- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഐ ക്യാമറ പദ്ധതി തങ്ങളുടെ സ്വന്തം പദ്ധതി; ക്യാമറ അടക്കമുള്ളവ സ്വന്തം ഫാക്ടറിയിൽ തന്നെയാണ്; അഞ്ച് വർഷത്തേക്ക് പരിപാലനവും ചെയ്യുന്നത് കെൽട്രോൺ നേരിട്ട്; പദ്ധതിയിൽ ഉപകരാറുകൾ ഇല്ലെന്നും കെൽട്രോൺ; 232 കോടി രൂപ ചെലവിൽ 726 ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയിലെ ദുരൂഹതാ ആരോപണത്തിൽ പ്രതികരിക്കാതെ സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ 232 കോടി രൂപ ചെലവിൽ കെൽട്രോൺ വഴി സ്ഥാപിച്ച എഐ ക്യാമറ പദ്ധതിയെ ചൊല്ലി വിവാദം ഉടലെടുത്തിരിക്കയാണ്. പദ്ധതിയുടെ ചെലവ് ഇത്രയും ഉയർന്നത് എങ്ങനെയാണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കെൽട്രോണുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയിൽ സ്ഥാപിച്ചത് 726 ക്യാമറകറാണ്. ഇത്രയും ക്യാമറകൾ സ്ഥാപിക്കുന്നതിനും മറ്റു സംവിധാനങ്ങൾക്കുമായി ഉയർന്ന തുക ഈടാക്കുന്നു എന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തിയത്. രമേശ് ചെന്നിത്തലയാണ് വിഷയം ഉയർത്തിക്കൊണ്ടു വന്നത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പദ്ധതിക്കെതിരെ രംഗത്തിറങ്ങി.
ക്യാമറ സ്ഥാപിക്കൽ പദ്ധതിയിലെ ഇടപാടുകളെ സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും വസ്തുതകൾ പുറത്തുവിടുന്നില്ലെന്നാണ് ചെന്നിത്തല ആരോപിച്ചത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെപ്പേർ പദ്ധതിയിൽ ദുരൂഹത ആരോപിച്ചു രംഗത്തെത്തി. ആരോപണങ്ങളോട് സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, പദ്ധതി സംബന്ധിച്ച എന്തു രേഖകളും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാൻ തയാറാണെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. എഐ ക്യാമറയല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന വിമർശനത്തിൽ കാര്യമില്ലെന്നും ക്യാമറയും സോഫ്റ്റ്‌വെയറും മറ്റ് ഉപകരണങ്ങളുമടക്കമാണ് എഐ സംവിധാനമായി പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.
എഐ ക്യാമറ വയ്ക്കാനുള്ള ടെൻഡർ വിളിച്ചിട്ടുണ്ടോ? എങ്കിൽ എത്ര കമ്പനികൾ പങ്കെടുത്തു? എന്നതായിരുന്നു പ്രധാന ചോദ്യം. പദ്ധതിയിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം എന്താണെന്നാതിയിരുന്നു മറ്റൊരു സംശയം. നിർമ്മിതബുദ്ധി പ്രകാരം ആണ് ക്യാമറ പ്രവർത്തിക്കുന്നത് എന്നു ഗതാഗത വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഗതാഗത ലംഘനങ്ങൾ കണ്ടെത്തുന്നതിന് മുൻപു സ്ഥാപിച്ച അതേ ക്യാമറകളാണ് ഇപ്പോഴും സ്ഥാപിച്ചിരിക്കുന്നത്. എങ്കിൽ എഐ ക്യാമറ എന്ന പ്രചാരണം എന്തിനു വേണ്ടി? സർക്കാരിന്റെ പദ്ധതികളുടെ കരാർ നേടിയെടുക്കുകയും ഇവ സ്വകാര്യ കമ്പനികൾക്കു മറിച്ചു നൽകുകയും ചെയ്യുന്ന കെൽട്രോണിനെ എന്തിനു കരാർ ഏൽപിച്ചു? ഇത് സർക്കാരിന് അധികച്ചെലവല്ലേ സൃഷ്ടിക്കുക? തുടങ്ങിയ ചോദ്യങ്ങളാണ് ഉയർന്നത്. ഈ ചോദ്യങ്ങളോട് കെൽട്രോൺ പ്രതികരിക്കുകയും ചെയ്തു.
