- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർക്കു മുന്നിൽ കീഴടങ്ങി കേരള സർവകലാശാല; പുതിയ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നൽകാൻ ഉടൻ സെനറ്റ് യോഗം വിളിക്കും; തീരുമാനം ഗവർണർ സെനറ്റ് പിരിച്ചുവിടുമെന്നും വി സിയെ സസ്‌പെൻഡ് ചെയ്യുമെന്നും ഉറപ്പായതോടെ. ഗവർണറുടെ ബ്രഹ്‌മാസ്ത്രത്തെ ഭയന്ന് സർക്കാരും; സർവ്വകലാശാലയിൽ രാജ്ഭവൻ വിജയിക്കുമ്പോൾ
തിരുവനന്തപുരം : ഗവർണറുമായി ഉടക്കി, വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ലെന്ന് കടുംപിടുത്തം പിടിച്ച കേരള സർവകലാശാല ഗവർണർക്ക് വഴങ്ങി സെനറ്റ് യോഗം വിളിക്കാൻ തീരുമാനിച്ചത് ഗവർണർ ഒരു ബ്രഹ്‌മാസ്ത്രം പ്രയോഗിക്കുമെന്ന് ഉറപ്പായതോടെയാണ്. സർവകലാശാലയുടെ തലവനായ ഗവർണർക്ക് സെനറ്റിനെ പിരിച്ചുവിടാനുള്ള അധികാരമുണ്ട്.
തന്റെ നിർദ്ദേശം അനുസരിക്കാത്തതിന് വൈസ്ചാൻസലറെ സസ്‌പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാം. ഈ നാണക്കേട് ഭയന്നാണ് സർവകലാശാല ഗവർണർക്ക് മുന്നിൽ വഴങ്ങിയത്. തന്നെ വെല്ലുവിളിച്ച സെനറ്റിനെ സസ്‌പെൻഡ് ചെയ്യുന്നതും പിരിച്ചുവിടുന്നതും, ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ വി സിയെ സസ്‌പെൻഡ് ചെയ്യുന്നതുമടക്കമുള്ള നടപടികൾ ഗവർണർ കൈക്കൊള്ളുമെന്ന് ഉറപ്പായതോടെയാണ് സർക്കാർ സെനറ്റ് യോഗം വിളിക്കാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയത്.
ഗവർണറുടെ ബ്രഹ്‌മാസ്ത്രമായി മാറിയ നിയമങ്ങൾ ഇവയാണ്:- കേരള സർവകലാശാലയുടെ ചട്ടം ചാപ്റ്റർ-3 സെക്ഷൻ 7(4) പ്രകാരം അടിയന്തര സാഹചര്യമുണ്ടായാൽ ഏത് അധികാരിയെയും പിരിച്ചുവിടാനും സസ്‌പെൻഡ് ചെയ്യാനും ചാൻസലർക്ക് അധികാരമുണ്ട്. പിരിച്ചുവിട്ട ശേഷം ഇടക്കാല ഭരണസംവിധാനം ഏർപ്പെടുത്തുകയും ചെയ്യാം. സെനറ്റ് പ്രതിനിധിയെ നൽകാനുള്ള നിർദ്ദേശം അവഗണിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്ന് വിലയിരുത്തി സെനറ്റിനെ പിരിച്ചുവിടാനുള്ള അധികാരം ഗവർണർ പ്രയോഗിക്കുമെന്ന് സർക്കാരിന് വിവരം കിട്ടി. ഇത് സർവകലാശാലയ്ക്ക് കൈമാറിയതോടെയാണ് സെനറ്റ് വിളിക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്.
