തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഖജനാവ്. ജിഎസ്ടി നഷ്ടപരിഹാരം നിന്നതോടെ വരുമാന മാർഗ്ഗങ്ങൾ ഇല്ലാതായിരിക്കയാണ് സർക്കാറിന്. വ്യാപകമായി കടമെടുത്തു ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയാണ് സർക്കാർ. സർക്കാറിനെ ജനകീയമാക്കിയ ക്ഷേമ പെൻഷൻ അടക്കം ഇപ്പോൾ ബാധ്യതയായ അവസ്ഥയിലാണ്. കിഫ്ബിയിലെ കടം പെരുകുമ്പോൾ തന്നെയാണ് സർക്കാറിന്റെ ഈ ദുരവസ്ഥയും.

ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി റിസർവ് ബാങ്ക് മുഖേന കടപ്പത്രമിറക്കി സർക്കാർ 2,000 കോടി രൂപ ഇന്നലെ വായ്പയെടുത്തു. 23 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 7.83% പലിശയ്ക്കായിരുന്നു കടമെടുപ്പ്. ക്ഷേമ പെൻഷൻ വിതരണം അടക്കം സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ ഇതുവരെ സർക്കാരിനു വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം ആദ്യവാരമെങ്കിലും കൊടുത്തു തീർക്കേണ്ടതാണ്. കഴിഞ്ഞ 25ന് പെൻഷൻ അനുവദിച്ച് ഉത്തരവിറങ്ങേണ്ടതായിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല. 3 മാസത്തെ പെൻഷൻ ഒരുമിച്ചു ക്രിസ്മസിനു നൽകാൻ കഴിയുമോ എന്ന ആലോചനയിലാണ് ഇപ്പോൾ സർക്കാർ.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യമായാണു സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ മുടങ്ങിയത്. കഴിഞ്ഞ മാസത്തെ പെൻഷൻ കൂടി മുടങ്ങിയാൽ തുടർച്ചയായി 2 മാസം ക്ഷേമ പെൻഷൻ വിതരണം തടസ്സപ്പെടും. നിലവിൽ 55 ലക്ഷം പേരാണ് 1600 രൂപ വീതമുള്ള ക്ഷേമ പെൻഷൻ വാങ്ങുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മൂന്നോ നാലോ മാസത്തെ പെൻഷൻ ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഒരുമിച്ചു കൊടുക്കുന്നതായിരുന്നു രീതി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വോട്ട് ലക്ഷ്യമിട്ട് പെൻഷൻ പ്രതിമാസം നൽകാൻ തീരുമാനിച്ചു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെയുള്ള തീരുമാനമായിരുന്നു അതെന്ന വിലയിരുത്തലിലാണ് ഇപ്പോൾ ധനവകുപ്പ്. ഓരോ മാസവും ക്ഷേമ പെൻഷൻ നൽകാൻ 774 കോടി രൂപയാണ് വേണ്ടത്. സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും വിരമിച്ചവർക്കുള്ള പെൻഷനും നൽകാൻ പാടുപെടുമ്പോൾ ക്ഷേമ പെൻഷൻ ബാധ്യത കൂടി നിറവേറ്റാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ സംസ്ഥാനങ്ങളുടെ കടമെടുപ്പ് ചെലവ് വർധിച്ചിട്ടുണ്ട്. കടപ്പത്ര ലേലത്തിലൂടെ കേരളം ഉൾപ്പടെയുള്ള 10 സംസ്ഥാനങ്ങൾ 19,500 കോടി രൂപ സമാഹരിച്ചിരുന്നു. അതിനിടെ സംസ്ഥാനത്തിന്റെ പൊതുകടം ഇക്കൊല്ലം ഇതുവരെ 15000 കോടിയായി. കേന്ദ്രം ആകെ അനുവദിച്ചിട്ടുള്ളതാകട്ടെ 17,936 കോടി രൂപയാണ്. കൂടുതൽ തുക കടമെടുക്കാൻ കേന്ദ്രം അനുവദിച്ചില്ലെങ്കിൽ ശമ്പളവും പെൻഷനും അടക്കമുള്ള ചെലവുകൾക്കു വരും മാസങ്ങളിൽ ബുദ്ധിമുട്ടും.