- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരം; ഖജനാവിൽ പണമില്ലത്തതിനാൽ കേരളം ചലിക്കുന്നത് ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിൽ; ഓണക്കാലം വരുന്നതോടെ ചെലവു കുത്തനെ ഉയരുന്നതും പ്രതിസന്ധി; ചെലവുചുരുക്കലിനും കഴിയുന്നില്ല; കേന്ദ്രം തരാനുള്ള 1316 കോടി ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രിക്ക് കെ എൻ ബാലഗോപാലിന്റെ കത്ത്
തിരുവനന്തപുരം: ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് നട്ടംതിരിഞ്ഞ് കേരള സർക്കാർ. വരുമാന വഴികളിൽ ചോർച്ച സംഭവിച്ചതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്. കഴിഞ്ഞ ഒരാഴ്‌ച്ചയായി കേരളം ചലിക്കുന്നത് ഓവർഡ്രാഫ്റ്റിലാണ്. ഖജനാവിൽ മിച്ചമില്ലാത്തതിനാൽ നിത്യനിദാന വായ്പ എടുത്താണ് മുന്നോട്ടുപോകേണ്ട സാഹചര്യം. ഓവർഡ്രാഫ്റ്റു കൊണ്ടും കാര്യങ്ങൾ മുന്നോട്ടുപോകാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. കെഎസ്ആർടിസിയിൽ അടക്കം ശമ്പളപ്രതിന്ധി നിലനിൽക്കുകയും ചെയ്യുന്നു. ഈവർഷം ആദ്യമായാണ് ഓവർഡ്രാഫ്റ്റിൽ സർക്കാർ ചലിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.
ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനും ശ്രമം ശക്തമായി തന്നെ നടക്കുന്നുണ്ട്. കടമെടുത്ത് ഓവർഡ്രാഫ്റ്റ് പരിഹരിക്കാനാണ് തീരുമാനം. 18-ന് 2000 കോടി കടമെടുക്കും. ഇതോടെ ഓവർഡ്രാഫ്റ്റ് ഒഴിയുമെങ്കിലും വൻതോതിൽ പണം ചെലവിടേണ്ട ഓണക്കാലം വരുന്നതിനാൽ സർക്കാർ കടുത്ത ആശങ്കയിലാണ്. ഓണക്കാലത്തെ ചെലവുകൾക്ക് 8000 കോടിയെങ്കിലും വേണ്ടിവരും. 2013-ൽ എടുത്ത 15,000 കോടിയുടെ കടം തിരിച്ചടയ്‌ക്കേണ്ടതും ഈ ഓണക്കാലത്താണ്. ഇതിനെല്ലാം എവിടെ നിന്നും പണം കണ്ടെത്തുമെന്ന ആശങ്ക ശക്തമാണെന്ന് മാതൃഭൂമി റിപ്പോർട്ടു ചെയ്തു.
കടമെടുക്കുന്നതിന് കേന്ദ്രത്തിന്റെ നിയന്ത്രണമുള്ളതിനാൽ ചെലവുചുരുക്കൽ മാത്രമാണ് മാർഗം. മുണ്ടു മുറുക്കിയുടുക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സർക്കാർ. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുൾപ്പെടെ പുതിയ ചെലവുകൾക്ക് വകുപ്പുകൾ നിർദ്ദേശംവെക്കുന്നു. അക്കൗണ്ടന്റ് ജനറലിന്റെ താത്കാലിക കണക്കുകൾ അനുസരിച്ച് ഏപ്രിൽ, മെയ് മാസങ്ങളിലായി 9334.39 കോടിയാണ് വരവും ചെലവും തമ്മിലുള്ള വിടവ്. അഞ്ചുവർഷങ്ങളിൽ ഏറ്റവും ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് ഇത്തവണ കടന്നുപോകുന്നതെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.
ഓവർഡ്രാഫ്റ്റ് തിരിച്ചടക്കേണ്ടത് 14 ദിവസം കൊണ്ടാണ്. ഖജനാവിൽ ഒരുദിവസം കുറഞ്ഞത് 1.66 കോടി രൂപ മിച്ചമുണ്ടായിരിക്കണം. മിച്ചമാകാൻ എത്രയാണോ കുറവ് അത്രയും റിസർവ് ബാങ്ക് നിത്യനിദാന വായ്പ (വെയ്സ് ആൻഡ് മീൻസ്) ആയി അനുവദിക്കും. പരമാവധി 1670 കോടി രൂപയാണ് ഇങ്ങനെ അനുവദിക്കുന്നത്. ഇത്രയും പണം ഖജനാവിൽ തിരിച്ചുവന്നില്ലെങ്കിൽ ഓവർഡ്രാഫ്റ്റിലാവും.
പരമാവധി നിത്യനിദാന വായ്പയ്ക്ക് തുല്യമായ തുകയാണ് ഓവർഡ്രാഫ്റ്റ് അനുവദിക്കുന്നത്. ഇതുരണ്ടും ചേർന്ന തുക 14 ദിവസത്തിനകം ട്രഷറിയിൽ തിരിച്ചെത്തിയില്ലെങ്കിൽ ട്രഷറി ഇടപാടുകൾ നിർത്തിവെക്കേണ്ടിവരും. റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന പലിശനിരക്കിലാണ് നിത്യനിദാന വായ്പയും ഓവർഡ്രാഫ്റ്റും അനുവദിക്കുന്നത്. കൂടിയപലിശയ്ക്ക് കടമെടുക്കുന്നതിനെക്കാൾ ഇത് സർക്കാരിന് സൗകര്യപ്രദമാണെന്നു വാദമുണ്ട്.
എന്നാൽ, ഖജനാവിൽ പണമില്ലാതെ വരുമ്പോഴാണ് ഇതെല്ലാം വേണ്ടിവരുന്നത്. അത് സർക്കാരിനെ സമ്മർദത്തിലാക്കുന്നുണ്ട്. മാത്രമല്ല, കേന്ദ്രം ഡിസംബർവരേക്ക് അനുവദിച്ച കടം നേരത്തേതന്നെ എടുത്തുതീർക്കേണ്ടിയും വരും. അതേസമയം സാമ്പത്തിക പ്രതിസന്ധി മറിടക്കാനും കേന്ദ്രത്തിന് മുന്നിൽ കൈനീട്ടുകയാണ് സർക്കാർ.
സാമ്പത്തികപ്രതിസന്ധി ഇത്രത്തോളം രൂക്ഷമായ സാഹചര്യത്തിലാണ് വിവിധ പദ്ധതികളിലെ സഹായധനമായി കേന്ദ്രം തരാനുള്ളതിൽ കുടിശ്ശികയായ 1316 കോടി ഉടൻ നൽകണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമന് നിവേദനം നൽകിയത്. ഒരു ശതമാനം അധികവായ്പ എടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയത് ഉൾപ്പെടെ കേന്ദ്രത്തിൽനിന്ന് കിട്ടിക്കൊണ്ടിരുന്ന 26,000 കോടിരൂപ ഇത്തവണ കുറഞ്ഞെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്.




