- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നമ്പര്‍ വണ്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ദുര്‍ബലം; ധനസ്ഥിതിയില്‍ നിതി ആയോഗ് റാങ്കിങ്ങില്‍ കേരളം വളരെ പിന്നില്‍; പ്രമുഖ സംസ്ഥാനങ്ങളില്‍ സ്ഥാനം 15ാമത്; വരുമാന സമാഹരണത്തിന് വഴികാണാതെ കടമെടുത്ത് മുന്നോട്ടു പോകുന്ന ധനസ്ഥിതി; വരുമാനത്തിന്റെ 19 ശതമാനവും പലിശ നല്കാന് മുടക്കുന്നതില്‍ ആശങ്ക
നമ്പര്‍ വണ്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ദുര്‍ബലം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായ അവസ്ഥയിലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കടമെടുത്തു മുന്നോട്ടു പോകുന്ന ധനസ്ഥിതിയിലാണ് കേരളം. നമ്പര്‍ വണ്‍ കേരളമെന്ന് പറയുമ്പോഴും നീതി ആയോഗ് നടത്തിയ റാങ്കിങ്ങില്‍ കേരളം ഏറെ പിന്നിലാണ്. സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരതമ്യപ്പെടത്തി കൊണ്ടുള്ള റാങ്കിങ്ങില്‍ കേരളം വളരെ പിന്നില്‍ പോയി. 18 പ്രമുഖ സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം 15-ാമതാണ്.
വരുമാനം മെച്ചപ്പെടുത്താനായെങ്കിലും ചെലവുകള്‍ ഗുണപരമല്ലെന്നും ബാധ്യതകള്‍ കൂടുതലാണെന്നുമാണ് നിതി ആയോഗിന്റെ വിലയിരുത്തല്‍. കടമെടുത്തുള്ള മുന്നോട്ടു പോക്കും പലിശ ഇനത്തില്‍ വലിയ പണം ചെലവാക്കേണ്ടി വരുന്നതുമാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. നിതി ആയോഗിന്റെ 2025-ലെ ധനാരോഗ്യ സൂചികാ റിപ്പോര്‍ട്ടാണ് 2022-23 ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരതമ്യപ്പെടുത്തിയത്. 2014-15 മുതല്‍ 16-ാം റാങ്കിലായിരുന്നു കേരളം.
ഒരുസ്ഥാനം മുന്നിലായെങ്കിലും സംസ്ഥാനങ്ങളെ നാലു വിഭാഗങ്ങളായി വേര്‍തിരിക്കുമ്പോള്‍ ഏറ്റവും പിന്നിലുള്ള 'ആസ്പിരേഷണല്‍' വിഭാഗത്തിലാണ് കേരളം. സ്ഥിതി മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാണ, കേരളം, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നിവയാണതില്‍ ഒഡീഷ, ഛത്തീസ്ഗഢ്, ഗോവ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍. ഒഡീഷയുടെ സ്കോര്‍ 67.8 ആണ്. കേരളത്തിന്റേത് 25.4 എന്ന നിലയിലുമാണ്.
കേന്ദ്രമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നില്ക്കുന്നു എന്നതാണ് പലപ്പോഴും റാങ്കിംഗില്‍ പിന്നോട്ടു പോകാന്‍ കാരണമായി മാറുന്നത്. സാമൂഹിക ക്ഷേമപരിപാടികള്‍ക്ക് ഗണ്യമായി ചെലവഴിക്കേണ്ടിവരുന്ന സമ്മര്‍ദം ഒരുവശത്ത്. മറുവശത്ത് വരുമാനം വലിയതോതില്‍ വര്‍ധിപ്പിക്കാനാവാത്ത സ്ഥിതിയെല്ലാം തിരിച്ചടിയാണ്. ചെലവിന്റെ ഗുണനിലവാരം, വരുമാന സമാഹരണം, ചെലവ് നിയന്ത്രണം, കടത്തിന്റെ സൂചിക, കടത്തിന്റെ സുസ്ഥിരത എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണ് വിലയിരുത്തിയത്. ഇതില്‍ ചെലവിന്റെ ഗുണനിലവാരത്തിലാണ് കേരളത്തിന് ഏറ്റവും കുറഞ്ഞ സ്കോര്‍.
