തിരുവനന്തപുരം: തലസ്ഥാനത്തുകൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഗുണ്ടകൾ ഒരു യുവാവിനെ പട്ടാപ്പകൽ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല. ഇതിന് പിന്നാലെയാണ് തൃശ്ശൂരിൽ ഗുണ്ടകൾ ആവേശം മോഡൽ റീൽസിട്ട് ആഘോഷിക്കുന്ന രംഗങ്ങളും പുറത്തുവന്നത. ഗുണ്ടകൾക്കെല്ലാം ഇങ്ങനെ അനായാസം വിലസാൻ അവസരം ലഭിക്കുന്നത് വെറുതേയല്ല. പൊലീസ് സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുന്നതു കൊണ്ടാണത്.

സംസ്ഥാനത്തു പൊലീസുകാരെ വരെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിട്ടും ഗുണ്ടകളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല. രാഷ്ട്രീയ ബന്ധമുള്ളവരാണ് നല്ലൊരു ശതമാനം ഗുണ്ടകളും. അതുകൊണ്ട് കൂടിയാണ് ഇവരെ തൊടാൻ പൊലീസ് മടിക്കുന്നതും. സംസ്ഥാനത്ത് 1880 ഗുണ്ടകൾ വിലസുന്നുണ്ടെന്നും ഇവരെ ഉടൻ പിടികൂടണമെന്നും വോട്ടെടുപ്പിനു തൊട്ടു മുൻപു സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും റേഞ്ച് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിരുന്നു.

വിവരം തിരഞ്ഞെടുപ്പു കമ്മിഷനും കൈമാറി. ഇതിൽ കൊലക്കേസ് പ്രതികൾ മുതൽ മണ്ണുമാഫിയ സംഘാംഗം വരെ പെടും. എന്നാൽ, കേരള പൊലീസ് ആകെ പിടികൂടിയത് 107 ക്രിമിനലുകളെ മാത്രം. ഇവരുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാൻ വിവിധ കോടതികൾ ഉത്തരവിട്ടതുകൊണ്ടാണു നടപടയുണ്ടായത്. ബാക്കി 1773 ഗുണ്ടകൾ പുറത്തുതന്നെ. മറ്റു പല ഗുണ്ടകളെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു രജിസ്റ്ററിൽ ഒപ്പു രേഖപ്പെടുത്തി തിരികെ വിടുന്ന സ്ഥിതിയാണ്. ജയിലിൽനിന്നു ജാമ്യത്തിൽ പുറത്തിറങ്ങുന്ന ഗുണ്ടകളെ പൊലീസ് നിരീക്ഷിക്കുന്നില്ലെന്നും ആരോപണമുണ്ട്.

കേരളത്തിലും ബെംഗളൂരുവിലുമായി 40 ഗുണ്ടാ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 470 പേർ സജീവമാണ്. അടുത്തയിടെ ഈ സംഘത്തിലെ 4 പേർ കർണാടക പൊലീസിന്റെ പിടിയിലായപ്പോഴാണ് ഇക്കാര്യം കേരള പൊലീസും അറിയുന്നത്. ലഹരിക്കടത്തിന്റെ മൊത്തക്കച്ചവടക്കാരാണിവർ. ബെംഗളൂരുവിൽനിന്നു വൻ തോതിൽ ലഹരിപദാർഥങ്ങൾ എത്തിച്ചു കേരളത്തിൽ വിതരണം ചെയ്തു ലക്ഷങ്ങൾ ഇവർ സമ്പാദിക്കുന്നെന്നാണ് വിവരം.

ഇവരെ അമർച്ച ചെയ്യാൻ കേരള കർണാടക പൊലീസിന്റെ സംയുക്ത ഓപ്പറേഷൻ ആലോചിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ക്വട്ടേഷനും ഗുണ്ടാപ്രവർത്തനവും നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കും പടർന്നെന്നും പൊലീസിനെതിരെയുള്ള അക്രമ സംഭവങ്ങൾ മുൻവർഷത്തെക്കാൾ മൂന്നിരട്ടിയായെന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.

സംസ്ഥാനത്ത് ഈ വർഷം ആദ്യ 4 മാസങ്ങളിലുണ്ടായ 142 കൊലപാതകങ്ങളിൽ ഭൂരിഭാഗവും ലഹരിയുമായി ബന്ധപ്പെട്ടെതാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ലഹരി ഉപയോഗത്തിൽനിന്നോ ലഹരി ഉപയോഗം ചോദ്യം ചെയ്തതു കാരണമോ ആണ് കൊലകളിൽ മിക്കതുമെന്നാണു നിഗമനം. 2023 ൽ ആദ്യ 4 മാസം 103 കൊലപാതകങ്ങളാണുണ്ടായത്.

3 മാസത്തിലൊരിക്കൽ ജില്ലാ പൊലീസ് മേധാവികൾ ഡിജിപിയുടെയും ഉന്നത പൊലീസ് ഓഫിസർമാരുടെയും സാന്നിധ്യത്തിൽ ചേരുന്ന ക്രൈം കോൺഫറൻസ് കഴിഞ്ഞ 2 തവണയായി ചേരാതച്ത അവസ്ഥയുണ്ട്. താഴെത്തട്ടു മുതൽ ഓഫിസർമാർ വരെയുള്ള പൊലീസ് സേനാംഗങ്ങൾ 'റിസ്‌ക്' എടുക്കാതെ ജോലി ചെയ്യുന്നു എന്ന് ആഭ്യന്തരവകുപ്പിന്റെ ആഭ്യന്തര റിപ്പോർട്ട്. ഇതിനിടെ ഗുണ്ടകളെ അമർച്ച ചെയ്യാൻ കൂടി നിർദേശിച്ചാൽ അത് അവരുടെ തൊഴിൽ സാഹചര്യം കൂടുതൽ വഷളാക്കുകയും ചെയ്യുമെന്നും കരുതുന്നവരുണ്ട്.