കോട്ടയം: കൂട്ടിക്കൽ മേഖലയിൽ പ്രളയം തകർത്ത് ഒരു വർഷം പിന്നിടുമ്പോൾ ജപ്തി നടപടിയുമായി കേരള ബാങ്ക്. വീട്ടിൽ നിന്നും ഇറങ്ങണമെന്ന് അറിയിച്ചതോടെ നിസഹായരായ ദാമോദരനും ഭാര്യ വിജയമ്മയും സമരവുമായി രംഗത്തിറങ്ങി. കേരള ബാങ്കിന്റെ കോട്ടയം റീജിയണൽ ഓഫീസിന് മുൻപിലാണ് തിങ്കളാഴ്‌ച്ച രാവിലെ പ്രതിഷേധം അരങ്ങേറിയത്. ഇവർക്കൊപ്പം മേഖലയിൽ ജപ്തി ഭീഷണി നേരിടുന്ന 25 ഓളം പേരുമുണ്ടായിരുന്നു.

പ്രതിഷേധത്തെ തുടർന്ന് ലേല നടപടികൾ തൽക്കാലത്തേയ്ക്ക് നിർത്തി വയ്ക്കാമെന്ന് വയോധിക ദമ്പതികളെ ബാങ്ക് അധികൃതർ അറിയിച്ചു. ഇതോടെ സമരം അവസാനിപ്പിച്ചു. 2012 ലാണ് ഇരുവരുടെയും പേരിലുള്ള പത്ത് സെന്റ് വസ്തു പണയപ്പെടുത്തി 5 ലക്ഷം രൂപ ലോൺ എടുത്തത്. ബാങ്കിൽ കണക്ക് പ്രകാരം നാലര ലക്ഷം കൂടി അധികമായി. ഒരു ലക്ഷം രൂപ തിരിച്ചടച്ചിരുന്നു. ആകെ 18 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്. ജപ്തി നടപടികളുടെ ഭാഗമായി നോട്ടീസ് പതിച്ചു. തുടർന്ന് വാടക വീട്ടിലേയ്ക്ക് മാറണമെന്ന് ആവശ്യപ്പെട്ടതായി വിജയമ്മ പറഞ്ഞു.

പ്രളയ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായെത്തിയത്. പ്രളയബാധിത മേഖലയിൽ ബാങ്ക് ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ഉത്തരവുള്ളതാണ്. ജപ്തി നടപടികൾ നടക്കില്ലായെന്ന് സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉറപ്പ് നൽകിയിരുന്നു.

കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും നടപടിയുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ വീണ്ടും ജപ്തി നടപടിയുമായി മുൻപോട്ട് പോയതോടെ പ്രതിഷേധം ശക്തമാക്കുകയായിരുന്നുവെന്ന് കൂട്ടായ്മ രക്ഷാധികാരി മിനി കെ. ഫിലിപ്പ് പറയുന്നു.

പ്രളയത്തെ തുടർന്ന് കൂട്ടിക്കൽ, കൊക്കയാർ മേഖല ഒറ്റപ്പെട്ടു കിടക്കുകയാണ്. വസ്തു കച്ചവടം പോലും നടക്കുന്നില്ല. ഉരുൾപൊട്ടലിൽ റബർ തോട്ടങ്ങൾ നശിച്ചതോടെ കൂലി വേല പോലും ഇല്ലാതായെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ പലരുടെയും ജീവിതം ദുരിതത്തിലാണെന്നും പ്രസിഡന്റ് ഗോപി മാടപ്പാട്ട്, ബെന്നി ദേവസ്യ, കൊച്ചുമോൻ എന്നിവർ പറഞ്ഞു.