തിരുവനന്തപുരം: ബഫർസോൺ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ, സിൽവർലൈൻ, വായ്പാപരിധി ഉയർത്തൽ എന്നിവയും ചർച്ചയായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ട്.

ഡിസംബർ 27, 28 തീയതികളിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തിങ്കളാഴ്ച ഉച്ചയോടുകൂടി ഡൽഹിയിൽ എത്തുന്നുണ്ട്. ഈ സമയത്താണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. അതേസമയം പെട്ടന്നുള്ള അനുമതി തേടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്നതിനാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കൂടിക്കാഴ്ചയ്ക്ക് ഇതുവരേയും അനുമതി നൽകിയിട്ടില്ല.

കേരളത്തിൽ നിലവിൽ ബഫർസോൺ വിഷയത്തിൽ വലിയ തോതിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ് എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ജനലക്ഷങ്ങളെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ നിലപാട് നിർണായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ മോദിയുമായുള്ള കൂടിക്കാഴ്‌ച്ച ഏറെ ശ്രദ്ധനേടുന്നുണ്ട്.

അതേസമയം കെ-റെയിൽ വിഷയത്തിൽ രാഷ്ട്രീയ എതിർപ്പിനെ മറികടക്കാനുള്ള ശ്രമവും കൂടിക്കാഴ്ചയിൽ ഉണ്ടായേക്കും. ചീഫ് സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിയ്‌ക്കൊപ്പം ഡൽഹിയിലെത്തും. ഉദ്യോഗസ്ഥ തലത്തിൽ പല കാര്യങ്ങളിലും നിർണായക നീക്കമുണ്ടാക്കാൻ വേണ്ടിയാണ് വി പി ജോയിയും ഡൽഹിയിൽ എത്തുന്നത്.

സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെയും നിയമസഭയെ അറിയിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്രസർക്കാർ പദ്ധതിക്ക് അനുമതി നൽകുന്നില്ലെങ്കിലും പദ്ധതിയെ പൂർണമായും തള്ളിപ്പറയാൻ അവർക്കുപോലും സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്നല്ലെങ്കിൽ നാളെ കേന്ദ്രത്തിന് പദ്ധതിക്ക് അനുമതി നൽകേണ്ടതായി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണിത്. പൂർണമായും പദ്ധതിക്ക് അനുകൂലമായ നിലപാടായിരുന്നു മുമ്പ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. എന്നാൽ പ്രതിപക്ഷത്തിനൊപ്പം കേന്ദ്രം ഭരിക്കുന്ന ബിജെപിയും പദ്ധതിക്കെതിരേ പ്രക്ഷോഭം നടത്തിയതോടെയാണ് കേന്ദ്രത്തിന്റെ സമീപനത്തിലും മാറ്റമുണ്ടായത്. ആദ്യം സംസാരിച്ചപ്പോൾ വലിയ സഹകരണവും പിന്തുണയും നൽകിയ കേന്ദ്രം പിന്നീട് സമീപനം മാറ്റി. ഇതെല്ലാം രണ്ടുകൂട്ടരും നടത്തിയ ഇടപെടലുകളുടെ ഭാഗമായി ഉണ്ടായതാണ്. ബിജെപി രാഷ്ട്രീയമായി ഇടപെട്ടതോടെ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രം നിലപാട് മാറ്റി. അവരുടെ ഈ വിജയം നാടിന്റെ പരാജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ അടക്കം അതിവേഗം പൂർത്തിയാകുന്ന സാഹചര്യത്തിൽ അടുത്തപദ്ധതി കേരളത്തിൽ വേണമെന്ന ആവശ്യമാകും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നിൽ വെക്കുക. കെ റെയിൽ പദ്ധതിക്ക് വേണ്ടി ഇതിനോടകം 50 കോടിയോളം രൂപ കേരളം ചിലവഴിച്ചുവെന്ന വിവരവും അടുത്തിടെ പുറത്തുവന്നിരുന്നു.