- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിത്തെടുത്തു കുത്തിയുള്ള വായ്പ്പ എടുക്കലിൽ ആകെ പെട്ട് സർക്കാർ; സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകാതിരിക്കാൻ ട്രഷറിയിൽ ബില്ലുകൾ പാസാക്കുന്നതിന് രഹസ്യനിരോധനം നടപ്പാക്കിയേക്കും; ബില്ലുകൾ പാസാകാതിരിക്കാൻ സോഫ്റ്റ്വെയർ; ഓൺലൈനായി ബില്ലുകൾ സമർപ്പിച്ചാലും ട്രഷറി സ്വീകരിക്കില്ല; സർക്കാറിന് ഒരുമാസം കണ്ടെത്തേണ്ടത് 5900 കോടി രൂപ
തിരുവനന്തപുരം: ഓണം അടിപൊളിയാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്ത് ഓണക്കാലത്ത് ചെലവിട്ടത് 15000 കോടി രൂപയാണ്. ഇതോടെ ട്രഷറി നിയന്ത്രണം കൊണ്ടുവരേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. രണ്ട് മാസത്തെ ക്ഷേമ പെൻഷൻ, എല്ലാവർക്കും ഓണക്കിറ്റ്, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുതൽ കെഎസ്ആർടിസിയുടെ അത്യാവശ്യത്തിന് വരെ തുക കണ്ടെത്തേണ്ടി വന്ന കേരളം ഓണക്കാലത്ത് ചെലവിട്ടത് 15000 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 6500 കോടി രൂപ അധികം.
അതേസമയം ചെലുവുകൾക്ക് പണമില്ലാത്ത അവസ്ഥയിൽ സംസ്ഥാനം ഇന്ന് ഓവർഡ്രാഫ്റ്റിലേക്കു പോകാതിരിക്കാൻ ട്രഷറിയിൽ ബില്ലുകൾ പാസാക്കുന്നതിന് രഹസ്യനിരോധനം നടപ്പാക്കിയേക്കും. ട്രഷറിയിൽ മിച്ചമുള്ള പണത്തെക്കാൾ കൂടുതൽ തുക ചെലവിടേണ്ടി വന്നാലാണ് സർക്കാർ ഇന്ന് ഓവർഡ്രാഫ്റ്റിലേക്കു പോകുക. ഇന്നു ട്രഷറി പ്രവർത്തിച്ചു തുടങ്ങുമ്പോഴേ സ്ഥിതി വ്യക്തമാകൂ. ട്രഷറിയിൽ നടപ്പാക്കിയ ഇന്റഗ്രേറ്റഡ് ഫിനാൻസ് മാനേജ്‌മെന്റ് സംവിധാനം വഴി മിച്ചമുള്ള തുകയ്ക്കു മേലുള്ള ചെലവിടലിനു രഹസ്യ നിരോധനം ഏർപ്പെടുത്താം. ഇതുവഴി ഓവർഡ്രാഫ്റ്റ് ഒഴിവാക്കാം.
രഹസ്യ വിലക്ക് ഏർപ്പെടുത്തിയാൽ വകുപ്പുകൾ ഓൺലൈനായി ബില്ലുകൾ സമർപ്പിച്ചാലും ട്രഷറി സ്വീകരിക്കില്ല. എന്താണു കാരണമെന്നു വകുപ്പുകൾക്കു മനസ്സിലാകുകയുമില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ട്രഷറി ഓവർഡ്രാഫ്റ്റിലേക്കു പോകുന്നതു തടയാൻ ഈ തന്ത്രം പലവട്ടം പ്രയോഗിച്ചിരുന്നു. ഇന്നു കേന്ദ്രത്തിൽ നിന്ന് ജിഎസ്ടി വിഹിതവും ധനക്കമ്മി നികത്തൽ ഗ്രാന്റും ലഭിച്ചില്ലെങ്കിൽ ട്രഷറി ഇടപാടുകൾ തടസ്സപ്പെടും. ഇത് ഒഴിവാക്കാൻ റിസർവ് ബാങ്കിൽ നിന്ന് ഓവർഡ്രാഫ്റ്റ് വഴി 1,683 കോടി വരെ സർക്കാരിനു വാങ്ങി ചെലവിടാം.
സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. എന്നാൽ നിയന്ത്രണം ഉടൻ വേണ്ടിവരില്ല. ഭാവിയിൽ നിയന്ത്രണം വേണ്ടിവരുമോ എന്നു പറയാനാവില്ല. ഓവർഡ്രാഫ്റ്റ് നിയമപരമാണ്. നിലവിൽ അതിനുള്ള സാഹചര്യമില്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞ്. എന്നാൽ, ഓവർഡ്രാഫ്റ്റിലേക്കു പോയെന്ന ചീത്തപ്പേര് ഒഴിവാക്കാൻ സോഫ്റ്റ്‌വെയറിൽ ക്രമീകരണം ഏർപ്പെടുത്താനാണു സാധ്യത. വരും ദിവസങ്ങളിൽ ട്രഷറി നിയന്ത്രണത്തിനു സാധ്യതയുണ്ട്. ഓണക്കാലത്തെ 15,000 കോടി രൂപയുടെ ചെലവുകളാണ് സർക്കാർ ഖജനാവ് കാലിയാക്കിയത്. ഇതിനായി 4,000 കോടി രൂപ കടമെടുത്തതിനു പുറമേ, റിസർവ് ബാങ്കിൽ നിന്ന് 1,683 കോടി രൂപ വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസായും കൈപ്പറ്റി.
