- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ബ്രാഹ്‌മണര്‍ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം'; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ശരിവെച്ച് ഹൈക്കോടതി; തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹരജി തള്ളി ഡിവിഷന്‍ ബെഞ്ച്
'ബ്രാഹ്‌മണര്‍ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം'
കൊച്ചി: ബ്രാഹ്‌മണര്‍ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ശരിവെച്ച് കേരളാ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
പാര്‍ട്ട് - ടൈം ശാന്തി നിയമന ചട്ടങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വരുത്തിയ മാറ്റത്തെ എതിര്‍ത്തു കൊണ്ടായിരുന്നു അഖില കേരളാ തന്ത്രി സമാജം ഹര്‍ജി നല്‍കിയത്. എന്നാല്‍, ദേവസ്വം ബോര്‍ഡ് നടപടി നിയമപരമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ ഉത്തവുണ്ടായത്. ജാതി വിവേചനം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും ശാന്തി നിയമനം തന്ത്രി കുടുംബത്തിന്റെ പാരമ്പര്യ അവകാശം അല്ലെന്നുമുള്ള ദേവസ്വം ബോര്‍ഡിന്റെ വാദം, ജസ്റ്റിസുമരായ വി.രാജാവിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.
ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങള്‍ രൂപീകരിക്കാനുമുള്ള വൈദഗ്ധ്യം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഇല്ലെന്നും മാനദണ്ഡ തീരുമാനം റദ്ദാക്കണമെന്ന അഖിലകേരള തന്ത്രി സമാജത്തിന്റെ ഹരജിയും കോടതി തള്ളി. ശാന്തി നിയമനത്തില്‍ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് കോടതി വ്യക്തമാക്കി. 2024 ലാണ് ഇത് സംബന്ധിച്ച ഹരജി കോടതിയുടെ പരിഗണനയില്‍ വരുന്നത്.
അഖില കേരള തന്ത്രിസമാജത്തിന്റെ രണ്ട് ഭാരവാഹികളായിരുന്നു ഹരജിക്കാര്‍. ദേവസ്വം റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ച യോഗ്യതകള്‍ ഭരണഘടനാവിരുദ്ധമെന്നായിരുന്നു ഹരജിയിലെ പ്രധാനവാദം. ബ്രാഹ്‌മണ്യം ജന്മാധിഷ്ടിതമല്ല, ചാതുര്‍വര്‍ണ്യം ദൈവസൃഷ്ടിയാണ്. ഗുണകര്‍മ്മങ്ങളില്‍ അധിഷ്ടിതമാണെന്നാണെന്നാണ് ഹരജിക്കാര്‍ കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു.
താന്ത്രിക് വിദ്യാഭ്യാസം നല്‍കുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നല്‍കാനുമുള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡിനും (കെഡിആര്‍ബി) ഇല്ലെന്നാണ് അഖില കേരള തന്ത്രി സമാജം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023 ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയാണ് ചോദ്യം ചെയ്തത്.
എന്നാല്‍, ഈ വാദങ്ങള്‍ കോടതി തള്ളി. യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് ഭരണഘടനാപരമായ തുല്യത ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. പാരമ്പര്യത്തിനു മാത്രം പ്രാധാന്യം നല്‍കുന്നത് അംഗീകരിക്കാനാകില്ല. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അംഗീകാരത്തോടെയാണ് റിക്രൂട്ട്മെന്റ് ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പാക്കുന്നത്. തന്ത്രവിദ്യാലയങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നത് കുറ്റമറ്റരീതിയിലാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിനും പൊതുനയത്തിനും വിരുദ്ധമായ ആചാരങ്ങള്‍ക്ക് കോടതിയുടെ സംരക്ഷണം ഉണ്ടാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഈ നടപടികളില്‍ ഹര്‍ജിക്കാരിലൊരാള്‍ പങ്കെടുത്തിട്ടുണ്ട്. കെഡിആര്‍ബി തയാറാക്കിയ പാഠ്യക്രമത്തില്‍ വേദ ഗ്രന്ഥങ്ങള്‍, ആചാരങ്ങള്‍ മതാനുഷ്ഠാനങ്ങള്‍, ആരാധന രീതികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഠിപ്പിക്കുന്നത് യോഗ്യരായ പണ്ഡിതരും തന്ത്രിമാരുമാണ്. ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെയുള്ള കോഴ്‌സാണിത്. വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കു പ്രവേശനച്ചടങ്ങുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത് കര്‍ശനമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. ഇതിനുള്ള സമിതിയില്‍ പണ്ഡിതന്‍മാരെക്കൂടാതെ, പ്രശസ്തനായ തന്ത്രിയുമുണ്ട്. നിയമത്തിനു മുന്‍പ് ഇവരുടെ യോഗ്യതകള്‍ വീണ്ടും പരിശോധിച്ച് ഉറപ്പിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.
മനുഷ്യാവകാശങ്ങള്‍,സിവില്‍ അവകാശനിയമം, ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക സമത്വം എന്നിവ ലംഘിക്കുന്ന ആചാരങ്ങളെ ഭരണഘടനയ്ക്കു മുന്‍പുള്ളവയാണെങ്കില്‍ക്കൂടി അവയെ നിയമമായി അംഗീകരിക്കാനാവില്ല. അടിച്ചമര്‍ത്തുന്നതും പൊതുനയത്തെയോ ദേശത്തിന്റെ നിയമത്തെയോ താഴ്ത്തുന്നതോ ആയ ആചാര അനുഷ്ഠാനങ്ങള്‍ക്കു കോടതിയുടെ അംഗീകാരവും സംരക്ഷണം നല്‍കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഒരു വര്‍ഷത്തോളമായി ദേവസ്വം നിയമനങ്ങളുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. ഈ വിധിയോടെ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് അഡൈ്വസ് മെമ്മോയും പിറകെ നിയമനം നല്‍കാനും ദേവസ്വം ബോര്‍ഡിന് യാതൊരു തടസവുണ്ടാകില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023 ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയാണു ചോദ്യം ചെയ്തത്. പത്താംക്ലാസും ടിഡിബി, കെഡിആര്‍ബി എന്നിവര്‍ അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റ് എന്നതായിരുന്നു മാനദണ്ഡം.