ശമ്പളം, പെന്ഷന്, പലിശ തുടങ്ങിയ ഒഴിവാക്കാനാകാത്ത ചെലവുകള്‍ മൊത്തം ചെലവിന്റെ 63.9 ശതമാനമാണ്. വികസനച്ചെലവ് 8.8 ശതമാനവും. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി വികസനച്ചെലവ് 15.2 ശതമാനമാണ്. കേരളത്തിന്റെ ആരോഗ്യ, കുടുംബക്ഷേമ ചെലവ് 6.4 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി 5.6 ശതമാനവും. വിദ്യാഭ്യാസച്ചെലവ് കേരളത്തില്‍ 14 ശതമാനം. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി 14.9 ശതമാനം.
വരുമാനസമാഹരണത്തില് കേരളം നേട്ടമുണ്ടാക്കി. ഇതുമാത്രം കണക്കാക്കിയാല്‍ കേരളം ആറാം റാങ്കോടെ മുന്‍നിര സംസ്ഥാനങ്ങളുടെ പട്ടികയിലാണ്. പിന്നിട്ട അഞ്ചുവര്‍ഷം കേരളത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് ശരാശരി 7.3 ശതമാനമായിരുന്നു. തനതുവരുമാനം 26.5 ശതമാനം വര്‍ധിച്ചു. ഇതില്‍ നികുതിവരുമാനംമാത്രം 23.3 ശതമാനം കൂടി. നികുതിയേതര വരുമാനം 44.5 ശതമാനവും കൂടി. ലോട്ടറിയാണ് നികുതിയേതര വരുമാനത്തിലെ പ്രധാന സ്രോതസ്സ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ക്ക് കേരളം മുന്‍ഗണന നല്‍കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
മൊത്തം ആഭ്യന്തര ഉത്പാദനവും കടം ഉള്‍പ്പെടെയുള്ള ബാധ്യതകളും തമ്മിലുള്ള അനുപാതമാണ് കടത്തിന്റെ സുസ്ഥിരതയെ സൂചിപ്പിക്കുന്നത്. ഇതിലും കേരളം വളരെ പിന്നിലാണ്. അനുപാതം 2018-19 ലെ 30.7 ശതമാനത്തില്‍നിന്ന് 37.6 ശതമാനമായി കൂടിയത് കേരളത്തിന് തിരിച്ചടിയായി. റവന്യൂവരുമാനത്തിന്റെ 19 ശതമാനവും പലിശ നല്കാന് ചെലവിടുന്നത് ആശങ്കയുണ്ടാക്കുന്ന സ്ഥിതിയാണ്.
രാജ്യത്തെ ജിഡിപിയിലേക്കുള്ള സംസ്ഥാനങ്ങളുടെ വിഹിതം, ഡെമോഗ്രഫി, മൊത്തം പൊതുചെലവ്, വരുമാനം, മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത എന്നിവ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് 2022-2023ലെ ധനകാര്യ സൂചിക തയ്യാറാക്കിയത്, ഇവയെല്ലാം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു.
കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ധനകാര്യ സൂചികയില്‍ പിന്നിലുള്ളത്. ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സൂചികയില്‍ 100-ല്‍ 30-ന് താഴെയാണ് സ്കോര്‍ ചെയ്തത്. ഉയര്‍ന്ന കടം, വലിയ രീതിയിലുള്ള പലിശ തിരിച്ചടവ്, വരുമാനത്തിലെ കുറവ്, മൂലധന ചെലവുകളിലെ കാര്യക്ഷമതയില്ലായ്മ എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. നികുതിയേതര വരുമാനത്തെയാണ് കൂടുതലും ഈ സംസ്ഥാനങ്ങള്‍ ആശ്രയിക്കുന്നത്.