തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷയിലെ (കീം) ഫോര്‍മുല മാറ്റത്തെ മന്ത്രിസഭയിലും ചലര്‍ എതിര്‍ത്തു. കഴിഞ്ഞ മാസം 30ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചില മന്ത്രിമാര്‍ സംശയം ഉയര്‍ത്തിയത്. പുതിയ മാറ്റം ഈ വര്‍ഷം വേണോ എന്നായിരുന്നു മന്ത്രിമാര്‍ ചോദിച്ചത്. പൊതുതാല്‍പര്യത്തിന്റെ പേരില്‍ ഒടുവില്‍ തീരുമാനം നടപ്പാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാം നേട്ടമായി മാറുമെന്ന പൊതു വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവിന്റെ വിശദീകരണം എല്ലാവരും അംഗീകരിച്ചു. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന വിജയമായി കീമിലെ മാറ്റം അവതരിപ്പിക്കാനായിരുന്നു ഇടത് നീക്കം. ഇതാണ് പൊളിഞ്ഞ് അടുങ്ങുന്നത്. ഇതിനൊപ്പം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എതിര്‍പ്പിലുമായി.

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സംസ്ഥാന സര്‍ക്കാരിനേറ്റത് വലിയ തിരിച്ചടിയായിരുന്നു. ഹന്ന ഫാത്തിമ ഉള്‍പ്പെടെ സിബിഎസ്ഇ സിലബസുകാരായ 3 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചും ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചും അനുകൂല തീരുമാനമെടുത്തത്. യാഥാര്‍ഥ്യം പരിഗണിക്കാതെ, ഒരു വിഭാഗം കുട്ടികളെ തഴഞ്ഞ് ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നായിരുന്നു ആരോപണം. കേരളത്തിലെ കുട്ടികളെ രക്ഷിക്കാനാണ് മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കീം എഴുതുന്ന 99 ശതമാനം പേരും മലയാളികളാണ്. അവര്‍ കേരളാ സിലബസിലും സിബിഎസ് ഇയിലും ഐസിഐസിയിലുമായി പഠിക്കുന്നു. സിബിഎസ് ഇയിലേയും ഐസിഐസിയിലേയും സിലബസ് കൂടുതല്‍ കട്ടിയുള്ളതാണ്. അതുകൊണ്ട് തന്നെ കേരളാ സിലബസുകാര്‍ക്ക് പ്ലസ് 2വിന് മാര്‍ക്ക് കൂടുതല്‍ കിട്ടും. ഈ പ്രതികൂല സാഹചര്യത്തില്‍ സിബിഎസ് ഇയിലും ഐസിഐസിയിലും പഠിക്കുന്ന മലയാളികളായ മിടുക്കര്‍ക്ക് വേണ്ടിയാണ് വെയിറ്റേജ് സംവിധാനം കൊണ്ടു വന്നത്. ഇതാണ് ഒറ്റയടിക്ക് അട്ടിമറിക്കാന്‍ ശ്രമിച്ചത്.

2025 എഐസിടി അക്കാദമിക്ക് കലണ്ടര്‍ പ്രകാരം 2025 ഓഗസ്റ്റ് 14ന് ഉള്ളില്‍ ബിടെക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും നിയമ നടപടിക്ക് ശ്രമിച്ചാല്‍ പ്രവേശനം താളം തെറ്റും. അപ്പീല്‍ പോകേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഎമ്മുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ക്ക് ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേ കിട്ടുമെന്ന നിലപാടിലായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ബിന്ദു. ഇതിനാണ് ഡിവിഷന്‍ ബഞ്ചില്‍ നിന്നും തിരിച്ചടി കിട്ടിയത്. ഈ സാഹചര്യത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. ഇത്തവണത്തെ പരീക്ഷാ പ്രോസ്പെക്ടസിലെ നിര്‍ദേശത്തിനുവിരുദ്ധമായി വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്നാണ് ഹൈക്കോടതി സിഗിംള്‍ ബഞ്ച് വിധി. ഇതൊരു ഗുരുതര സാങ്കേതിക-നിയമ പ്രശ്‌നമാണ്. ഈ തിരിച്ചറിവ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി അടക്കം വിലയിരുത്തുന്നുണ്ട്.

