- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമെടുക്കാതെ മുന്നോട്ടു പോകാൻ വഴികളില്ല; ജൂൺ വരെ 8,000 കോടി കടമെടുക്കാൻ അനുമതി തേടി കേരളം; കഴിഞ്ഞ വർഷം മാത്രം കടമെടുത്തത് 35,339 കോടി; പലിശ ഇനത്തിലും കോടികൾ നൽകണം; സർവത്ര കടത്തിൽ മുങ്ങി പിണറായി സർക്കാറിന്റെ മുന്നോട്ടു പോക്ക്; നികുതി വരുമാനം കൂടാതെ മുന്നോട്ടു പോക്ക് പ്രതിസന്ധിയിൽ
തിരുവനന്തപുരം: സർവത്ര കടത്തിൽ മുങ്ങി പിണറായി സർക്കാറിന്റെ മുന്നോട്ടുപോക്ക്. കടമെടുക്കാതെ ഒരു മാസം പോലും മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. പുതിയ സാമ്പത്തിക വർഷത്തിലും പിടിച്ചു നിൽക്കാൻ വേണ്ടി കടമെടുക്കുകയാണ് സർക്കാർ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 മാസത്തിനുള്ളിൽ ആകെ 8,000 കോടി രൂപ കടമെടുക്കാൻ ഒറുങ്ങുകയാണ് സർക്കാർ. ഇതിന് വേണ്ടി റിസർവ് ബാങ്കിനോട് സംസ്ഥാന സർക്കാർ അനുതി തേടിയിട്ടുണ്ട്.
ഈ മാസം 2,000 കോടിയും അടുത്ത മാസം 4,500 കോടിയും ജൂണിൽ 1,500 കോടിയും കടമെടുക്കാനുള്ള അനുമതിയാണ് സർക്കാർ തേടിയത്. റിസർവ് ബാങ്ക് തത്വത്തിൽ കടമെടുപ്പിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ കൂടി അനുമതിക്കു വിധേയമായിട്ടായിരിക്കും അന്തിമ തീരുമാനം. ബജറ്റ് രേഖകൾ പ്രകാരം ഈ സാമ്പത്തിക വർഷം 25,646 കോടി രൂപ പൊതുവിപണിയിൽ നിന്നു കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം 22,184 കോടി രൂപയാണ് കടമെടുക്കാൻ നിശ്ചയിച്ചിരുന്നതെങ്കിലും ആ പരിധിയും കടന്ന് കടമെടുപ്പ് മുന്നോട്ട പോയ അവസ്ഥ ഉണ്ടായി. കേന്ദ്രം അധികതുക കടമെടുക്കാൻ അനുവദിച്ചതിനാൽ ആകെ 35,339 കോടി കടമെടുക്കാൻ സർക്കാനിന് സാധിച്ചു. അതേസമയം ശരാശരി ഏഴര ശതമാനമെന്ന ഉയർന്ന പലിശ നിരക്കിലായിരുന്നു എല്ലാ വായ്പകളും. മുൻപ് 6 ശതമാനത്തോളം പലിശയ്ക്കു സർക്കാരിനു വായ്പ ലഭിച്ചിരുന്നു.
കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പകൾ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെങ്കിലും അധികതുക അനുവദിച്ചതു കൊണ്ടു കൂടിയാണ് കഴിഞ്ഞ വർഷം ശമ്പളവും പെൻഷനും മുടങ്ങാതിരുന്നത്. നികുതി വരുമാനത്തിലെ വർധനയും പദ്ധതിച്ചെലവുകൾ അടക്കം നിയന്ത്രിച്ചതും സർക്കാരിനു തുണയായി.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള എല്ലാ കുടിശികയും താൽക്കാലികമായി മരവിപ്പിച്ചതിനാൽ ആ ഇനത്തിലും വലിയൊരു ചെലവ് ഒഴിവായിക്കിട്ടി. മേയിൽ സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുന്നതു കണക്കിലെടുത്താണ് 3,500 കോടി രൂപ കടമെടുക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം മാത്രം സർ്ക്കാർ കടമെടുത്തത് 35,339 കോടിയാണ്.
അതേസമയം കുടത്ത പ്രതിസന്ധിയാണ് നേരിടുന്നതെങ്കിലും സാനം ധനപ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറല്ല. എല്ലാ പ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണെന്നും കേരളത്തെ ഞെരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നുമാണ് സർക്കാർ നിരന്തരം വാദിക്കുന്നത്. എന്നാൽ, സർക്കാരിന് സംഭവിച്ച പിഴവുകൾ ഇതിനു മുമ്പ് സാമ്പത്തിക വിദഗ്ദ്ധർ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പിരിച്ചെടുക്കാവുന്ന നികുതി പിരിക്കാതെ കേരളം കാണിച്ച അലസതയ്ക്ക് നൽകുന്ന വിലയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് വ്യക്തം.
2020-2021 സാമ്പത്തിക വർഷത്തിൽ സമാഹരിച്ച നികുതിയേതര വരുമാനം ബജറ്റ് മതിപ്പിനേക്കാൾ 49.16% കുറവാണ് എന്നാണ് സി.എ.ജി. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയരുന്നു. ഇത് സംസ്ഥാനത്തിന്റെ ആസൂത്രണത്തെയും സാമ്പത്തിക നിർവഹണത്തെയും കാര്യമായി തന്നെ ബാധിക്കുന്നുവെന്ന് സി.എ.ജി. ചൂണ്ടിക്കാണിക്കുന്നു. ഇത്രയും വലിയ കുറവ് വന്നതെന്തു കൊണ്ടാണെന്നു പരിശോധിച്ചാൽ റവന്യു വകുപ്പിന് കുടിശ്ശിക റിപ്പോർട്ട് ചെയ്യാതിരിക്കുകയും അത് വസൂലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കാതിരുന്നതുമാണ്.