സർവകലാശാലാ നിയമത്തിലെ ചാപ്റ്റർ-4 സെക്ഷൻ-16 പ്രകാരം സെനറ്റ്, സിൻഡിക്കേറ്റ്, ബോർഡ് ഒഫ് സ്റ്റഡീസ്, ഫിനാൻസ് കമ്മിറ്റി അടക്കം ഏത് സമിതിക്കെതിരെയും ഗവർണർക്ക് നടപടിയെടുക്കാം. ഇതിന് വ്യവസ്ഥയില്ലാത്ത അധികാരമാണ് ചാൻസലർക്കുള്ളത്. സെക്ഷൻ10 (11) പ്രകാരം ആക്ട്, സ്റ്റാറ്റിയൂട്ട്, ഓർഡിനൻസ് പ്രകാരം വിശ്വാസ്യതയോടെ പ്രവർത്തിച്ചില്ലെങ്കിൽ വൈസ്ചാൻസലർക്കെതിരേ ഗവർണക്ക് നടപടിയെടുക്കാം. ഇതുപ്രകാരം സെനറ്റ് യോഗം വിളിക്കാനുള്ള നിർദ്ദേശം ലംഘിച്ചതിന് വി സിയെ സസ്‌പെൻഡ് ചെയ്യാം. നിയമനാധികാരിക്ക് അച്ചടക്കനടപടിയെടുക്കാൻ അധികാരമുണ്ട്. വി സിയുടെ നടപടി ഡ്യൂട്ടിയിലെ വീഴ്ചയായും കണക്കാക്കാം. ചാൻസലറുടെ ഏത് ഉത്തരവും പാലിക്കാൻ വി സിക്ക് ഉത്തരവാദിത്തമുണ്ട്. ചാപ്റ്റർ7(3) പ്രകാരം ആക്ടിനും സ്റ്രാറ്റിയൂട്ടിനും വിരുദ്ധമായ ഏത് നടപടിയും ഉത്തരവുകളും ചാൻസലർക്ക് റദ്ദാക്കാം. പിന്നീട് കാരണംകാണിക്കൽ നോട്ടീസ് നൽകി ഹിയറിങ് നടത്തിയാൽ മതി. ഇത്രയും ശക്തിമത്തായ അധികാരങ്ങൾ കൈയിലിരിക്കുന്ന ഗവർണർ അതെല്ലാം എടുത്തു പ്രയോഗിച്ചാലുണ്ടാവുന്ന അപകടം മുൻകൂട്ടി കണ്ടാണ് സെനറ്റ് യോഗം വിളിക്കാൻ സർക്കാർ നിർദ്ദേശിച്ചത്.
തന്നെ പറ്റിക്കാൻ സർവകലാശാല നടത്തിയ നീക്കങ്ങളെക്കുറിച്ച് ഗവർണർക്ക് ഉത്തമബോദ്ധ്യമുണ്ട്. ജൂലായ് 15ന് സെനറ്റിന്റെ പ്രത്യേകയോഗം, പ്ലാനിങ് ബോർഡ് വൈസ്‌ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രനെ സെർച്ച്കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ വി സി നിയമനത്തിൽ ഗവർണറെ വെട്ടാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കും മുൻപ് അദ്ദേഹം സ്വയംഒഴിഞ്ഞു. ഇക്കാര്യവും പുതിയ പ്രതിനിധിയെ സെനറ്റ് നിശ്ചയിക്കുമെന്നും ഗവർണറെ വി സി അറിയിച്ചിരുന്നതാണ്. നിലവിൽ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് ഒറ്റ പാനലോ, കമ്മിറ്റിയംഗങ്ങൾക്ക് വെവ്വേറെ പാനലോ നൽകാം.
വേണ്ടപ്പെട്ടവരെ വി സിയാക്കാനുള്ള സർക്കാരിന്റെ തന്ത്രമായ ബിൽ പ്രകാരം ചാൻസലറും സർക്കാരും യുജിസിയും സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്‌ചെയർമാനും നാമനിർദ്ദേശം ചെയ്യുന്ന അഞ്ചംഗ സെർച്ച്കമ്മിറ്റിയാണുള്ളത്. ഭൂരിപക്ഷ തീരുമാനമാണ് പാനലായി ഗവർണർക്ക് കൈമാറേണ്ടത്. തന്റെ അധികാരം വെട്ടാൻ കൊണ്ടുവന്ന ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്