- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോടികളുടെ കശുവണ്ടി അഴിമതി കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്ക്കും; പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് കോടതിയില്‍ ഹാജറാകണം; അഴിമതി കേസില്‍ ഒളിച്ചു കളി നടത്തിയവര്‍ക്ക് തിരിച്ചടി
കോടികളുടെ കശുവണ്ടി അഴിമതി കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്ക്കും

കൊച്ചി: കേരളത്തിലെ കശുവണ്ടി വ്യവസായത്തെ തകര്‍ത്ത ശതകോടികളുടെ അഴിമതിക്കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച പിണറായി സര്‍ക്കാരിനും വ്യവസായ വകുപ്പ് സെക്രട്ടറിക്കും ഹൈക്കോടതിയുടെ വക എട്ടിന്റെ പണി. കേസില്‍ സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച കോടതി, അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു.
അഴിമതിക്കാരെ വെള്ളപൂശാന്‍ സര്‍ക്കാര്‍ കാട്ടുന്ന വ്യഗ്രതയെ കടന്നാക്രമിച്ച സിംഗിള്‍ ബെഞ്ച്, പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച മുന്‍ ഉത്തരവ് റദ്ദാക്കി. മെയ് 18-നകം സിബിഐയുടെ അപേക്ഷയില്‍ പുതിയ തീരുമാനമെടുക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം. ഇതിലും കളി തുടരാനാണ് ഭാവമെങ്കില്‍ മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടി വരും.
കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്ന വന്‍ അഴിമതിയില്‍ കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാന്‍ അനുമതി വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. എന്നാല്‍ 'ഇവിടെ അഴിമതിയേ നടന്നിട്ടില്ല' എന്ന വിചിത്ര വാദമുയര്‍ത്തി സിബിഐയുടെ പക്കല്‍ തെളിവില്ലെന്ന് പറഞ്ഞ് പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
ഈ 'ഒളിച്ചുകളി'ക്കെതിരെയാണ് ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, എന്തിനാണ് സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ മാറോടണയ്ക്കുന്നതെന്ന് കോടതി നേരത്തെ തന്നെ ചോദിച്ചിരുന്നു.
അതേസമയം അഴിമതിക്കെതിരായ പോരാട്ടം നടത്തുന്നെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ അഴിമതിക്കസിലെ പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നതെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് ചോദിച്ചത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന സിബിഐ ആവശ്യം സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിക്കുകയാണെന്നും അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഉത്തരവില്‍ രേഖപ്പെടുത്തേണ്ടതായിവരുമെന്നും നേരത്തെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സിബിഐ കുറ്റകാരെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാരിന് മാത്രം ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.


