തിരുവനന്തപുരം:രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചു. തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഉത്തരവിറങ്ങും.

രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷംരൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പൊതുഭരണ സെക്രട്ടറിക്ക് ജൂലൈയിൽ കത്തു നൽകിയത്. ധനവകുപ്പ് ഇക്കാര്യം പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.

രാജ്ഭവനിൽ ഇ ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിങ് സംവിധാനവും ഒരുക്കുന്നതിനു 75 ലക്ഷം രൂപ നേരത്തെ സർക്കാർ അനുവദിച്ചിരുന്നു. കടലാസ് രഹിത ഓഫിസ് സംവിധാനം ഒരുക്കുന്നതിന് തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സെപ്റ്റംബറിലാണ് കത്തു നൽകിയത്.

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം തേടുന്നതിന് സംസ്ഥാന സർക്കാർ ചെലവാക്കുന്നത് 46.9 ലക്ഷം രൂപ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തുടർ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഗവർണർക്കെതിരെ നിയമനടപടികളിലേക്ക് കടക്കുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനിൽ നിന്നാണ് സർക്കാർ നിയമ ഉപദേശം തേടിയത്. ഫാലി എസ് നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപ സർക്കാർ നൽകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കി.

നരിമാന്റെ ജൂനിയർ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം രൂപയും, സഫീർ അഹമ്മദിന് നാല് ലക്ഷം രൂപയും ഫീസായി നൽകും. നരിമാന്റെ ക്ലർക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം രൂപയാണ് നൽകുക. കേരള നിയമസഭ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമ ഉപദേശം എഴുതി നൽകുന്നതിനാണ് ഫീസ് കൈമാറുന്നത് എന്ന് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറൽ കെ.ഗോപാല കൃഷ്ണ കുറുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തുക അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്.

പിണറായി വിജയൻ മുഖ്യമന്ത്രി ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഫാലി എസ് നരിമാനിൽ നിന്ന് നിയമ ഉപദേശം തേടുന്നത്. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള റിട്ട് ഹർജിയിൽ ഒന്നാം പിണറായി സർക്കാർ നരിമാനിൽ നിന്ന് നിയമ ഉപദേശം തേടിയിരുന്നു. തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ആണ് അന്ന് അഡ്വക്കേറ്റ് ജനറൽ ആയിരുന്ന സി പി സുധാകര പ്രസാദ് നിയമ ഉപദേശം തേയിടിയിരുന്നത്.