- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ ലക്ഷ്യമിട്ടുള്ള ഓർഡിനൻസിന്റെ വിധികർത്താവാകില്ല; ഓർഡിനൻസ് കണ്ട ശേഷം തീരുമാനം; നിമയപരമായി നീങ്ങാനാണ് സർക്കാർ തീരുമാനമെങ്കിൽ സ്വാഗതമെന്ന് ഗവർണ്ണർ; 20വരെ ആ ഭേദഗതി നിർദ്ദേശത്തിൽ രാജ്ഭവനിൽ നിന്ന് നടപടികളൊന്നും ഉണ്ടാകില്ല; ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കാൻ തന്നെ സാധ്യത; ചാൻസലർ സ്ഥാനം ഉടൻ സർക്കാരിന് കിട്ടില്ല!
ന്യൂഡൽഹി: സർവ്വകലാശാല ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്റെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ വിശദീകരിച്ചു.
ഇന്നലെയാണ് പതിനാല് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഗവർണറെ വെട്ടാൻ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. എന്നാൽ ഓർഡിനൻസ് അയയ്ക്കാൻ വൈകി. ഓർഡിനൻസിൽ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഓർഡിനൻസിൽ രാജ്ഭവന്റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ - അതാണ് സർക്കാർ തീരുമാനം.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തിയ്യതിയിൽ ധാരണയുണ്ടാക്കും. സഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഓർഡിനൻസിന്റെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ് ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ അയച്ചാൽ ബില്ലിൽ പ്രതിസന്ധിയുണ്ടാകും. അങ്ങനെ വന്നാൽ ബിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ പ്രശ്‌നമില്ലെന്നും വാദമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ബില്ലിന്റെ കാര്യത്തിൽ പലതരത്തിലുള്ള നിയമോപദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്. മന്ത്രിസഭായോഗത്തിൽ പങ്കെടുത്ത ചില മന്ത്രിമാർ ഓർഡിനൻസിൽ ഒപ്പിടാതിരുന്നതുകൊണ്ടാണ് അയയ്ക്കാൻ വൈകിയതെന്നാണ് ഔദ്യോഗികവിശദീകരണം.
ഏതായാലും കേരളത്തിലെ സർവ്വകലാശാലയിലെ ചാൻസലർ സ്ഥാനം ഉടനൊന്നും കേരള സർക്കാരിന്റെ പ്രതിനിധികൾക്ക് കിട്ടാനിടയില്ല. അതിനിടെ യുജിസി നിയമം ഭേദഗതി ചെയ്ത് ചാൻസലറുടെ നിയമനത്തിൽ ഇടപെടുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. അതുണ്ടായാൽ ചാൻസലറായി ഗവർണ്ണർമാർ തന്നെ എത്തുമെന്നും സൂചനകളുണ്ട്. ഇങ്ങനെ പലവിധ പ്രതിസന്ധികളിലൂടെയാണ് ചാൻസലർ വിവാദം കടന്നു പോകുന്നത്. എല്ലാ സാഹചര്യങ്ങളേയും കേരളം നിരീക്ഷിക്കുന്നുണ്ട്.
രാജ്ഭവനിൽ എത്തിയ ഓർഡിനൻസിൽ ഇനി ഗവർണർ മടങ്ങിയെത്തിയശേഷമേ തുടർനടപടിയുണ്ടാകൂ. ഇതിനിടെ നിയമസഭാ സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിന്റെ സാദ്ധ്യതകൾ സർക്കാർ പരിഗണിക്കുന്നു. ഡിസംബർ 5-ന് നിയമസഭാ സമ്മേളനം തുടങ്ങി ക്രിസ്മസ് അവധിക്ക് താൽക്കാലികമായി പിരിഞ്ഞശേഷം ജനുവരിയിലും തുടരാനാണ് ആലോചന. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തൽക്കാലത്തേക്ക് ഒഴിവാക്കാനാകും. വർഷാരംഭത്തിൽ ചേരുന്ന നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്നതാണ് കീഴ്‌വഴക്കം. 1990ൽ അന്നത്തെ നായനാർ സർക്കാരുമായി ഇടഞ്ഞ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ ഈ തന്ത്രമാണ് ഉപയോഗിച്ചത്. 1989 ഡിസംബർ 17ന് തുടങ്ങിയ സമ്മേളനം 1990 ജനുവരി രണ്ടുവരെ തുടർന്നു.
ജനുവരിയിൽ ചേർന്ന കഴിഞ്ഞനിയമസഭാ സമ്മേളനത്തിൽ ഗവർണർ സൃഷ്ടിച്ച പ്രതിസന്ധി സർക്കാരിനും സിപിഎമ്മിനും വലിയ തലവേദനയാണുണ്ടാക്കിയത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞാണ് അന്ന് ഗവർണർ ഉടക്കിട്ടത്. ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പിൽലോണ് അന്ന് ഗവർണർ വഴങ്ങിയത്. എന്നാൽ ഗവർണർക്ക് കൊടുത്ത ഉറപ്പ് പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു. സർവ്വകലാശാല ഓർഡിനൻസിൽ ഗവർണർ അതിൽ ഒപ്പിടുമെന്ന് സർക്കാർ കരുതുന്നില്ല. നിലവിലെ സാഹചര്യത്തിൽ നയപ്രഖ്യാപന പ്രസംഗത്തിലും ഗവർണർ ഒപ്പിടാൻ സാദ്ധ്യതയില്ല. ഈ പ്രതിസന്ധി ഒഴിവാക്കാൻ കൂടിയാണ് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള ആലോചന നടക്കുന്നത്.
ഓർഡിനൻസിനു പകരം ബിൽ അവതരിപ്പിക്കുമെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇന്നലെ രാവിലെ 10.30ന് ഓർഡിനൻസ് ലഭിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. പക്ഷേ, അതിനോടകം ഗവർണർ മുൻനിശ്ചയിച്ച പരിപാടിക്കായി തിരുവല്ലയിലേക്കു തിരിച്ചിരുന്നു. വൈകിട്ടോടെ ഡൽഹിയിലേക്കു യാത്രയായ അദ്ദേഹം ഈമാസം ഇരുപതിനേ സംസ്ഥാനത്തു മടങ്ങിയെത്തൂ. അതിനുശേഷമാകും വിഷയത്തിൽ തുടർനടപടി സ്വീകരിക്കുക. നിയമോപദേശം തേടിയ ശേഷമാകും അനന്തരനടപടികളിലേക്കു ഗവർണർ കടക്കുകയെന്നു രാജ്ഭവൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