തിരുവനന്തപുരം: ഇടതു സർക്കാറിന്റെ മദ്യനയം പുറത്തുള്ള ആർക്കും സ്വാധീനിക്കാൻ കഴിയാത്ത കാര്യമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ പാർട്ടി സെക്രട്ടറി പറയുന്നതു പോലെ അത്രയ്ക്ക് ദൃഢതയുള്ളതല്ല മദ്യനയത്തിൽ എൽഡിഎഫിന്റെ നയം. ഇത് കഴിഞ്ഞ പിണറായി സർക്കാറിന്റെ കാലത്ത് തന്നെ വ്യക്തമായിരുന്ന കാര്യമാണ്.

ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല, സ്‌കൂളുകൾ ആണെന്നായിരുന്നു അന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പു വേളയിൽ മുന്നോട്ടുവെച്ച മുദ്രാവാക്യം. എന്നാൽ, അധികാരം കിട്ടയതോടെ വാക്കു മാറ്റിയ ഇടതു മുന്നണി യുഡിഎഫ് പൂട്ടിയ ബാറുകളെല്ലാം തുറന്നു. അതും കൂടാതെ പൂട്ടിയതിന്റെ ഇരട്ടിയോളം ബാറുകൾക്ക് ലൈസൻസ് നൽകുകയും ചെയ്തു.

അന്നത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറ്റവുമധികം ബാറുകൾ ഉണ്ടായിരുന്നത് 2013-14 കാലത്തായിരുന്നു. 720 എണ്ണം ഉണ്ടായിരുന്നത് പുതിയ മദ്യനയത്തിന്റെ ഭാഗമായി ഭൂരിഭാഗവും പൂട്ടി. ഇപ്പോൾ സംസ്ഥാനത്ത ഉള്ളതാകട്ടെ 920 ബാറുകളും. മദ്യനയത്തിന്റെ ഭാഗമായി ബാറുകൾ കൂട്ടത്തോടെ അടച്ചുപൂട്ടി യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ 29 പഞ്ചനക്ഷത്ര ബാറുകൾ മാത്രമായിരുന്നു ബാക്കി. ഇടതു സർക്കാർ വന്നപ്പോഴാകട്ടെ പൂട്ടിയ 482 ബാറുകൾക്കു ലൈസൻസ് നൽകിയതിനു പുറമേ, 409 പുതിയ ലൈസൻസ് കഴിഞ്ഞ എട്ടു വർഷത്തിനിടെ നൽകി. ഇതിന് പിന്നിൽ കോടികൾ മറിഞ്ഞിട്ടുണ്ടെന്ന ആക്ഷേപം അക്കാലത്തും പ്രതിപക്ഷം ഉയർത്തിയതാണ്. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ, മദ്യനയത്തിൽ വീണ്ടും മാറ്റം വരുത്താൻ വേണ്ടി കോഴയ്ക്ക് ശ്രമം നടന്നെന്ന ആരോപണം ഉയർന്നിരിക്കുന്നതും.

അതേസമയം ആരോപണം ഉയർന്നതോടെ മദ്യനയത്തിലെ മാറ്റത്തെ കുറിച്ച് ആലോചനകൾ നടന്നിട്ടില്ലെന്നാണ് മന്ത്രി എം ബി രാജേഷും പാർട്ടിയും തള്ളിയത്. എന്നാൽ, നയം മാറ്റം സംബന്ധിച്ച ആലോചന തുടങ്ങിയില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് സാങ്കേതികമായി പറയേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയും വകുപ്പുമായി ബാർ ഉടമകൾ ചർച്ച നടത്തിയിരുന്നു. പുതിയ മദ്യനയം വരുമ്പോൾ ഡ്രൈ ഡേ ഒഴിവാക്കണം, ബാർ പ്രവർത്തനസമയം രാത്രി 12 വരെയാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് എക്‌സൈസ്, ടൂറിസം മന്ത്രിമാർക്കു ബാർ ഉടമകളുടെ സംഘടന കത്തു നൽകിയിരുന്നു.

