- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലില്‍ പന്ത് മാത്രമല്ല.. കയ്യില്‍ തോക്കും വഴങ്ങും! പരിശീലകനായി മടങ്ങി സിനിമാ താരമായി തിരിച്ചു വരവിനൊരുങ്ങി മലയാളികളുടെ സ്വന്തം ആശാന്‍; വിനീത് ശ്രീനിവാസന്റെ കരത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് ബ്ലാസ്റ്റേഴ്സ് മുന്‍കോച്ച് ഇവാന് വുക്കൊമനോവിച്ച്; ഈ റീ എന്‍ട്രി പ്രതീക്ഷിച്ചില്ല ആശാനെയെന്ന് ആരാധകരും
കാലില്‍ പന്ത് മാത്രമല്ല.. കയ്യില്‍ തോക്കും വഴങ്ങും!
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് എന്ന ടീമിനൊപ്പം തന്നെ മലയാളി നെഞ്ചേറ്റിയ പേരാണ് ഇവാന്‍ വുക്കൊമനോവിച്ച്.ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞെങ്കിലും മലയാളികള്‍ക്ക് പ്രത്യേകിച്ചും ഫുട്ബോള്‍ ആരാധകര്‍ക്ക് അദ്ദേഹം ഇന്നും ആശാനാണ്.കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ഇദ്ദേഹത്തിന്റെ പരിശീലന കാലയളവിലാണെന്നതാണ് ഈ ഇഷ്ടം കൂടാന്‍ പ്രധാന കാരണം.ടീം ഇപ്പോള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഇദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണമെന്ന് വാദിക്കുന്നവരും കുറവല്ല.എന്നാല്‍ ഇവാന്റെ തിരിച്ചുവരവ് കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.മലയാളികളുടെ പ്രിയപ്പെട്ട ആശാന്‍ തിരിച്ചെത്തുകയാണ്.പരിശീലകനായി മടങ്ങിയ ആശാന്‍ പക്ഷെ ഇക്കുറി ഒരു സിനിമാതാരമായാണ് മലയാളികള്‍ക്കിടയിലേക്ക് തിരിച്ചെത്തുന്നത്.
ഒരു മലയാളം സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇവാന്റെ തിരിച്ചുവരവ്.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'കര'ത്തിലാണ്, വുക്കൊമനോവിച്ച് അഭിനയിക്കുന്നത്.ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ഇവാന്‍ വുക്കൊമനോവിച്ചിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.സമൂഹമാധ്യമത്തില്‍ ആശാന്റെ സ്റ്റോറി കണ്ട് ട്രെയ്ലര്‍ തപ്പിപ്പോയവര്‍ വരെ ഉണ്ടെന്നും വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നു.കൈയ്യില്‍ തോക്കുമേന്തി നില്‍ക്കുന്ന ഇവാന്റെ സ്‌റ്റൈലിഷ് ലുക്കും ചെറിയ രംഗങ്ങളുമാണ് ട്രെയ്ലറില്‍ ഉള്ളത്.
തങ്ങളുടെ പ്രിയപ്പെട്ട ആശാന്റെ റീ എന്‍ട്രിക്ക് ആശംസകളുമായി നിരവധി പേരാണ് ട്രെയ്ലറിന് താഴെ കമന്റുകളുമായെത്തുന്നത്.എന്നാലും എന്റെ ആശാനെ നിങ്ങള്‍ ഇങ്ങനെ ഒരു റീ എന്‍ട്രി തരുമെന്ന് പ്രതീക്ഷിച്ചില്ല.. , ആശാനെ സിനിമയിലെടുത്തെ,ജോര്‍ജ്ജ് സാറിനെപ്പോലെ ആശാനും ഹിറ്റാകും,വിനീതിന് വേണ്ടി മാ്ത്രം അല്ല ഇവാന് വേണ്ടിയും ഈ സിനിമ കാണും എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.പതിവ് ശൈലി വിട്ട് ഒരു ആക്ഷന്‍ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലര്‍ സൂചന നല്‍കുന്നത്. പക്ഷേ, ട്രെയിലറില്‍ ശ്രദ്ധേയനായത് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ആണ്.
നോബിള്‍ ബാബു തോമസ് നായകനാകുന്ന ചിത്രം പതിവ് വിനീത് ശ്രീനിവാസന്‍ സിനിമകളില്‍നിന്ന് വ്യത്യസ്തമാകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്റെയും അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷമെടുത്താണ് ലൊക്കേഷന്‍ കണ്ടെത്തി പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തില്‍ (കൊച്ചി) നടക്കുകയുണ്ടായത്.ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.'ജേക്കബിന്റെ സ്വര്‍ഗരാജ്യം'നിര്‍മിച്ച നോബിള്‍ ബാബു ഹെലന്റെ രചയിതാക്കളില്‍ ഒരാളായിരുന്നു,ഹെലനില്‍ അഭിനയിച്ചിട്ടുമുണ്ട്.ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍.മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്.'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നത്.
മെറിലാന്‍ഡ് 1955ല്‍ പുറത്തിറക്കിയ 'സിഐഡി' മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലര്‍ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വര്‍ഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലര്‍ സിനിമയുമായി വീണ്ടും മെറിലാന്‍ഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നല്‍കുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കൂടുതലും. ത്രില്ലര്‍ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.
ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതം. തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്.രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്.നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.സിനിമയുടെ ഓവര്‍സീസ് വിതരണ അവകാശം ഫാര്‍സ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.പൂജ റിലീസായി സെപ്റ്റംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.