തിരുവനന്തപുരം: മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയുരുന്നുണ്ട്. അതേസമയം ഇന്നലെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു കോടതി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള പകപോക്കലാണെന്ന ആരോപണം ശക്തമാകുമ്പോഴും സിസോദിയക്ക് ജാമ്യം ഇനിയും ലഭിച്ചിട്ടില്ല. അതിനിടെ സിസോദിയയുടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും.

അനിവാര്യമായിരുന്നില്ലെങ്കിൽ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. സിസോദിയയുടെ അറസ്റ്റിനെതിരെ എഎപി അടക്കം എട്ട് രാഷ്ട്രീയ പാർട്ടി നേതാക്കൾ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്റെ കത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇതിന് നന്ദി അറിയിക്കുകയും ചെയ്തു. 'ഇന്ത്യയിലുടനീളമുള്ള നേതാക്കളെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ ശബ്ദം ഉയർത്തിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി' കെജ്രിവാൾ ട്വീറ്ററിൽ കുറിച്ചു.

സ്വാഭാവിക നീതിയുടെ നിഷേധമുണ്ടാകരുത്. കേസിന്റെ മെറിറ്റിനെ കുറിച്ച് താൻ ഒന്നും പറയുന്നില്ല. മനീഷ് സിസോദിയ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അന്വേഷണ ഏജൻസിയുമായി സഹകരിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരായതും അദ്ദേഹത്തിൽ നിന്ന് പണം അടക്കം കുറ്റംചുമത്താവുന്നതൊന്നും പിടികൂടിയിട്ടില്ലെന്നാണ് പുറത്തുവന്ന വിവരം.അറസ്റ്റ് അനിവാര്യമായിരുന്നില്ലെങ്കിൽ അഭികാമ്യമായ നടപടി ഒഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബനർജി,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, എൻസിപി നേതാവ് ശരത് പവാർ, എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നീ നേതാക്കൾ ചേർന്നാണ് നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നത്.

അതേസമയം കേസിൽ ആം ആദ്മിക്ക് പിന്തുണ വർധിക്കുമ്പോഴും മറ്റൊരു ബിസിനസുകാരൻ കൂടി അറസ്റ്റിലായി. മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ് അരുൺ രാമചന്ദ്ര പിള്ളയെ ഇഡി കസ്റ്റഡിയിലെടുത്തത്. ദക്ഷിണേന്ത്യൻ മദ്യനിർമ്മാതാക്കളുടെ ഗ്രൂപ്പിലെ പ്രധാനിയാണ് അരുൺ രാമചന്ദ്ര പിള്ള എന്നാണ് ഇഡിയുടെ ആരോപണം. കേസിലെ മറ്റൊരു പ്രതിയായ സമീർ മഹേന്ദ്രുവിൽ നിന്ന് കോഴ കൈപ്പറ്റി മറ്റൊരു പ്രതിക്ക് കൈമാറിയത് അരുൺ രാമചന്ദ്ര പിള്ളയാണെന്നും ഇഡി വാദിക്കുന്നു. ഇൻഡോ സ്പിരിറ്റിന്റെ മാനേജിങ് ഡയറക്ടറാണ് സമീർ മഹേന്ദ്രു.

പ്രമുഖ കമ്പനികളുടെ ഇടപെടലായ കാർട്ടലൈസേഷനിലൂടെ ഇൻഡോ സ്പിരിറ്റ് 68 കോടി രൂപയാണ് ലാഭം നേടിയത്. ഇതിൽ 29 കോടി രൂപ അരുൺ രാമചന്ദ്ര പിള്ളയുടെ ബാങ്ക് അക്കൗണ്ടിലേക്കും ബന്ധപ്പെട്ട മറ്റു അക്കൗണ്ടുകളിലേക്കും മാറ്റി. ഇതിന് പുറമേ ഇൻഡോ സ്പിരിറ്റിൽ അരുൺ രാമചന്ദ്ര പിള്ളയ്ക്ക് 32.5 ശതമാനം ഓഹരി പങ്കാളിത്തം നൽകിയതായും ഇഡി കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് അരുണിന്റെ ഹൈദരാബാദിലെ വീട്ടിൽ റെയ്ഡ് നടത്തുകയും രേഖകളുടെ അടിസ്ഥാനത്തിൽ അരുണിന്റെ വസ്തുവകകൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഹൈദരാബാദിൽ അരുൺ രാമചന്ദ്ര പിള്ളയുടെ പേരിലുള്ള 2.25 കോടിയുടെ ആസ്തിയാണ് ഇത്തരത്തിൽ ഇഡി കണ്ടുകെട്ടിയത്.