- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രി വിദേശത്ത് പോയത് സ്വന്തം ചെലവിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മറ്റെവിടെയും പ്രചരണത്തിന് പോകാതൊയാണ് മുഖ്യമന്ത്രി വിദേശത്ത് യാത്ര പോയത്. നിശ്ചയിച്ചതിലും നേരത്തെ യാത്രകഴിഞ്ഞ് മടങ്ങിയെത്തുകയും ചെയ്തു. ഇതിനിടെ മുഖ്യമന്ത്രിയുടെ യാത്രക്ക് പണം ചെലവാക്കിയത് ഖജനാവിൽ നിന്നാണോ അതോ ആരെങ്കിലും സ്‌പോൺസർ ചെയ്തിരുന്നോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. ഈ ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമായി.
മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് യാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കിയത്. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചില്ല. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിന്റെയും കെ.ബി.ഗണേശ് കുമാറിന്റെയും വിദേശയാത്രയും സ്വന്തം ചെലവിലാണെന്നു വിവരാവകാശരേഖയിൽ വ്യക്തമാക്കുന്നു.
12 ദിവസങ്ങളിലായി ദുബായ്, സിംഗപ്പൂർ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചുമകനുമുണ്ടായിരുന്നു. വിദേശയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുമ്പോൾ മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് ചർച്ചാവിഷയമായിരുന്നു.
മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്‌പോൺസർഷിപ്പാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെ തള്ളിയാണ് പാർട്ടി രംഗത്തുവന്നതും. നേരത്തെ 19ന് മാത്രമേ ദുബായിൽ മുഖ്യമന്ത്രിയും കുടുംബവും എത്തൂ എന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, അതിലും മുൻപേ അദ്ദേഹം നാട്ടിലെത്തി. തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി കുടുംബ സമേതം വിദേശത്തേക്ക് പോയതിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷവും ബിജെപിയും വിമർശിച്ചത്. മുഖ്യമന്ത്രി ചുമതല കൈമാറാത്തതും സകുടുംബ യാത്രയുടെ ചെലവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണമുന്നയിച്ചത്.