തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വരുമാന മാർഗ്ഗങ്ങൾ കുറഞ്ഞതോടെ പ്രതിസന്ധിയാണ് എങ്ങും. ഇതിനിടെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി വീണ്ടും കടമെടുക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ 4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ധനശേഖരണത്തിന് കടപ്പത്രം പുറപ്പെടുവിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം.

ചൊവ്വാഴ്ചയാണ് കടപ്പത്രത്തിന്റെ ഭാഗമായുള്ള ലേലം. റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകുബേർ സംവിധാനംവഴിയാണ് ലേലം.അതേസമയം ധനവിനിയോഗം നിയന്ത്രിക്കാൻ 10 ലക്ഷംരൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ അനുമതിയില്ലാതെ മാറ്റരുതെന്നാണ് നിർദ്ദേശം. ഇതിനുപുറമേ, ട്രഷറി അക്കൗണ്ടിൽനിന്ന് 25 കോടിരൂപയിൽ കൂടുതൽ പിൻവലിക്കാൻ വിവിധ സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

നേരത്തെ സംസ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തിൽ വലിയ ധനഞെരുക്കം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചിരുന്നു. അതിനു കാരണം റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ 2022-23-നെ അപേക്ഷിച്ച് ഉണ്ടാവാൻ പോകുന്ന 8,425 കോടി രൂപയുടെ കുറവും ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയ വകയിൽ നഷ്ടപ്പെടുന്ന ഏകദേശം 5,700 കോടി രൂപയുമാണ്.

അതുപോലെ കടപരിധിയിലെ കുറവ് മൂലമുണ്ടാകുന്ന വിഭവനഷ്ടവും അടുത്ത വർഷം കിഫ്ബിയും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും എടുക്കാൻ സാധ്യതയും കടവും കൂടി കടമെടുപ്പ് പരിധിയിൽ കുറയുന്നതുമൊക്കെ ധനഞെരുക്കത്തിന് കാരണമാണ്. സംസ്ഥാനം സാമ്പത്തിക ആഘാതത്തിൽ നിന്നും കരകയറി വളർച്ചയുടെ പാതയിൽ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഈ ധനനയം വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി അറിയിച്ചു.

പത്താം ധനകാര്യ കമീഷന്റെ സമയത്ത് 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം. പതിനാലാം ധനകാര്യ കമീഷന്റെ കാലയളവിൽ 2.5 ശതമാനമായി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമീഷന്റെ കാലയളവിൽ 1.925 ശതമാനമായി കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ നികുതി പിരിവ് കാര്യക്ഷമമാക്കി സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് അടിയന്തരപ്രാധാന്യം നൽകി വിവിധ പദ്ധതികൾ വിഭാവനം ചെയ്തു. അതിന്മേൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മാണി. സി. കാപ്പൻ, മോൻസ് ജോസഫ്, അനൂപ് ജേക്കജബ്, പി.ജെ ജോസഫ് എന്നിവർക്ക് മറുപടി നൽകി.

നേരത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, കിഫ്ബി എടുത്ത വായ്പയിൽ, തിരിച്ചടച്ച തുക സംസ്ഥാനത്തിന്റെ വായ്പാ കണക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ഇത് അനുവദിച്ചാൽ സംസ്ഥാനത്തിന് ഈ സാമ്പത്തിക വർഷം 2000 കോടി രൂപ കൂടി കടമെടുക്കാൻ സാധിക്കും. ഈ മാസം ശമ്പളത്തിനും പെൻഷനുമൊക്കെയായി 22,000 കോടി രൂപയോളം കണ്ടെത്തേണ്ട അവസ്ഥിലാണ് കേരളം.

ട്രഷറി നിയന്ത്രണം കടുപ്പിച്ചും വകുപ്പുകൾ ബാങ്ക് അക്കൗണ്ടുകളിൽ പാർക്ക് ചെയ്ത ഫണ്ട് ട്രഷറിയിലേക്ക് തിരിച്ചടയ്ക്കാൻ നിർദ്ദേശിച്ചും പദ്ധതി ചെലവ് നിയന്ത്രിച്ചും ചെലവു ചുരുക്കിയും പരമാവധി ധനസമാഹരണത്തിന് ശ്രമം നടക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും മതിയാവില്ലെന്ന് വ്യക്തമായതോടെയാണ് 2000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കിഫ്ബിയും ക്ഷേമപെൻഷൻ വിതരണം സുഗമമായി നടക്കാൻ രൂപീകരിച്ച പെൻഷൻ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ വായ്പയുടെ കണക്കിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെയാണ് പ്രതിസന്ധി കടുത്തത്. ഇതോടെ സംസ്ഥാനത്തിന് വായ്പയെടുക്കാവുന്ന തുക വെട്ടിക്കുറയ്ക്കുകയായിരുന്നു. കിഫ്ബി നടത്തിയ വായ്പാ തിരിച്ചടവിന് തുല്യമായ തുക ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.