- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പൊലീസിനും ക്യാമറ വേണമെന്ന് വാദിച്ച ജ്യോതിലാൽ; പറ്റില്ലെന്ന് വീറോടെ ശ്രീലേഖ വാശി പിടിച്ചതു കൊണ്ടു മാത്രം ശതകോടികൾ നഷ്ടമായില്ല; ഇത് കെൽട്രോണിനെ മുമ്പിൽ നിർത്തിയുള്ള ഉപകരാർ കളികൾ; പൊതുമേഖലയുടെ മുഖമുപയോഗിച്ച് ഖജനാവ് കൊള്ളയടിക്കും അഴിമതി; മത്സരമില്ലാത്ത ടെൻഡറിലൂടെ കെൽട്രോൺ നേടുന്നതുകൊള്ളലാഭം
കൊച്ചി: കെൽട്രോണി മറയാക്കി നടക്കുന്ന വൻ അഴിമതിയോ? സംസ്ഥാന സർക്കാരിന്റെ പല പദ്ധതികളിലും പൊതുമേഖലയായി നടിച്ചു കരാറുകൾ ടെൻഡർ കൂടാതെ കെൽട്രോൺ നേടും. അതിന് ശേഷം ഇഷ്ടമുള്ളവർക്ക് കെൽട്രോൺ ഉപകരാർ നൽകും. കൂടിയ തുകയ്ക്ക് കരാർ നേടിയ ശേഷമാകും കുറഞ്ഞ തുകയ്ക്കുള്ള കൈമാറ്റം. ഇതിലൂടെ സർക്കാർ ഖജനാവിന് നഷ്ടം. കെൽട്രോണിന് ലാഭവും. ഇതിനൊപ്പം ഉദ്യോഗസ്ഥർക്ക് അഴിമതി കമ്മീഷനും. സേഫ് കേരളയിലെ എഐ ക്യാമറാ പദ്ധതിയിലും ഇതു തന്നെയാണ് നടക്കുന്നത്.
സർക്കാരിൽ നിന്ന് നേടിയ കരാർ നടത്തിക്കൊടുക്കുന്നതിനു പകരം കെൽട്രോൺ ഇടനില നിൽക്കുക മാത്രമാണു ചെയ്യുന്നത്. കരാർ പലർക്കായി മറിച്ചു കൊടുക്കുന്നു. മിക്കപ്പോഴും ടെൻഡർ നടപടികൾ ആരംഭിക്കും മുൻപുതന്നെ അതു നടത്തേണ്ട സ്വകാര്യ കമ്പനികൾ ഏതൊക്കെയെന്നും കണ്ടെത്തും. എഐ ക്യാമറയിലും അതു തന്നെയാണ് നടന്നത്. രാഷ്ട്രീയ ഇടപെടലാണ് ഇതിനെല്ലാം പിന്നിൽ. സോഫ്റ്റ്‌വെയർ വാങ്ങലിൽ ഇതു കുറെക്കാലം കെൽട്രോൺ നടത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളുടെ കമ്പനികൾ വഴിയാണ് സോഫ്റ്റ്‌വെയർ വാങ്ങുന്നതെന്നു മാത്രം.
ക്യാമറ സ്ഥാപിക്കാൻ കെൽട്രോണിൽ നിന്നു 165.89 കോടി രൂപയുടെ കരാർ എടുത്തശേഷം ഈ പദ്ധതി നടപ്പാക്കാൻ എസ്ആർഐടി സമീപിച്ചത് അഞ്ചു കമ്പനികളെയാണ്. സാങ്കേതിക വൈദഗ്ധ്യമുൾപ്പെടെ എല്ലാം ഉണ്ടെന്ന് അവകാശപ്പെട്ടു കരാർ നേടിയശേഷമാണ് കമ്മിഷൻ പറ്റി മാറിനിന്നു മുഴുവൻ പ്രവൃത്തിയും ഉപകരാർ നൽകിയത്. അതായത് കെൽട്രോണിൽ നിന്നും മറ്റൊരു കമ്പനി ഉപകരാർ നേടി. അവിടെ നിന്ന് മറ്റു പലരും. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളാണ്. പക്ഷേ അന്വേഷണം വന്നാൽ എല്ലാം കെൽട്രോണിൽ നിൽക്കും. അതുകൊണ്ട് തന്നെ രാഷ്ട്രീയക്കാർക്ക് കേസുകളുമായി കോടതി കയറേണ്ടതുമില്ല.