1980കള്‍ വരെ കേരളത്തില്‍ എന്‍ട്രന്‍സ് ഉണ്ടായിരുന്നില്ല. അന്നത്തെ പന്ത്രണ്ടാം ക്ലാസിന് തുല്യമായ പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ജിനിയറിംഗ് പ്രവേശനം നടന്നു. മാര്‍ക്ക് ലിസ്റ്റ് തിരിമറി അടക്കം ചര്‍ച്ചയായതോടെയാണ് പ്രവേശന പരീക്ഷ വന്നത്. പ്രവേശന പരീക്ഷയില്‍ മാത്രം കുട്ടികള്‍ ശ്രദ്ധിക്കുന്നുവെന്നും അതുകൊണ്ട ്പ്ലസ് ടു പഠനത്തിന് പ്രാധാന്യം ലഭിക്കുന്നില്ലെന്നും പരാതി എത്തി. ഈ സാഹചര്യത്തിലാണ് പ്ലസ് ടു ഫലം കൂടി എന്‍ജിനിയറിംഗ് പ്രവേശനത്തിന് പരിഗണിക്കുന്ന രീതി വന്നത്. ഇതിനായി കേരളം നടപ്പിലാക്കിയത് മികച്ച രീതിയാണ്. ഇതിനെയാണ് കേരളാ സിലബസിന് അനുകൂലമാകും വിധം പൊളിച്ചെഴുത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചരണായുധമായി ഇതു മാറ്റുകയായിരുന്നു ലക്ഷ്യം. അതാണ് പൊളിയുന്നത്. മന്ത്രിസഭയിലെ ചിര്‍ക്ക് തന്നെ പരീക്ഷയ്ക്ക് ശേഷം പ്രോസ്‌പെക്ടസിന് വിരുദ്ധമായി വെയിറ്റേജ് മാറ്റുന്നതില്‍ എതിരഭിപ്രായമുണ്ടായിരുന്നു.

പരീക്ഷാ പ്രോസ്പക്ടസിലെ നിര്‍ദ്ദേശം അനുസരിച്ചാണ് കുട്ടികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. അങ്ങനെ പരീക്ഷ എഴുതുന്നവര്‍ പലവിധ കണക്കുകൂട്ടലും നടത്തും. അതെല്ലാം പരീക്ഷ എഴുതിയ ശേഷം അട്ടിമറിച്ചുവെന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണം. നിയമ പരിജ്ഞാനമുള്ള ആര്‍ക്കും ഇതിലെ പ്രതിസന്ധിയും പ്രശ്നങ്ങളും മനസ്സിലാകും. നിയമ വകുപ്പിന്റെ ഉപദേശം തേടാതെയാണ് വെയിറ്റേജ് മാറ്റാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് മുന്നിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ചതെന്നും സൂചനയുണ്ട്. മുന്‍ സമവാക്യപ്രകാരം തയ്യാറാക്കുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ഥികളേക്കാള്‍ 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് മാര്‍ക്ക് കുറയാത്തരീതിയില്‍ പുതിയ സമവാക്യം കൊണ്ടുവന്നത്. ഇത് അടുത്ത തിരഞ്ഞെടുപ്പുകളില്‍ അടക്കം പ്രതിഫലിക്കുമെന്ന തരത്തില്‍ പ്രചരണവുമെത്തി. എന്നാല്‍ ഹൈക്കോടതി ഇടപെടലോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായി.

ഇത് ഇനി തിരിച്ചടിയാകുമെന്ന ആശങ്കയും ഇടതുപക്ഷത്തുണ്ട്. മതിയായ കൂടിയാലോചനകള്‍ ഈ വിഷയത്തില്‍ നടന്നില്ലെന്ന അഭിപ്രായം ഇടതുപക്ഷത്തെ ഘടകക്ഷികള്‍ക്കുമുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വി സിപിഎമ്മിന് തിരിച്ചടിയായിരുന്നു. എന്‍ട്രന്‍സിലെ വെയിറ്റേജ് മാറ്റത്തിലൂടെ കേരളത്തെ ആകെ കൂടെ കൂട്ടാമെന്ന കണക്കു കൂട്ടലുമായാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി നീങ്ങിയതെന്ന് സൂചനയുണ്ട്. ഇതാണ് ഹൈക്കോടതി ഇടപെടലില്‍ പൊളിഞ്ഞത്.