- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിൽ കൃഷിപഠിക്കാൻ പോയ ബിജു മുങ്ങിയത് ബോധപൂർവം; ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജു ചെയ്തത്, ഇത് സർക്കാരിനെ പ്രതിസന്ധിയിലാക്കി; കുടുംബാംഗങ്ങൾ തന്നെ വിളിച്ച് ക്ഷമ ചോദിച്ചു; നിയമ നടപടിയെ കുറിച്ച് ആലോചിക്കുമെന്ന് കൃഷിമന്ത്രി; ഇസ്രയേലിലും എംബസിയിലും പരാതി നൽകിയെന്നും പി പ്രസാദ്
ആലപ്പുഴ: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച കർഷകനെ കാണാതായ സംഭവത്തിൽ പ്രതികരിച്ചു കൃഷി മന്ത്രി പി പ്രസാദ്. ബിജു കുര്യൻ ബോധപൂർവം മുങ്ങിയതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജു ചെയ്തത്. സർക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്റെ കുടുംബാംഗങ്ങൾ തന്നെ വിളിച്ച് ക്ഷമ ചോദിച്ചു. സഹോദരനുമായി ഫോണിൽ സംസാരിച്ചു. സംഘം നാളെ തിരിച്ചെത്തിയശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കും. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രയേലിലേക്ക് അയച്ചത്. വിശദമായ പരിശോധനക്ക് ശേഷമാണ് കർഷകരെ തെരഞ്ഞെടുത്തത്.
ഇന്നു രാവിലെയെങ്കിലും ബിജു കുര്യൻ സംഘത്തോടൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. രണ്ടു പെൺകുട്ടികളുടെ അഛൻ കൂടിയാണ് ബിജു. വളരെ ആസൂത്രിതമായാണ് മുങ്ങിയിരിക്കുന്നത്. എന്തെങ്കിലും അപകടം എന്തെങ്കിലും ഉണ്ടായതായി അറിവില്ല. ഇസ്രയേലിലും എംബസിയിലും പരാതി നൽകിയിട്ടുണ്ട്. സംഘം നാളെ എത്തിയ ശേഷം മറ്റുനിയമ നടപടികൾ ആലോചിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ഇതിനിടെ കർഷകസംഘത്തിനൊപ്പം ഇസ്രയേലിൽ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ടു. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് (48) വ്യാഴാഴ്ച രാവിലെ 10ന് വാട്‌സാപ്പിലൂടെ ഭാര്യയ്ക്ക് സന്ദേശം അയച്ചത്. താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. ഇതിനു പിന്നാലെ, ബിജുവിനെ ഫോണിൽ കിട്ടാതായെന്ന് സഹോദരൻ ബെന്നി പറഞ്ഞു. എന്തിനാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ല.
സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കർഷകരിൽ ഒരാളാണ് ബിജു. ഇസ്രയേൽ ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നു 17നു രാത്രിയാണ് കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കയ്യിൽ പാസ്‌പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു.
വിവരം ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു. ഇന്ത്യൻ അംബാസഡർക്കും വിവരങ്ങൾ കൈമാറി. ഇസ്രയേലിലേക്കുള്ള എയർ ടിക്കറ്റിനുള്ള പണം ബിജു കുര്യൻ നൽകിയിരുന്നുവെങ്കിലും വീസ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരമുള്ളതാണ്. ഇതിനു മെയ് 8 വരെ കാലാവധിയുണ്ട്.
എൽ.ഐ.സി. ഏജന്റ് കൂടിയായ ബിജുവിന് ഇസ്രയേലിൽ ചില സുഹൃത്തുക്കളുള്ളതായി വിവരങ്ങളുണ്ട്. കർഷകനെ കാണാതായ സംഭവത്തിൽ ഇസ്രയേലിൽ മിസിങ് കേസ് നൽകിയിട്ടുണ്ടെന്നും എംബസിയിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൃഷിമന്ത്രി പി.പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലും പരാതി നൽകേണ്ടിവരുമെന്നാണ് വിദഗ്ധരുമായി സംസാരിച്ചപ്പോൾ മനസിലായത്. അതിനുവേണ്ടകാര്യങ്ങൾ നാളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
മറുനാടന് ഡെസ്ക്