കരാറുകൾ കൂടിയ നിരക്കിൽ സ്വന്തമാക്കും, എന്നിട്ടു സ്ഥിരമായി നടത്തുന്നതു സ്വകാര്യ വ്യക്തികൾക്കായുള്ള ഇടനിലയും. വ്യവസായത്തിനു പകരം വാണിജ്യം (ട്രേഡിങ്) തുടങ്ങിയതു മുതൽ കെൽട്രോൺ ഈ വഴിയിലാണ് യാത്ര. ഇടപാടുകളിൽ കെൽട്രോൺ 1015% ലാഭം കണക്കുകളിൽ കാണിക്കുന്നു. ന്യായമായ ലാഭമായതിനാൽ ചോദ്യം ചെയ്യപ്പെടില്ല. കരാർ തുക യഥാർഥത്തിൽ ആവശ്യമായതിന്റെ പല മടങ്ങാണ് കെൽട്രോൺ ക്വോട്ട് ചെയ്യുക. പൊതുമേഖലയുടെ പേരിൽ മത്സരമില്ലാത്ത ടെൻഡറിലൂടെ അതിന് അംഗീകാരവും ലഭിക്കുന്നു. അതിന് ശേഷമാണ് അട്ടിമറി.
സംസ്ഥാനമാകെ വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്യാൻ കെൽട്രോൺ കരാർ സ്വന്തമാക്കിയിരുന്നു. ഐഡി കാർഡ് ഒന്നിന് 18 രൂപയാണ് കെൽട്രോൺ ചോദിച്ചത്. തമിഴ്‌നാട്ടിൽ 9 രൂപ മാത്രമായിരുന്നു. കെൽട്രോണിന്റെ നിരക്കു കൂടുതലാണെന്നു തോന്നിയതിനാൽ അവരുടെ ഇടപാട് പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. ന്യായമായ ലാഭം എടുത്ത ശേഷം കാർഡ് ഒന്നിന് എങ്ങനെ 18 രൂപ ചെലവ് വരുന്നുവെന്നു വിശദമായി കാണിക്കാൻ സമിതി നിർദേശിച്ചു. കണക്കെല്ലാം തെറ്റായിരുന്നു. വോട്ടർമാർ ഒന്നര കോടിയിലേറെ. അത്രയും കാർഡുകൾക്ക് 10 രൂപ വീതം ലാഭം കിട്ടുമ്പോൾ 1518 കോടി രൂപ എവിടേയോ ഒഴുകി പോകുമായിരുന്നു.
മോട്ടർവാഹന വകുപ്പിനുവേണ്ടി എഐ ക്യാമറകൾ സ്ഥാപിക്കാൻ മുൻകയ്യെടുത്ത കെൽട്രോൺ ഇതേ പദ്ധതിക്കൊപ്പം പൊലീസിനു വേണ്ടി ക്യാമറ സ്ഥാപിക്കാനും നീക്കം നടത്തി. രണ്ടു പദ്ധതികളും ഒരുമിച്ചാണു കെൽട്രോൺ 2019 ഡിസംബർ 28നു ചേർന്ന സാങ്കേതിക സമിതി യോഗത്തിൽ കൊണ്ടുവന്നത്. എന്നാൽ ഇതിനു തടയിട്ടതു സംസ്ഥാന ഐടി മിഷനാണ്. രണ്ടു വകുപ്പുകളും ഒരുമിച്ച് ഇത്രയധികം ക്യാമറകൾ സ്ഥാപിക്കുന്നത് ക്യാമറകളുടെ ഇരട്ടിപ്പിനു കാരണമാകുമെന്നു യോഗത്തിൽ ഐടി മിഷൻ പ്രതിനിധി ചൂണ്ടിക്കാട്ടിയെന്നും ഇതിനെ കെൽട്രോണിന്റെ പ്രതിനിധി എതിർത്തെന്നും യോഗത്തിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു.
ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ആര് ആദ്യം ക്യാമറ വയ്ക്കണമെന്ന കാര്യത്തിൽ യോഗത്തിൽ മോട്ടർ വാഹന, ആഭ്യന്തര വകുപ്പ് പ്രതിനിധികൾ തമ്മിൽ തർക്കമുണ്ടായി. പദ്ധതിക്കായി ഏറ്റവുമധികം വാദിച്ചതു മോട്ടർ വാഹന വകുപ്പാണ്. ഗതാഗത പരിപാലനമാണു പൊലീസിന്റെ ചുമതലയെന്നും ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ഗതാഗതവകുപ്പിന്റെ ചുമതലയാണെന്നുമായിരുന്നു ഗതാഗത കമ്മിഷണറായിരുന്ന ആർ.ശ്രീലേഖയുടെ നിലപാട്.
സേഫ് കേരള പദ്ധതി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനമായതിനാൽ ക്യാമറ വയ്‌ക്കേണ്ടതു മോട്ടർവാഹന വകുപ്പാണെന്നും ഇവർ വാദിച്ചു. ഒടുവിലാണ് സേഫ് കേരള പദ്ധതി വഴിയുള്ള ക്യാമറ മോട്ടർ വാഹന വകുപ്പ് വഴി നടപ്പാക്കാൻ യോഗം തീരുമാനിച്ചത്.