹി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇഡിയുടെ കണ്ടെത്തലുകൾ, കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കേസ് ഈ മാസം 23 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. നവംബറിലാണ് കേസിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം ഇഡിയുടെ കേസുകളെല്ലാം കെട്ടുകഥയാണെന്ന് കെജ്രിവാൾ പ്രതികരിച്ചു. സർക്കാരുകളെ അട്ടിമറിക്കാനും എംഎൽഎമാരെ വിലയ്ക്കുവാങ്ങാനുംവേണ്ടിയാണ് ഇ.ഡി. ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു നേരത്തെ സിബിഐയും കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവരെ പ്രതിചേർത്ത് കേസെടുത്തിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