എഐ ക്യാമറ പദ്ധതി തങ്ങളുടെ സ്വന്തം പദ്ധതിയാണെന്നും ക്യാമറ അടക്കമുള്ളവ സ്വന്തം ഫാക്ടറിയിൽ തന്നെയാണു നിർമ്മിക്കുന്നതെന്നാണ് കെൽട്രോണിന്റെ അവകാശവാദം. ക്യാമറ നിർമ്മാണം, അവ ഘടിപ്പിക്കൽ, 12 കൺട്രോൾ റൂമുകളും ആസ്ഥാന കൺട്രോൾ റൂമും സ്ഥാപിക്കൽ, 5 വർഷത്തേക്ക് ഇവയുടെ പരിപാലനം എന്നിവയെല്ലാം ചെയ്യുന്നത് കെൽട്രോൺ നേരിട്ടാണ്. റഡാർ, എഐ സോഫ്റ്റ്‌വെയർ തുടങ്ങിയവ രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികളിൽ നിന്നു സർക്കാർ ടെൻഡർ നടപടിക്രമം പാലിച്ചു വാങ്ങിയിട്ടുണ്ട്. ഇതുവരെ പദ്ധതിക്കു വേണ്ടി സർക്കാർ പണം നൽകിയിട്ടില്ല.
കരാർ പ്രകാരം 232 കോടി രൂപ 20 തവണകളായാണ് നൽകുക. ഏതെങ്കിലും ഉപകരണം പ്രവർത്തിക്കുന്നില്ലെങ്കിൽ സർക്കാർ നൽകേണ്ട പണം വെട്ടിക്കുറയ്ക്കും. കെൽട്രോണിനുള്ളത് 5% ലാഭം മാത്രമാണ്. ആദ്യ 5 വർഷം കഴിഞ്ഞാൽ നിശ്ചിത പ്രതിഫലം വാങ്ങി 5 വർഷം കൂടി കെൽട്രോൺ ഈ ഉപകരണങ്ങൾ പരിപാലിക്കും. ക്യാമറയ്ക്കു 30 ലക്ഷം രൂപയാണു വിലയെന്നതു തെറ്റായ പ്രചാരണമാണെന്നും അവർ വിശദീകരിച്ചു.
ക്യാമറ, മിനി സൂപ്പർ കംപ്യൂട്ടർ, എഐ സോഫ്റ്റ്‌വെയർ, ഇന്റർനെറ്റ്, റഡാർ, 13 കൺട്രോൾ റൂമുകൾ, അവിടത്തെ ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകളെല്ലാം കെൽട്രോണാണ് വഹിക്കേണ്ടത്. വായ്പയെടുത്താണ് പദ്ധതി കെൽട്രോൺ നടപ്പാക്കുന്നത്. നിയമലംഘനങ്ങൾക്കുള്ള പിഴ ഉദ്യോഗസ്ഥർ തന്നെ ചുമത്തണമെന്ന ചട്ടം നിലവിലുള്ളതിനാലാണ് എഐ വഴി കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾ ഓരോന്നും ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടി വരുന്നതെന്നും കെൽട്രോൺ വ്യക്തമാക്കി.
അതേസമയം 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകൾ സ്ഥാപിച്ചെന്നാണ് സർക്കാർ പറയുന്നത്. അതായത് 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. ക്യാമറകളുടെ യഥാർഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടിവന്ന ചെലവും ഉൾപ്പെടെ വിശദമായ കണക്ക് പുറത്തുവിടാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെയാണ് ക്യാമറകൾ സ്ഥാപിക്കുന്നതിനായി സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ ക്യാമറകൾ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെൽട്രോൺ ഉപകരാറുകൾ നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ കമ്പനികൾക്ക്? അതിൽ വിദേശ കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടോ? എത്ര രൂപയ്ക്കാണ് ഇത്തരത്തിൽ ഉപകരാറുകൾ നൽകിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ ക്യാമറകളിൽ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എ.ഐ സാങ്കേതികവിദ്യ? ഇങ്ങനെ എ.ഐ ക്യാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകളും സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും സർക്കാർ മറുപടി നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2,000 രൂപയുടെ കറൻസിയിൽ അതിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന തരത്തിലുള്ള കെട്ടുകഥകൾ സംഘപരിവാർ സംഘടനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. അതിന് സമാനമായതും അതിശയോക്തിപരവും അവിശ്വസനീയവുമായ വിവരങ്ങളാണ് എ.ഐ ക്യാമറയെ സംബന്ധിച്ച് സർക്കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നൽകുന്നത്. പൊതുഖജനാവിൽ നിന്ന് ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകൾ എ.ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ പരസ്യമയി പ്രകടിപ്പിച്ചതും ഗൗരവതരമാണ്. ദൃശ്യങ്ങൾ പകർത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകൾ ഈ ക്യാമറകൾക്ക് ഉണ്ടോയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സർക്കാരിനുണ്ടെന്നും സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