തിരുവനന്തപുരം: പിണറായി സർക്കാരിന് തൊട്ടതെല്ലാം പിഴക്കുന്ന അവസ്ഥയാണുള്ളത്. കൊണ്ടുവരുന്ന കാര്യങ്ങളെല്ലാം യുടേൺ അടിച്ചു പിൻവലിയേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. ഓരോ വിഷയങ്ങളിലും വൻ വിമർശനങ്ങളാണ് സർക്കാർ ഏൽക്കേണ്ടി വരുന്നതും. ഇതോടെ മാധ്യമങ്ങളുടെ മൂക്കു കയറിടാൻ വേണ്ടിയുള്ള ശ്രമങ്ങളുമായി സർക്കാർ രംഗത്തുവരികയാണ് വീണ്ടും. ഗവർണറുമായുള്ള തർക്കത്തിന്റെ മറവിൽ ഒരു പത്രമാരണ നിയമം ഒളിച്ചു കടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മുമ്പ് വിമർശനങ്ങളെ തുടർന്ന് പിൻവലിക്കേണ്ടി വന്ന പൊലീസ് നിയമ ഭേദഗതിയിലെ മാധ്യമനിയന്ത്രണ വ്യവസ്ഥകൾ വീണ്ടും കൊണ്ടുവരാനാണ് സർക്കാർ നീക്കം നടത്തുന്നത്. പിണറായി സർക്കാറിനെതിരെ മാധ്യമങ്ങൾ നടത്തുന്ന വിമർശനങ്ങളെ കടിഞ്ഞാണിടുക എന്നതാണ് ഈ വ്യവസ്ഥയുടെ ഉദ്ദേഹം. ഇതിനായി ഇന്ത്യൻ പീനൽ കോഡ് നിയമം ഭേദഗതിചെയ്യാനുള്ള ബിൽ തയ്യാറാക്കി. നേരത്തേ പിൻവലിച്ച അതേ വ്യവസ്ഥകളാണ് പുതിയ നിയമത്തിലും ഉള്ളതെന്നതാണ് പ്രത്യേകത.

ആരെയെങ്കിലും ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ, അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാകുമെന്നാണ് പുതിയ വ്യവസ്ഥ. ഇത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കപ്പെടുമെന്നത് ഉറപ്പാണ്. ഇതേ പ്രശ്‌നങ്ങൾ കൊണ്ടു തന്നെയാണ് മുമ്പും ഈ നിയമം പിൻവലിക്കേണ്ട അവസ്ഥ ഉണ്ടായത്.

ഐ.പി.സി. 292-ാം വകുപ്പ് ഭേദഗതിചെയ്ത് 292 എ എന്ന വകുപ്പായാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. രണ്ടുവർഷംമുമ്പ് പൊലീസ് നിയമത്തിലെ 118 എ വകുപ്പായി സൈബർ ആക്രമണങ്ങൾ തടയാനെന്നപേരിലാണ് ഇതുകൊണ്ടുവന്നത്. എന്നാൽ മാധ്യമ വാർത്തകൾക്കെതിരേയും ഈ നിയമം പ്രയോഗിക്കാമെന്ന വിമശനം ഉയർന്നതിനെതുടർന്ന് പിൻവലിക്കേണ്ടിവന്നു. ഓർഡിനൻസായി കൊണ്ടുവന്ന നിയമം മറ്റൊരു ഓർഡിനൻസ് കൊണ്ടുവന്നു പിൻവലിക്കേണ്ടിവന്ന അപൂർവതയും അന്നുണ്ടായി.

നിയമവകുപ്പ് തയാറാക്കിയ ബില്ലാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. കുറ്റകൃത്യം സംബന്ധിച്ച വിഷയം സമാവർത്തി പട്ടികയിലായതിനാൽ സംസ്ഥാനത്തിന് നിയമനിർമ്മാണം നടത്താമെന്നാണ് നിയമവകുപ്പിന്റെ ശുപാർശ. ബില്ലിലെ വ്യവസ്ഥകൾ ഐ.പി.സി.ക്കും കോഡ് ഓഫ് ക്രിമിനൽ പ്രോസീജറിനും വിരുദ്ധമാകുമെന്നതിനാൽ ബിൽ സഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്നും നിയമവകുപ്പ് ശുപാർശചെയ്തു. 2000-ലെ ഐ.ടി. നിയമത്തിലെ 66 എ വകുപ്പും 2011-ലെ പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിധി മറികടക്കാനാണ് പൊലീസ് നിയമഭേദഗതിക്ക് സർക്കാർ ശ്രമിച്ചത്.

അശ്ലീലവും അപമാനകരവുമായതോ, ബ്ലാക്മെയിൽ ചെയ്യാനുള്ളതോ ആയ ഉള്ളടക്കമോ, ചിത്രമോ ഏതെങ്കിലും ദിനപത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, സർക്കുലർ എന്നിവയിൽ അച്ചടിക്കുകയോ, അച്ചടിക്കാൻ ഉദ്ദേശിച്ച് തയാറാക്കുകയോ പൊതുജനങ്ങൾക്ക് കാണുംവിധം പ്രദർശിപ്പിക്കുകയോ, വിതരണം നടത്തുകയോ ചെയ്യുന്നത് 292 എ വകുപ്പുപ്രകാരം കുറ്റകരമാണെന്നാണ് നിർദേശിച്ചിരിക്കുന്ന ഭേദഗതി. സാമൂഹികമാധ്യങ്ങളും ഈ നിർവചനത്തിന്റെ പരിധിയിൽ വരുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

ഇത്തരം ചിത്രങ്ങളും ഉള്ളടക്കവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക, അവ കൈമാറ്റംചെയ്യുക, സാമ്പത്തിക നേട്ടമുണ്ടാക്കുക, പ്രസിദ്ധപ്പെടുത്തുക, അവയ്ക്ക് പരസ്യംനൽകുക എന്നിവയും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ടുവർഷം തടവോ, പിഴയോ, രണ്ടുംകൂടിയോ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ രണ്ടുവർഷംവരെ തടവും പിഴയും രണ്ടുംകൂടിയോ ലഭിക്കമെന്നതും വ്യവസ്ഥ ചെയ്യുന്നു.

നേരത്തെ എല്ലാ മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കിയായിരുന്നു ഭേദഗതി. ഇതോടെയാണ് ദേശീയതലത്തിൽ വരെ എതിർപ്പുയർന്നത്. ഇതോടെയാണ് ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനമായത്. ഗവർണർ ഒപ്പിട്ട് നാലാംദിവസമാണ് പൊലീസ് നിയമഭേദഗതി പിൻവലിക്കേണ്ടിവന്നത്. നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന് മുമ്പ് ഓർഡിനൻസുകൾ പിൻവലിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭരണകാലത്ത് 1966-ൽ സർക്കാർ ജീവനക്കാരുടെയും വൈദ്യുതിമേഖലാ ജീവനക്കാരുടെയും സമരം അടിച്ചമർത്താൻ കേരള അവശ്യസേവന പരിപാലന ഓർഡിനൻസ് (എസ്മ) നിലവിൽ വന്നിരുന്നു. ഈ ഓർഡിനൻസ് 1967 ഡിസംബറിൽ കെ.ആർ. ഗൗരിയമ്മ നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന് റദ്ദാക്കി. ആ ഓർഡിനൻസിന് 45 ദിവസംകൂടിയേ കാലാവധിയുണ്ടായിരുന്നുള്ളൂ. എന്നാൽ, അതിനുമുമ്പുതന്നെ ഓർഡിൻസ് റദ്ദാക്കണമെന്ന രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം കൊണ്ടുവന്നത്.