- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് എയിംസ് അനുവദിക്കാമെന്ന് കേന്ദ്രം; കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ; ഭൂമിയേറ്റെടുക്കാൻ ഉത്തരവും ഇറക്കി; കേരളത്തിന് എയിംസ് വൈകുന്നതിന് പിന്നിൽ പിണറായിയുടെ പിടിവാശി; നിവേദനം നൽകി എം.കെ. രാഘവനും ഉണ്ണിത്താനും; പിടിവലി തുടർന്ന് ജനപ്രതിനിധികൾ; കാത്തിരിപ്പ് തുടരുന്നു
തിരുവനന്തപുരം: കേരളത്തിന് എയിംസ് (ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) അനുവദിക്കുന്നത് വൈകുന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശി. ഡൽഹിയിലെ പ്രമുഖ ആശുപത്രിയും ഗവേഷണ സ്ഥാപനവുമാണ് എയിംസ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ അനുവദിക്കപ്പെടുമ്പോഴും കേരളത്തെ തഴയുന്നതിൽ വിമർശനം ഉയരുന്നതിനിടെയാണ് ജനപ്രതിനിധികളുടെ പിടിപ്പുകേട് സംസ്ഥാനത്തിന് തിരിച്ചടിയാകുന്നത്.
എയിംസ് കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. എന്നാൽ പാർട്ടി കോട്ടയായ കിനാലൂരിൽ എയിംസ് നൽകേണ്ടെന്ന് ബിജെപി സംസ്ഥാന ഘടകം നിലപാടെടുത്തു. ഇതിനിടെ സിൽവർ ലൈൻ മോഡലിൽ എയിംസിന് കേന്ദ്രം അനുമതി നൽകും. കിനാലൂരിൽ ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയതും കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചു. കെ.എസ്‌ഐ.ഡി.സിയുടെ 200ഏക്കർ ഭൂമിക്കു പുറമെ നൂറേക്കർ സ്വകാര്യഭൂമി എയിംസിനായി ഏറ്റെടുക്കാനാണ് ഉത്തരവ്.
ആരോഗ്യമേഖലയിൽ കുതിക്കാൻ കേരളത്തിന് എയിംസ് പോലൊരു കേന്ദ്രസ്ഥാപനം അത്യാവശ്യമാണ്. കേരളത്തിനൊപ്പം പ്രഖ്യാപിച്ച തമിഴ്‌നാട് എയിംസ് മധുരയിലാണ്. ജപ്പാൻ അന്താരാഷ്ട്ര കോർപറേഷന്റെ (ജൈക്ക) വായ്പയടക്കം 1246കോടി ചെലവിൽ 224.24 ഏക്കറിലാണ് അവിടെ എയിംസ്. കഴിഞ്ഞ എട്ട് ബജറ്റുകളിൽ കേരളത്തെ പരിഗണിക്കാതിരുന്ന കേന്ദ്രസർക്കാർ തമിഴ്‌നാടിന്റെ എയിംസിന് വാരിക്കോരി പണം നൽകുന്നുമുണ്ട്. കേന്ദ്രത്തിന്റെ പക്കൽ പണമില്ലാത്തതോ ദിശാബോധമില്ലാത്തതോ അല്ല യഥാർത്ഥ പ്രശ്‌നം.
വിവിധ സംസ്ഥാനങ്ങളിൽ തുടരെത്തുടരെ എയിംസുകൾ അനുവദിച്ചു. രാജ്യത്ത് നിർമ്മാണത്തിലിരിക്കുന്നതുൾപ്പെടെ 24 എയിംസ് ഉണ്ട്. എയിംസിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഏകോപനമുണ്ടായില്ലെന്ന് മുൻ ആരോഗ്യമന്ത്രി ഹർഷവർദ്ധൻ കുറ്റപ്പെടുത്തിയിരുന്നു. നാല് സ്ഥലങ്ങൾ സംസ്ഥാന സർക്കാർ കണ്ടെത്തിയെങ്കിലും ഒരോരുത്തരും ഓരോ സ്ഥലത്ത് എയിംസ് വേണമെന്ന് അഭ്യർത്ഥിച്ച് നിവേദനം നൽകിയെന്നും എയിംസ് വൈകുന്നതിനെക്കുറിച്ച് ഹർഷവർദ്ധൻ ലോക്സഭയിൽ കേരളത്തെ കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് അടുത്തിടെ കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്‌റി അശ്വനി കുമാർ ചൗബേ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ സാഹചര്യമുപയോഗിച്ച് എയിംസ് നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയാണ് കേരളം ചെയ്യേണ്ടത്.
കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ആവശ്യം. എന്നാൽ കാസർകോട്, തിരുവനന്തപുരം അടക്കം വിവിധ ജില്ലകളിലെ ജനപ്രതിനിധികൾ എയിംസിനു വേണ്ടി പിടിവലി തുടരുകയാണ്. കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എംപി. രാജ്‌മോഹൻ ഉണ്ണിത്താൻ കേന്ദ്ര ആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെ എയിംസ് കോഴിക്കോട് സ്ഥാപിക്കണം എന്ന ആവശ്യവുമായി എം.കെ. രാഘവൻ എംപിയും കേന്ദ്രമന്ത്രിയെ കണ്ടു.
എയിംസ് കോഴിക്കോട് അനുവദിച്ചാൽ മലബാറിലെ ഏഴ് ജില്ലകൾക്കും കോയമ്പത്തൂർ, കൂർഗ് ഉൾപ്പെടെയുള്ള മേഖലകൾക്കും പ്രയോജനപ്പെടുമെന്നാണ് എം.കെ. രാഘവന്റെ വാദം. എൻഡോസൾഫാൻ ഇരകൾ ഏറെയുള്ള കാസർകോടിന്റെ അവകാശമാണ് എയിംസ് എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ നിലപാട്. 1978മുതൽ 24 വർഷം കശുമാവ് തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിച്ചതിന്റെ ദുരന്തം കാസർകോട് ജില്ലയിലെ 30 ഗ്രാമങ്ങളും മൂന്ന് നഗരസഭാ പ്രദേശങ്ങളും അനുഭവിക്കുകയാണ്.
സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള പഠനത്തിൽ 6727 പേർ എൻഡോസൾഫാൻ ഇരകളാണെന്ന് കണ്ടെത്തിയിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഒരുക്കണമെന്ന് 2018ൽ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ന്യൂറോളജി സ്പെഷ്യാലിറ്റി സൗകര്യമാണ് എൻഡോസൾഫാൻ ദുരിതം പേറുന്നവർക്ക് ആവശ്യം. അതിനാൽ എയിംസ് കാസർകോട്ട് സ്ഥാപിക്കണമെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ആവശ്യം.
എല്ലാവിധ വിദഗ്ദ്ധ ചികിത്സയും ലോകോത്തര ഗവേഷണവും നടക്കുന്ന കേന്ദ്രസ്ഥാപനമാണ് എയിംസ്. ഇത് ലഭിച്ചാൽ ഗുണനിലവാരമുള്ള ചികിത്സ സൗജന്യമായി ലഭിക്കുന്നതിന് പുറമെ നൂതന ചികിത്സാ-ഗവേഷണ സംവിധാനങ്ങൾ കേരളത്തിന് ലഭ്യമാവും. പ്രാഗത്ഭ്യമുള്ള ഒരു വൻ സംഘം ഡോക്ടർമാർ ഇവിടെയുണ്ടാവും. 750 കിടക്കകളുള്ള അത്യാധുനിക ആശുപത്രി ഉയരും. 20 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളോടെ മികച്ച ചികിത്സ ഉറപ്പായിരിക്കും. പ്രതിദിനം 1500 റഫറൽ ഓ.പി സൗകര്യമെങ്കിലുമുണ്ടാവും. ചുരുങ്ങിയത് 100 എം.ബി.ബി.എസ്, നഴ്‌സിങ് സീറ്റുകൾ ലഭിക്കും.
മറുനാടന് മലയാളി ബ്യൂറോ