വിവിധ വകുപ്പുകളുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പണം കണ്ടെത്തേണ്ടി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. സാമ്പത്തിക വർഷം അഞ്ച് മാസം പിന്നിടുമ്പോൾ നിശ്ചയിച്ച 43 ശതമാനത്തിന് പകരം നൂറ് ശതമാനം ചെലവിട്ട വകുപ്പുകളുമുണ്ട് കൂട്ടത്തിൽ. ഇക്കാര്യത്തിൽ നിയന്ത്രണവും ആലോചിക്കുന്നു. കേന്ദ്രത്തിൽ നിന്ന് ധനക്കമ്മി നികത്തൽ ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയില്ല. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതുവഴി മാത്രം 23000 കോടിരൂപയുടെ ബാധ്യത സംസ്ഥാന ഖജനാവിനുണ്ടായി.
റിസർവ് ബാങ്കിൽ നിന്ന് എടുക്കാവുന്ന വെയ്‌സ് ആൻഡ് മീൽസ് പരിധിയും തീർന്നാണ് ഖജനാവ് ഓവർഡ്രാഫ്റ്റ് പരിധിയിലേക്ക് എത്തുന്നത്. ഇതിനെല്ലാം പുറമെ 2012 ലെ കടപത്ര മുതലും തിരിച്ചടക്കേണ്ടത് ഈ വർഷമാണ്. പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ട്രഷറി നിയന്ത്രണത്തിനും സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, ചികിത്സാ സഹായം, മരുന്ന് വാങ്ങൽ ശമ്പളം പെൻഷൻ തുടങ്ങി അത്യാവശ്യ നിത്യ ചെലവുകൾക്ക് ഒഴികെ നിയന്ത്രണം വന്നേക്കും.
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പ്രസിദ്ധീകരിച്ച, സർക്കാരിന്റെ ജൂലായിലെ വരവുചെലവിന്റെ താത്കാലിക കണക്കുപ്രകാരം വരവ് 8709.10 കോടി രൂപ. ചെലവ് 14,616.45 കോടി. വിടവ് 5907.35 കോടി. ഇതിൽ വായ്പയെടുക്കാനായത് 4166.54 കോടിരൂപ. കേന്ദ്രം നൽകിക്കൊണ്ടിരുന്ന ജി.എസ്.ടി. നഷ്ടപരിഹാരം ജൂണിൽ നിർത്തലാക്കിയതിനുശേഷമുള്ള ചിത്രമാണിത്.
സെപ്റ്റംബറിൽ ഓണച്ചെലവ് കഴിഞ്ഞപ്പോഴേക്കും ഖജനാവ് ഒഴിഞ്ഞു. റിസർവ് ബാങ്കിൽനിന്ന് ദൈനംദിനചെലവുകൾക്ക് എടുക്കാവുന്ന വായ്പയുടെ പരിധിയും കഴിഞ്ഞ് ഓവർഡ്രാഫ്റ്റിലേക്ക് പോവുകയാണ് കേരളം. ഇതാദ്യമല്ല കേരളം ഈസ്ഥിതിയിലെത്തുന്നത്. അപ്പോഴൊക്കെ കടമെടുത്തും കേന്ദ്രത്തിൽനിന്നുള്ള സഹായധനംകൊണ്ടും അതിജീവിച്ചിരുന്നു. ശമ്പളപരിഷ്‌കരണംകാരണം അതിനുള്ള ചെലവ് 30 ശതമാനത്തോളം കൂടിയതായും ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. അതേസമയം, സംസ്ഥാനത്തിന്റെ വരുമാനത്തിലെ വർധന ശരാശരി 10 ശതമാനം മാത്രമാണ്. കിഫ്ബിക്കും സാമൂഹികക്ഷേമപെൻഷനും വേണ്ടി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടുണ്ട്.
നികുതിവരുമാനം പ്രതീക്ഷിക്കുന്നതുപോലെ കൂടിയില്ലെങ്കിൽ ഇത്തവണയും ചെലവുകൾ മാറ്റിവെക്കേണ്ടിവരും. ട്രഷറിയിൽ ഇപ്പോൾത്തന്നെ ബില്ലുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്. 25 ലക്ഷത്തിനുമുകളിലുള്ള ബില്ലുകൾ മാറാൻ ഇപ്പോൾ ധനവകുപ്പിന്റെ മുൻകൂർ അനുമതിവേണം.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ചിലസമയങ്ങളിൽ അഞ്ചുലക്ഷം രൂപയ്ക്കുമുകളിലുള്ള ബില്ലുകൾ മാറാൻ മുൻകൂർ അനുമതി നിർബന്ധമാക്കിയിരുന്നു. പ്രതിസന്ധി തുടർന്നാൽ അഞ്ചുലക്ഷമാക്കി പരിധി താഴ്‌ത്തേണ്ടിവരും. അങ്ങനെവന്നാൽ വകുപ്പുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. വരുന്നയാഴ്ച ഇതുസംബന്ധിച്ച അവലോകനം നടത്താനിരിക്കുകയാണ് ധനവകുപ്പ്.
മറുനാടന് മലയാളി ബ്യൂറോ