ഇങ്ങനെ കുടിശ്ശിക പിരിക്കാതിരുന്നതിലൂടെ സർക്കാരിനുണ്ടായ നഷ്ടം എത്രയാണെന്ന് അറിയാമോ? 21,797.86 കോടി രൂപ. അതായത് അധിക വിഭവസമാഹരണം വഴി സർക്കാർ ഇത്തവണ ബജറ്റിലൂടെ ലക്ഷ്യമിട്ടതിലും എത്രയോ മടങ്ങ് വലുതാണ് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശികയെന്നു കാണാം. ആകെയുള്ള റവന്യു വരുമാനത്തിന്റെ 23.33 ശതമാനമാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇതിൽ സർക്കാരിൽനിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും പിരിച്ചെടുക്കാൻ മാത്രമുള്ളത് 6,422.19 കോടിയാണ്.
കഴിഞ്ഞ 2016-17 സാമ്പത്തിക വർഷം മുതൽ 2020-21 സാമ്പത്തിക വർഷം വരെയുള്ള കാലത്ത് 7,100.32 കോടി രൂപയുടെ റവന്യു കുടിശ്ശിക പിരിച്ചെടുക്കുന്നതിനും സർക്കാരിന് താൽപര്യമില്ല. എക്സൈസ് ഉൾപ്പെടെ 12 വകുപ്പുകളുടെ പരിധിയിലാണ് ഇത്രയും കുടിശ്ശിക പിരിച്ചെടുക്കാനുള്ളത്. ഇതിൽ എക്സൈസിന്റെ 1952 മുതലുള്ള കുടിശ്ശികയും ഉൾപ്പെടുന്നുവെന്ന് വരുമ്പോൾ സർക്കാരിന്റെ ഉദാസീനത എത്രത്തോളമുണ്ടെന്ന് മനസിലാക്കാം.
ജി.എസ്.ടിയും മറ്റു നികുതി കുടിശ്ശികകളും അടയ്ക്കാത്തവരെ പിടികൂടാൻ സർക്കാരിനു മടിയുള്ളതിനാലാണ് ഓരോ വർഷവും കുടിശ്ശിക പെരുകുന്നത്. ഇതിന് പകരം അധിക വിഭവ സമാഹരണ മാർഗമായി സർക്കാർ കണ്ടതാകട്ടെ കടമെടുക്കലും. നികുതി ക്രമരഹിതമായി കുറവായി ചുമത്തിയത്, ചുമത്താതിരുന്നത്, ക്രമരഹിതമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നൽകിയത്, വിറ്റുവരവ് നികുതി നിർണയത്തിൽനിന്ന് വിട്ടുപോയത്, ക്രമരഹിതമായി ഇളവുകൾ നൽകൽ തുടങ്ങിയ വിഴ്ചകളിലൂടെ 2019 മുതൽ 2021 വരെയുള്ള സാമ്പത്തിക വർഷത്തിൽ സർക്കാരിന് നഷ്ടം 471.33 കോടി രൂപയാണ്.
ഇത് വെറും സാമ്പിൾ പരിശോധനയിൽ മാത്രം സി.എ.ജി. കണ്ടെത്തിയതാണ്. അങ്ങനെ നോക്കിയാൽ സർക്കാരിലേക്ക് എത്താതെ പോകുന്നത് കോടികളാണെന്ന് കാണാം. വിശദമായ പരിശോധനയിൽ 672 കേസുകളിലായി 483.23 കോടിയുടെ ക്രമക്കേടുകളാണ് സി.എ.ജി. റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വികസന പദ്ധതികൾ നടപ്പാക്കാനെന്ന പേര് പറഞ്ഞ് സംസ്ഥാന സർക്കാർ റിസർവ് ബാങ്കിലൂടെ എടുക്കുന്ന വായ്പകളുടെ പകുതി പോലും ആ ആവശ്യത്തിനല്ല ചെലവിടുന്നതെന്ന് സി.എ.ജി. കണ്ടെത്തുന്നു. അഞ്ചു വർഷം കടമെടുത്ത തുകയും അതിൽനിന്നു വികസന പദ്ധതികൾക്കായി ചെലവിട്ട തുകയും റിപ്പോർട്ടിൽ സി.എ.ജി. ചുണ്ടിക്കാട്ടി. 2021 വരെയുള്ള സാമ്പത്തിക വർഷത്തിൽ കടമെടുത്തതിന്റെ സിംഹഭാഗവും കേരളം റവന്യു ചെലവുകൾക്ക് വേണ്ടിയാണ് വിനിയോഗിച്ചത്. കടം വാങ്ങുന്ന ഫണ്ടുകൾ മൂലധന സൃഷ്ടിക്കും വികസന പ്രക്രിയകൾക്കുമാണ് വിനിയോഗിക്കേണ്ടത്. നിലവിലെ ആവശ്യങ്ങൾക്കും ബാക്കിയുള്ള കടത്തിന്റെ പലിശയുടെ തിരിച്ചടവിനുമൊക്കെയായി കടമെടുക്കുന്ന സുസ്ഥിരമല്ലാത്ത കടമെടുപ്പ് രീതിയാണ് കേരളത്തിന്റേതെന്ന് സി.എ.ജി. കുറ്റപ്പെടുത്തുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