തുടർന്ന് ഈ കത്തിൽ എക്‌സൈസ് മന്ത്രി കാര്യമായ നടപടി എടുത്തില്ലെന്നത് വസ്തുതയാണ്. എന്നാൽ, ടൂറിസം മന്ത്രിക്കു നൽകിയ കത്തിൽ നടപടിയുമുണ്ടായി. തുടർന്ന് ടൂറിസം സെക്രട്ടറിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടതിനു പുറമേ, ടൂറിസം ഡയറക്ടർ 2 ദിവസം മുൻപു ബാറുടമകൾ ഉൾപ്പെടെയുള്ളവരുടെ യോഗം ഓൺലൈനായി വിളിച്ചുചേർക്കുകയും ചെയ്തിരുന്നു. മദ്യനയത്തിൽ ടൂറിസം മേഖലയ്ക്ക് അനുകൂലമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചായിരുന്നു ചർച്ചയെന്നാണ് മനോരമ റിപ്പോർട്ടു ചെയ്യുന്നത്.

നിലവിൽ രാത്രി 11 വരെയാണു ബാർ സമയം. ഐടി പാർക്കുകളിൽ രാത്രി 12 വരെ മദ്യം വിളമ്പാനുള്ള ചട്ടഭേദഗതിയാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബാറുകളിലെ പ്രവർത്തനസമയം 12 വരെയാക്കുന്നതിനു മുന്നോടിയായാണ് ഈ നീക്കം. ഈ ആവശ്യങ്ങളിൽ ഊന്നിയാണ് ബാറുടമ അനിമോൻ സംസാരിച്ചത് എന്നതും ശ്രദ്ധേയാണ്. ബാറുടമകൾക്ക് വേണ്ടി ഇത്തരം സഹായങ്ങൾ ചെയ്യുമ്പോൾ അതിന് പ്രത്യുപകാരം നൽകണമെന്നാണ് അനിമോന്റെ വാക്കുകളിൽ വ്യക്തമാകുന്നതും. ബാറുടമകളുടെ സംഘടനയുടെ യോഗശേഷമായിരുന്നു അനിമോൻ ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.

അതേസമയം അനിമോന്റെ ശബ്ദസന്ദേശം പുറത്തുവന്നതു കഴിഞ്ഞദിവസമാണെങ്കിലും മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും ഇതേ വിഷയത്തിൽ രണ്ടാഴ്ച മുൻപു പരാതി ലഭിച്ചിരുന്നു എന്നും വാർത്തകളുണ്ട്. ഇതിൻ വിജിലൻസ് പ്രാഥമികാന്വേഷണവും തുടങ്ങിയിട്ടുണ്ട്. ബാർ ഉടമകളുടെ സംഘടനാ നേതാവ് വി.സുനിൽകുമാറിനോടു മൊഴിയെടുക്കുന്നതിനു ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

രണ്ടു പരാതികളാണു മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും ലഭിച്ചത്. കെട്ടിടനിർമ്മാണ ഫണ്ട് എന്ന പേരിൽ ബാർ ഉടമകളിൽനിന്ന് ഒരു ലക്ഷം രൂപ വീതം പിരിച്ച്, ഈ തുക പ്രസിഡന്റ് കൈക്കലാക്കിയെന്നായിരുന്നു ഒരു പരാതി. ഒന്നാം തീയതിയിലെ ഡ്രൈഡേ നിർത്തലാക്കാൻ സർക്കാരിനു കൈക്കൂലി കൊടുക്കാനായി പണം പിരിക്കുന്നുവെന്നായിരുന്നു രണ്ടാമത്തെ പരാതി. മദ്യനയത്തിൽ ഡ്രൈ ഡേ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം വരുത്താൻ പണം പിരിക്കുന്ന കാര്യമാണ് അനിമോന്റെ ശബ്ദസന്ദേശത്തിലും പറയുന്നതും.