കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത 544-ലെ പാലിയേക്കരയില്‍ ടോള്‍ പിരിക്കാനുള്ള സ്റ്റേ പിന്‍വലിച്ച് ഹൈക്കോടതി. എന്നാല്‍ ഉയര്‍ത്തിയ നിരക്കില്‍ പിരിക്കാനാകില്ലെന്നും പഴയ നിരക്കില്‍ മാത്രമേ ടോള്‍ പിരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കരുതെന്നാണ് കരാറുകാരനു കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം കോടതി കേസ് തീര്‍പ്പാക്കിയിട്ടില്ല. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കോടതി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ പ്രശ്നങ്ങളും വേഗത്തില്‍ തീര്‍പ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്തുമെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിക്ക് ഉറപ്പു നല്‍കി. ഇക്കാര്യത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവര്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

ടോള്‍ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനം കൈക്കൊണ്ടുകൂടേ എന്ന് കോടതി ദേശീയപാതാ അതോറിറ്റിയോട് നേരത്തെ ചോദിച്ചിരുന്നു. ജനം നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്. അതേസമയം ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും എന്നാല്‍ മാത്രമേ ദേശീയപാതയിലെ മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.

അനന്തമായി ടോള്‍ പിരിവ് തടയാന്‍ കോടതിക്ക് സാധിക്കില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ സ്റ്റേ നീക്കിയിരിക്കുന്നത്. സര്‍വീസ് റോഡുകള്‍ കുറ്റമറ്റതാണെന്ന് ജില്ലാ കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാലിയേക്കരയിലെ എല്ലാ പ്രശ്നങ്ങളും വേഗത്തില്‍ തീര്‍പ്പാക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പണികള്‍ നടക്കുന്നതിനാല്‍ തന്നെ സ്ഥിരമായ ബാരിക്കേഡിങ് സംവിധാനം ചെയ്യാന്‍ സാധിക്കില്ലെന്നും താത്കാലിക ബാരിക്കേഡിങാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ടോള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെയ്ക്കുന്നത് ശരിയല്ലെന്ന് കേന്ദ്രം നേരത്തെ തന്നെ കോടതിയില്‍ നിലപാടെടുത്തിരുന്നു. റോഡ് നിര്‍മാണം വേഗത്തില്‍ പോകുന്നുണ്ടെന്നും ആവശ്യമായ സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ഓഗസ്റ്റ് ആറു മുതലാണ് പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ എന്‍എച്ച്എഐയും കരാറുകാരും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. അതിനു ശേഷം ഒട്ടേറെ തവണ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിയും കരാറുകാരും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അടിപ്പാത നിര്‍മാണം മൂലമൂള്ള രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനു മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ദേശീയപാത അതോറിറ്റിക്കു വേണ്ടി ഹാജരായത്. ടോള്‍ പിരിവ് തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം 65 കിലോമീറ്റര്‍ ദേശീയപാതയില്‍ അഞ്ചു കിലോമീറ്ററില്‍ മാത്രമാണ് പ്രശ്‌നങ്ങളുള്ളതെന്ന് ചൂണ്ടിക്കാട്ടി. ടോള്‍ നിര്‍ത്തുന്നത് കരാര്‍ കമ്പനിയുമായുള്ള നിയമവ്യവഹാരം അടക്കമുള്ള കാര്യങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ന് കേസ് പരിഗണിച്ചപ്പോഴും സര്‍വീസ് റോഡിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ കോടതി ചൂണ്ടിക്കാട്ടി. റോഡില്‍ താല്‍ക്കാലിക ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം നിലവില്‍ സുഗമമാണെന്ന് ജില്ലാ കലക്ടറും അറിയിച്ചതോടെയാണ് ടോള്‍ പിരിവ് നിര്‍ത്തിവച്ചത് പുനരാരംഭിക്കാന്‍ കോടതി അനുമതി നല്‍കിയത്. ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാ ക്ലേശങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അതുപോലെ തന്നെ അടിപ്പാത നിര്‍മാണം നടക്കുകയും വേണമെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് ഈടാക്കാന്‍ അനുവദിക്കാനാവില്ല. കേസില്‍ തീര്‍പ്പാക്കുന്നില്ലെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യമായ സമയങ്ങളില്‍ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായിരുന്നില്ല. കടുത്ത ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് സര്‍വീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മേഖലയിലെ ഗതാഗത കുരുക്കും റോഡിലെ പ്രശ്‌നങ്ങളും തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചതിനാല്‍ ടോള്‍ പിരിവ് പാടില്ല എന്ന് കോടതി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ സമയം വേണമെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ ടോള്‍ പിരിവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. എന്നാല്‍ ടോള്‍ പുനസ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ല എന്ന് ഹര്‍ജിക്കാര്‍ പ്രതികരിച്ചു. അതേസമയം ടോള്‍ പിരിക്കാനുള്ള അനുമതി ഹൈക്കോടതി നല്‍കിയതില്‍ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.