പത്തനംതിട്ട: കേരള കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ സിപിഎം അനധികൃതമായി തിരുകി കയറ്റിത് 16 പേരെ. ആറു വർഷമായി ഇവിടെ ജോലി ചെയ്യുന്ന ഇവരുടെ നിയമനം അനധികൃതമാണെന്ന് കണ്ടെത്തി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പിരിച്ചു വിടാൻ ഉത്തരവ് നൽകി. യാതൊരു പ്രതികരണവും ജില്ലാ ഓഫീസറുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. അനധികൃത ജീവനക്കാരിൽ ചിലർ ഓഫീസിൽ വരാതെ ശമ്പളം കൈപ്പറ്റുന്നുവെന്നും പരാതിയുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറിയുടെ നാട്ടിൽ നിന്നുള്ളവരെയാണ് ഏറെയും അനധികൃതമായി നിയമിച്ചിരിക്കുന്നത്. അനാവശ്യ തസ്തിക സൃഷ്ടിച്ചാണ് നിയമനം. പിൻവാതിൽ നിയമനം കൈയോടെ പിടികൂടിയിട്ടും കുലുക്കമില്ലാതെ ഇവർ ജോലിയിൽ തുടരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ജനുവരി 20 ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിൽ നിന്നും നടത്തിയ പരിശോധനയിൽ 16 പേർ വിവിധ തസ്തികകളിലായി ഇവിടെ ദിവസ വേതനാടിസ്ഥാനത്തിൽ അനധികൃതമായി ജോലി ചെയ്യുന്നത് കണ്ടെത്തി. ക്ലാർക്ക്-ഒമ്പത്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-നാല്, ഓഫീസ് അറ്റൻഡന്റ- 2, പാർട്ട് ടൈം സ്വീപ്പർ എന്നിങ്ങനെ 16 പേരാണ് അനധികൃതമായി നിയമിക്കപ്പെട്ടിട്ടുള്ളത്.

അടൂർ, പന്തളം എരിയകളിൽ നിന്നുള്ള സിപിഎം പ്രവർത്തകരും നേതാക്കളുമാണ് ഭൂരിഭാഗവും. ലക്ഷങ്ങളാണ് മാസംതോറും ഇവർക്ക് ശമ്പളം നൽകാൻ വേണ്ടത്. സിപിഎം, സിഐ.ടി.യു നേതാക്കളുടെ ശിപാർശയിലാണ് ഇവരെല്ലാം ഇവിടെ ജോലിയിൽ പ്രവേശിച്ചത്. നേതാക്കളുടെ ബന്ധുക്കളും ഇതിലുണ്ട്. ക്ലാർക്കിന് 765 രൂപയാണ് ദിവസ വേതനം. ഇവരിൽ പലരും ക്യത്യമായും ഓഫീസിൽ വരാറില്ല. ഇപ്പോൾ പഞ്ചിങ് ആയതോടെ ഓഫീസിൽ എത്തി പഞ്ച് ചെയ്ത് പലരും മുങ്ങും. എല്ലാവരും ശമ്പളം ക്യതമായി വാങ്ങുന്നു. മതിയായ വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവർ പോലും ഇക്കൂട്ടത്തിൽ ഉണ്ട്. തൂപ്പുകാരിയും ഹെൽപ്പറും വരെ വളരെ വേഗം എൽ. ഡി.സിയായി മാറിയിട്ടുണ്ട്. ഇത്രയും പേർക്ക് പ്രത്യേകിച്ച് ഇവിടെ ജോലി ഒന്നും ഇല്ലെന്നും പറയുന്നു.

ഓഫീസിൽ മൂന്നു കമ്പ്യൂട്ടർ മാത്രമുള്ളപ്പോഴാണ് നാലു പേരെ ഡേറ്റാ എൻട്രിയിൽ നിയമിച്ചിട്ടുള്ളത്. ക്ഷേമനിധി അംഗങ്ങൾക്ക് പെൻഷൻ ലഭിച്ചിട്ട് പോലും മാസങ്ങളാകുമ്പോഴാണ് അനധികൃതക്കാർ കൃത്യമായി ശമ്പളം കൈപ്പറ്റുന്നത്. ക്ഷേമനിധിപെൻഷൻ പോലും നൽകാൻ പണമില്ലാതെ വിഷമിക്കുേമ്പാഴാണ് അനധികൃത നിയമനം. ജില്ലയിൽ മുപ്പതിനായിരത്തോളം പേർ ക്ഷേമ ിധിയിലുണ്ട്. തുച്ഛമായ പെൻഷൻ വാങ്ങി ജീവിക്കുന്നവരാണ് ഇതിൽ പലരും. അംഗങ്ങളുടെ ചികിത്സ, മരണാനന്തര ആനുകൂല്യം, വിവാഹ ആനുകൂല്യം,പ്രസവ ആനുകൂല്യം, സാന്ത്വന സഹായധനം, വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് ഇവയൊക്കെ മുടങ്ങിക്കിടക്കുകയാണ്. പാവപ്പെട്ട ആളുകൾ അന്വേഷിച്ച് വരുമ്പോൾ ഫണ്ട് ഇല്ലെന്നാണ് അധികൃതർ പറയുന്നത്.

അനധികൃത നിയമനം സംബന്ധിച്ച് നേരത്തെയും പരാതികൾ ഉയർന്നതാണെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതേ തുടർന്നാണ് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ ജനുവരിയിൽ പരിശോധനക്ക് എത്തിയത്. ആറു പേർ മാത്രമാണ് സ്ഥിരംജീവനക്കാരായുള്ളത്. ഇതിൽ ഡെപ്യൂട്ടേഷനിൽ എത്തിയവരുമുണ്ട്. ദിവസ വേതനക്കാരെ പിരിച്ചു വിട്ട് ഒഴിവുകൾ മുഴുവൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കർശന നിർദ്ദേശം നൽകിയിട്ടും അധികൃതർക്ക് കുലുക്കമില്ല. ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തു കാത്ത് നിൽക്കുന്നത്. അനർഹർ പുറംവാതിലിൽ കൂടി ഓഫീസുകളിൽ കയറിപ്പറ്റുകയാണ്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് ബോർഡിന്റെ കീഴിലുള്ളത്. പ്രതിമാസം 50 രൂപയാണ് അംശാദായമായി തൊഴിലാളി അടയ്ക്കുന്നത്. 60 വയസ് പൂർത്തിയായാൽ പ്രതിമാസം 1600 രൂപ പെൻഷൻ ലഭിക്കും.

തൊഴിലാളി സംഘടനാനേതാക്കളുടെ ശുപാർശയിലാണ് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നത്. ക്ഷേമനിധി ഓഫീസുകളുടെ മുഴൂവൻ നിയന്ത്രണവും തൊഴിലാളി നേതാക്കൾക്കാണ്. സഹകരണ ബാങ്കുകളിലേത് പോലെ പാർട്ടിക്കാരെ കുത്തിനിറക്കാനുള്ള സ്ഥാപനങ്ങളായി ക്ഷേമ നിധിബോർഡുകളും മാറിക്കഴിഞ്ഞു. ജില്ലയിലെ മറ്റ് ക്ഷേമനിധിബോർഡ് ഓഫീസുകളും ഇതേ പോലെ പാർട്ടിക്കാരെ കൊണ്ട് നിറച്ചിരിക്കുകയാണ്.